scorecardresearch
Latest News

സീക്കോ മറഡോണ

” ആ പന്ത് വീണ്ടും കറങ്ങുകയാണ്, കാലുകളിൽ നിന്ന് കാലുകളിലേക്ക്. ജീവിക്കാനുള്ള ത്വരയുമായി സീക്കോ മറഡോണ സൗഹൃദക്കൂട്ടങ്ങളിൽ പാറി നടന്നു.” എ പി സജിഷ എഴുതിയ കഥ

A P Sajisha, Story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“നമുക്ക് ശ്രമിക്കാം. ഒരിക്കൽ അതിജീവിച്ചില്ലേ.” സി ടി സ്കാനിന്റെ റിസൾട്ട് കവറിലേക്ക് ഇടുന്നതിനിടയിൽ ആശ്വസിപ്പിച്ച്‌ കൊണ്ട് ഡോ. ശ്രീഹർഷൻ പറഞ്ഞു. പതിവ് ചിരികളൊന്നുമില്ലാതെ ഡോക്ടർക്ക് മുന്നിൽ അവൾ തല താഴ്ത്തി ഇരുന്നു.

“ഈ വേദനയും മാറുമെന്നു കരുതൂ.” അയാൾ തുടർന്നു.

“പുനർജനിയിലൊന്നും ഞാൻ വിശ്വസിക്കുന്നില്ല. പക്ഷെ , മരിച്ചാൽ എനിക്ക് ആകാശത്തിൽ മറയണം. മമ്മയെ പോലെ അർജന്റീനയുടെ ആകാശവും നീലയും ജേഴ്സിയിൽ ലയിച്ച് ലയിച്ച്…. ” സീക്കോ മാറഡോണ തല ഉയർത്തിക്കൊണ്ടു പറഞ്ഞു. പതിവ് നർമത്തിലേക്ക് മാറുന്ന അവളുടെ സംസാരം മടങ്ങിയെത്തിയതോടെ ശ്രീഹർഷൻ പൊട്ടിച്ചിരിച്ചു.

“ആരാണ് പറഞ്ഞത് ആകാശത്തിന് അർജന്റീനയുടെ നിറം മാത്രമേ ഉള്ളൂവെന്ന്. ഡച്ചു പട മൈതാനത്തു വിതറുന്ന സൗന്ദര്യം ഇല്ലേ. ആ ഭംഗി കാണാൻ സന്ധ്യക്ക് ആകാശം നോക്കൂ, ഹോളണ്ടിന്റെ ഓറഞ്ചു കാണാം. ഒത്തിരി മോഹിപ്പിച്ചു പെട്ടെന്ന് മറയുന്ന ഹോളണ്ടിനെ പോലെയാണ് സന്ധ്യാമ്പരം.” ഒരു ഡിഫൻഡറെ പോലെ ഡോക്ടർ തർക്കിച്ചു.

“മഴവില്ലിന്റെ നിറങ്ങളിൽ ഇറ്റലിയുടെ നീലയുണ്ട്, പോർച്ചുഗലിന്റെ ചുവപ്പുണ്ട്. ആഫ്രിക്കൻ കരുത്തുമായി നൈജീരിയയുടെ പച്ച പോലുമുണ്ട്…” അയാൾ തുടർന്നു.

“മരിച്ചവർ ആകാശത്തെക്ക് മറയുമെങ്കിൽ ബ്രസീലിന്റെ ഫാൻസ്‌ എന്ത് ചെയ്യും. അർജന്റീനയുടെ നീല ജേഴ്സി പൊതിയില്ലേ?” സീക്കോയുടെ സംശയം തീർന്നില്ല.

“ആഹാ നീയൊന്നു മഴവില്ലു നോക്കൂ, ഒളിഞ്ഞിരിപ്പുണ്ട് മഞ്ഞ.” അതിനുമുണ്ടായിരുന്നു ഡോക്ടർക്ക് മറുപടി.

“ജീവിച്ചിരിക്കുമ്പോ തന്നെ ഉയരങ്ങളിൽ ചിറക് വിരിക്കാൻ കഴിയുന്നവരാണ് മഞ്ഞക്കിളികൾ. അല്ലെങ്കിലും സീക്കോ, നീ ഒരു മഞ്ഞക്കിളി അല്ലേ?”

“നോ… നോ… ഞാൻ പാതി ബ്രസീലിയനും പാതി അർജന്റീനയുമാണ്.” ചിരിച്ചു കൊണ്ട് അവൾ പോകാൻ എഴുന്നേറ്റു.

ഒഫീഷ്യലി ആണെങ്കിലും സൗഹൃദ സദസിൽ ആണെങ്കിലും ഏതു വിഷമങ്ങളും മാറ്റാനുള്ള ആശ്വാസത്തിന്റെ ഒരു മരുന്ന് ശ്രീഹർഷന് ഉള്ളത് പോലെ അവൾക്ക് മുമ്പും തോന്നാറുണ്ട്. അവൾ പോകാൻ എഴുന്നേൽക്കുന്നതിനിടയിൽ ശ്രീഹർഷൻ ജനലിന്റെ കർട്ടൻ നീക്കി. ആകാശത്ത് കാർമേഘങ്ങൾ മൂടി വരുന്നു.

A P Sajisha, Story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

“ജർമനി” ആശങ്കയോടെ പറഞ്ഞു കൊണ്ട് അവൾ തിരിച്ചു നടന്നു.

ബ്രസീലിന്റെയും അർജന്റീനയുടേയുമെല്ലാം എത്ര സ്വപ്നങ്ങൾക്ക് മീതെ ജർമനി പേമാരിയായി പെയ്തു. ലയണൽ മെസിയുടെ കിരീട മോഹങ്ങൾക്ക് മീതെയും ആ കറുപ്പും വെള്ളയും ജേഴ്സി കാർമേഘം പോലെ പൊതിഞ്ഞു.

പ്രതീക്ഷയുടെ നീലാകാശങ്ങളെ മായ്ചു തന്റെ ജീവിതത്തിനു മുകളിലും ആശങ്കയുടെ കാർമേഘങ്ങളാണല്ലോ ഇപ്പോൾ മൂടുന്നത്. മരുന്നുകൾ വാങ്ങി അവൾ പാർക്കിങ്ങിന് അരികിലേക്ക് നടന്നു. പരിചയക്കാരനായ സെക്യൂരിറ്റി ചിരിച്ചെങ്കിലും അവൾ അയാളെ ശ്രദ്ധിച്ചില്ല. ഏതു നിമിഷവും പതിയിരിക്കുന്ന മരണത്തിന്റെ മുഖമാണ് മനസ് നിറയെ. കാർ പാർക്കിങ് ഏരിയയിൽ നിന്ന് റോഡിലേക്ക് കയറുമ്പോഴേക്കും മഴ പെയ്തു തുടങ്ങി.

ട്രാഫിക് ബ്ലോക്കുകളും കടന്നു ബീച്ച് റോഡിലൂടെ അവൾ കാർ വേഗത്തിൽ ഓടിച്ചു കൊണ്ടിരുന്നു. മുമ്പിൽ ഓരോ ഇലക്ട്രിക് പോസ്റ്റുകൾ കാണുമ്പോഴും അതിന്റെ മുകളിലേക്ക് കാർ ഇടിച്ചു കയറ്റാൻ അവൾക്ക് തോന്നി. അല്ലെങ്കിൽ റോഡിലെ ഡിവൈഡറുകൾ തകർക്കാൻ. ഒരപകട മരണത്തിലൂടെ ജീവിതം അവസാനിപ്പിക്കാനായിരുന്നു ആ നിമിഷം അവൾക്ക് തോന്നിയത്. പക്ഷേ, മരിച്ചില്ലെങ്കിൽ, കയ്യും കാലും ഒടിഞ്ഞു ആശുപത്രി മുറിയിൽ കടക്കുമ്പോൾ ആരുണ്ടാകും തനിക്ക്?

അപകട മരണത്തിനു പകരം തൂങ്ങി മരണത്തിലേക്ക് അവളുടെ മനസ് നീങ്ങി. ബ്രസീലിന്റെയും അർജന്റീനയുടെയും വിഖ്യാത താരങ്ങളുടെ പേരുള്ള, സീക്കോ മാറഡോണ ഇന്നിതാ മരിക്കാൻ പോകുന്നു.

അവൾ വീടിന്റെ ഗേറ്റ് കടന്നു. മഴ തോർന്നിട്ടില്ല. അകത്ത് സോഫയിലിരുന്നപ്പോഴേക്കും പരിക്കുകൾ വേട്ടയാടി സൈഡു ബെഞ്ചിലാവുന്ന കളിക്കാരനെ പോലെ അവൾ പൊട്ടിക്കരഞ്ഞു.

അല്ലെങ്കിലും സീക്കോ ഒരു മോഹ ശലഭമാണ്. വർണ ഭംഗിയോടെ പാറി നടന്നിട്ടും പൂർണതയിലെത്താതെ പോയ ശലഭം. എൺപതുകളിൽ ബ്രസീലിന്റെ ഫുട്ബാൾ മന്ത്രം. കളിയഴകിന്റെ മഴവില്ലു വിരിച്ചിട്ടും ലോക കപ്പിൽ മുത്തമിടാനാവാതെ പോയ സീക്കോ. യാദൃച്ഛികതയുടെ തനിയാവർത്തങ്ങളിൽ സ്വപ്നങ്ങളുടെ വാടിയ പൂക്കളുമായി ജീവിതത്തിൽ നിന്നസ്തമിക്കാൻ പോകുന്നു ഇന്ന് മറ്റൊരു സീക്കോ.

പോണ്ടിച്ചേരിയിൽ നിന്ന് സംഗീതം പഠിക്കാനെത്തിയതായിരുന്നു എലിസബത്ത് തോമസ്. എൺപതുകളുടെ ക്ഷുഭിത യൗവനത്തിൽ ക്യാംപസ് ഫുട്ബാൾ ടീം ക്യാപ്റ്റനായി ജയചന്ദ്രനും. സിരകളിൽ നിറയെ സാംബയുടെ താളം. ബ്രസീലിന്റെ എക്കാലത്തെയും മികച്ച സ്വപ്ന ടീമുകളിലൊന്ന് അയാളുടെ യുവത്വത്തിന് സുന്ദര ഫുട്ബോൾ സമ്മാനിച്ച്‌ കൊണ്ടിരുന്നു. സോക്രട്ടീസും ഫാൽക്കാവോയും സീക്കോയുമെല്ലാം വശ്യ സുന്ദര ഫുട്ബാളിന്റെ ബ്രസീലിയൻ പര്യായങ്ങളായി.

അവിടെയാണ് ഒരു മേഘമൽഹാർ പോലെ എലിസബത്തിന്റെ ശബ്ദം അയാളിലേക്ക് പെയ്തു തുടങ്ങിയത്. പഠനം തീരുമ്പോഴേക്കും അവളുടെ കൈ പിടിച്ചെത്തിയ അയാൾക്ക് മുന്നിൽ അച്ഛന്റെ പ്രതാപം പടിയടച്ചു. ചുവപ്പ് കാർഡ് കിട്ടി മൈതാനം നഷ്ടപെട്ടവനായി പൊടുന്നനെ ജയചന്ദ്രൻ. അതോടെ ഇരുവരും ദൂരെയൊരിടത്തു ജീവിതം നെയ്തു. അയാളുടെ സാംബയുടെ താളത്തിൽ അവളൊരു രാഗ മാലികയായി.

A P Sajisha, Story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

ഒരു കുഞ്ഞു വരുന്ന സന്തോഷമായിരുന്നു പിന്നെയവർക്ക്. അപ്പോഴേക്കും അതാ എത്തി 1986 ലോകകപ്പ്. എലിസബത്ത് ആദ്യമായി ശ്രദ്ധിച്ച ലോകകപ്പ് . ജയചന്ദ്രന്റെ ബ്രസീൽ അന്നൊരു ദുരന്ത കാവ്യമായി. പരിക്കുകൾ വേട്ടയാടി സബ്സ്റ്റിറ്റയൂട്ടായി മാത്രം സീക്കോ എന്ന പഴയ പടക്കുതിര വന്നു. ജയന്റെ വാഴ്ത്തുപാടലിലെ സീക്കോയുടെ മാന്ത്രികത എലിസബത്ത് കണ്ടില്ല.

വിജയ സാധ്യതകൾ കൊട്ടിയടച്ചു സീക്കോ അതാ ഫ്രാൻസിനെതിരെ ഒരു പെനാൽറ്റി പാഴാക്കുന്നു. സമനിലയിൽ കുരുങ്ങിയ മത്സരം പിന്നെ പെനാൽറ്റി ഷൂറ്റൗട്ടിലേക്ക്. ഭാവനാ സമ്പന്നമായ ബ്രസീലിയന് ക്യാപ്റ്റൻ സോക്രട്ടീസും ആദ്യ പെനാൽറ്റി പാഴാക്കി. വർഷങ്ങളോളം കാൽപ്പനിക ഫുട്ബാളിന്റെ വിസ്മയ ഭാവങ്ങൾ പകർന്ന സീക്കോയുടെയും സോക്രടീസിന്റെയും ബൂട്ടുകൾ തോൽവിയുടെ ഭാരം താങ്ങാനാവാതെ ഇടറി.

ആ ലോകകപ്പിൽ എലിസബത്തിന്റെ കണ്ണുകൾ ഉടക്കിയത് മറ്റൊരാളിലാണ്. ദൈവത്തിന്റെ കൈയുമായി ഗോളടിക്കുന്ന പത്താം നമ്പറുകാരൻ മാറഡോണ. അർജന്റീനയുടെ പേരിൽ എഴുതി വെച്ച് ആ ലോക കപ്പ് പടിയിറങ്ങി.

അൽപ നാളുകൾക്ക് ശേഷം എലിസബത്ത് പ്രസവിച്ചു. അയാൾ ആ കുഞ്ഞിനെ വിളിച്ചു സീക്കോ. എന്നാൽ, എലിസബത്ത് കണ്ട സീക്കോ ഒരു പരാജിതനായിരുന്നു. അതിനും മുമ്പ് സീക്കോയ്ക്ക് മാസ്മരികമായ ഫുട്ബാൾ വർഷങ്ങൾ ഉണ്ടെന്നു അവൾ അറിഞ്ഞില്ല. കുഞ്ഞിനു ഡീഗോ എന്ന പേര് വേണമെന്ന് അവൾ. അഭിപ്രായ ഭിന്നതയുടെ വേലിയേറ്റങ്ങൾക്കൊടുവിൽ മകൾക്ക് പേരിട്ടു, സീക്കോ മാറഡോണ.

എട്ടു വയസ് തികയും മുമ്പ് സീക്കോ ആദ്യമായി ലോകകപ്പ് കണ്ടു. 1994. അർജന്റീനയ്ക്ക് മീതെ കരിനിഴൽ പടർത്തി നിഷ്കാസിതനായി ഒരാൾ അതാ പുറത്ത് പോകുന്നു, ദൈവത്തിന്റെ കൈയുള്ള മാറഡോണ. ഉത്തേജക മരുന്നിന്റെ പിടിയിൽ മാറഡോണ പുറത്തായതോടെ അർജന്റീനയും പിന്നാലെ മടങ്ങി. ആ ലോകകപ്പ് ബ്രസീലിന്റെയായിരുന്നു. റൊമാരിയോ വാഴത്തപ്പെട്ടവനായപ്പോൾ ജൂണിലെ മഴയിൽ ജയചന്ദ്രനൊപ്പം സീക്കോയും തുള്ളിച്ചാടി.

വളരുംതോറും സീക്കോയ്ക്ക് മുന്നിൽ ഒറ്റ മതം മാത്രം വളർന്നു- ഫുട്ബാൾ. അവിടെയവൾ പുതിയ ദൈവങ്ങളെ കണ്ടു. അതിടയ്ക്ക് റിക്വൽമിയായി. മറ്റു ചിലപ്പോൾ ബാറ്റിഗോൾ ആയി, പിന്നെ റൊണാൾഡീഞ്ഞോയുടെ കരിയില കിക്കായി പൊഴിഞ്ഞു.

മഴ വേനലിനു വഴി മാറി. ജീവിത രാഗങ്ങൾ വെളുത്ത തുണിയിൽ മൂടിക്കെട്ടി എലിസബത്തും ജയചന്ദ്രനും ഒരിക്കൽ സീക്കോയുടെ മുന്നിലേക്ക് വന്നു. മുൻ ഭാഗം തകർന്നു അവരുടെ മാരുതി കാർ ഒരു സ്മാരകം പോലെ ആ വീടിനു മുന്നിൽ കിടന്നു. ജീവിതത്തിന്റെ രാഗവും താളവും പിഴക്കുന്ന അന്ന് അവൾക്ക് പ്രായം ഇരുപത്. സീക്കോ സങ്കടത്തിന്റെ കുരിശു ചുമന്നു .

പ്രിയപ്പെട്ട സീക്കോ, താങ്കൾ ഒരു പരാജിതനാണ്. വെളുത്ത പെലെ എന്ന വിളിപ്പേരുണ്ടായിട്ടും പൂർണത ഇല്ലാതെ പോയവൻ. ഇരുപത്തിനാല് വർഷം കാനറികൾക്ക് കിട്ടാക്കനിയായ കിരീട വരൾച്ചയിലായിപ്പോയി സീക്കോയുടെ ചിറകടി.

കാലങ്ങൾക്കിപ്പുറം സുരക്ഷിതത്വത്തിന്റെ ചിറകുകൾ കരിഞ്ഞു മറ്റൊരു സീക്കോ ഇവിടെയിതാ കണ്ണീർ വാർക്കുന്നു. പപ്പയുടെയും മമ്മയുടെയും ഓർമയുടെ മണമുള്ള ആ വീട്ടിൽ സങ്കടങ്ങളും സംഘർഷങ്ങളും കൂടി കുഴഞ്ഞു. ഭയപ്പെടുന്ന ഭാവിയോർത്ത് സീക്കോയുടെ മനസ് വെന്തു. ജീവിതത്തെ കുറിച്ചോർത്ത് നീറിയും ആശങ്കയുടെ കാട് കയറിയും നാളുകൾ പോയി. പൊടുന്നനെ ഒരു നിമിഷം തനിച്ചായി പോയ വേദനയുടെ ആഴങ്ങൾ അവൾക്ക് കൂടിക്കൂടി വന്നു. അനാഥത്വം പൊള്ളിച്ചു.

A P Sajisha, Story, iemalayalam
ചിത്രീകരണം : വിഷ്ണു റാം

സീക്കോ മരണത്തിലേക്ക് ചിറകു വിരിക്കാൻ കൊതിച്ച ഒരു മഞ്ഞക്കിളിയായി. ഫുട്ബോളിന് ദൈവങ്ങളുണ്ടെങ്കിൽ ആരാധകനെ ആത്മഹത്യകളിൽ നിന്ന് പിൻവലിക്കാനും അവർക്കു കഴിയും. സ്വയം തിരഞ്ഞെടുക്കുന്ന ആ വഴികൾ അടച്ചു കാൽപ്പനിക ഫുട്ബാളിന്റെ സമസ്ത ഭാവങ്ങളുമായി വാമോസ് വിളി മുഴങ്ങുന്നു. ഒരു കലാകാരനെ പോലെ മധ്യനിര അടക്കി വാഴാൻ ഇതാ ഒരാൾ വരുന്നു- യുവാൻ റോമൻ റിക്വൽമി. സീക്കോ വൻ കരകൾക്കപ്പുറമുള്ള സോക്കറിന്റെ രാജസൂയത്തിനു കാതോർത്തു .

സുന്ദര ഫുട്ബാളിന്റെ സമ്മോഹന രാഗങ്ങൾ പെയ്തിട്ടും അന്ന് അർജന്റീന ഒരു വിലാപ കാവ്യമായി. പെനാൽറ്റി ഷൂട്ടൗട്ട് എന്ന ദുർഭൂതം ജർമനിയുടെ രൂപത്തിൽ അവരെ വിഴുങ്ങി. പക്ഷെ, 2006 അസൂറിക്കളുടേതായി മാറി.

അന്ധമായ ആരാധനകൾക്ക് പകരം നല്ല ഫുട്ബാളിന്റെ നീക്കങ്ങളിലേക്ക് അവളുടെ കണ്ണുകൾ പരതി. കുറിയ പാസുകളുമായി ടികി ടാകാ യുഗം തന്നെ തീർത്ത സ്‌പെയിനിന്റെ മനോഹാരിതയല്ലേ തൊട്ടടുത്ത ലോകകപ്പ് കവർന്നത്. സീക്കോ പിന്നെ ക്ലബ് ഫുട്ബാളിന്റെ രാവുകളിലേക്കും മിഴി തുറന്നു. അവിടെയാണ് ബ്രസീലിന്റെ റൊണാൾഡീഞ്ഞോയും അർജന്റീനയുടെ ലയണൽ മെസിയും ഒരുമിച്ചു കൈകോർത്തത്.

അവിടെയാണ് കാറ്റലോണിയയുടെ തീ പിടിച്ച സമരകാഹളമായി ഇനിയേസ്റ്റയുടെയും സാവിയുടെയും അളന്നു മുറിച്ച പാസുകൾ വൻ കരകൾക്കപ്പുറമുള്ള മെസിയിലേക്ക് പന്ത് കൈമാറിയത്. അവിടെയാണ് വൻകരയുടെ അതിരുകളില്ലാതെ കാക്കയും ക്രിസ്ത്യാനോ റൊണാൾഡോയും റാമോസുമെല്ലാം റയലിന്റെ വെള്ള കുപ്പായത്തിൽ ബാഴ്‌സലോണയുമായി അങ്കം കുറിച്ചത് .

ഒരു ലോകം മുഴുവൻ ചുറ്റിക്കാനുള്ള ശേഷി ഒരു പന്തിനുണ്ടെന്നു അവൾ തിരിച്ചറിഞ്ഞു. റൊണാൾഡീഞ്ഞോയും ഇനിയെസ്റ്റയും സാവിയുമെല്ലാം ബൂട്ടുകൾ അഴിച്ചു. എന്നിട്ടും ആ പന്ത് വീണ്ടും കറങ്ങുകയാണ്, കാലുകളിൽ നിന്ന് കാലുകളിലേക്ക്. ജീവിക്കാനുള്ള ത്വരയുമായി സീക്കോ മറഡോണ എന്ന ആർക്കിടെക്ട് സൗഹൃദക്കൂട്ടങ്ങളിൽ പാറി നടന്നു.

ഏകാന്തത അകറ്റാനുള്ള അപാര മരുന്നും ഫുട്ബാളിനുണ്ടെന്നു അവൾ പിന്നെ തിരിച്ചറിഞ്ഞു. നിരാശയുടെ കൂച്ചു വിലങ്ങുകളുമായി അശനിപാതം പോലെ ഇതാ കാൻസറിന്റെ രൂപത്തിൽ മറ്റൊരു ദുരന്തം അവളെ പൊതിയുന്നു. തലമുടികൾ പൊഴിഞ്ഞു കീമോ വാർഡിൽ വേദനകൾ പൊഴിയുമ്പോൾ തനിക്ക് കൂട്ടായി ആരുണ്ടാകും. കൂട്ടുകാർക്കും ഉറ്റവർക്കുമെല്ലാം ബാധ്യതയായി എല്ലുന്തി ശോഷിച്ചു ശോഷിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാവാതെ താൻ ഇനിയും എത്ര വേദന തിന്നണം. ഒരു നിമിഷം. ഒരു നിമിഷത്തെ കയറിലെ പിടച്ചിലിൽ എല്ലാം അവസാനിപ്പിക്കണം.
സീക്കോ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഫോൺ റിങ് ചെയ്യുന്ന ശബ്ദം കേട്ട് അവൾ നോക്കി, ശ്രീഹർഷനാണ്.

“സീക്കോ നീയൊരു സ്‌പെഷ്യൽ സ്റ്റോറിയാണ്. ചാനലിൽ നിന്നു ഇപ്പൊ ആളെത്തും. ലോകകപ്പ് അല്ലേ വരുന്നത്.” സൈക്കോളജിക്കൽ മൂവ് മറച്ചു വെച്ച് ശ്രീഹർഷൻ പറഞ്ഞു.

ലോകകപ്പ് അരികിലെത്തിയത് അവൾ അപ്പോഴാണ് ഓർത്തത്. ചാനലുകാരന്റെ ബൈറ്റിനു മുന്നിൽ അവൾ നിന്നു. റിപ്പോർട്ടർ പറഞ്ഞു.

“ഇത് സീക്കോ മറഡോണ. അച്ഛൻ ബ്രസീൽ ഫാൻ. അമ്മ അർജന്റീനയും. അവ ലോപിച്ചു അവർ മകൾക്ക് പേരിട്ടു. സീക്കോ ഈ ലോക കപ്പിൽ ആരുടെ കൂടെ നിൽക്കും, ബ്രസീലിന്റെ കൂടെ? അല്ലെങ്കിൽ അർജന്റീനയുടെ കൂടെ?” അയാൾ ബൈറ്റ് നൽകാനായി അവൾക്ക് നേരെ മൈക്ക് നീട്ടി.

“മെസി ആകാശത്തേക്ക് വിരലുകൾ ഉയർത്തി ഗോളുകൾ ആഘോഷിക്കുമ്പോൾ നീലാകാശത്തിന്റെ മറവിൽ ഞാൻ എന്റെ മമ്മയെയും കാണും. മഞ്ഞക്കിളികൾ പന്ത് കൊത്തിയെടുക്കുമ്പോൾ ഓർമകളിൽ പപ്പയുടെ ചിറകടി ഉയരും. ഇത്തവണ ചിലപ്പോൾ ഞാൻ കീമോ വാർഡിലാവും. പക്ഷേ, എനിക്ക് ഫുട്ബാൾ കാണണം. അതാണെന്റെ ജീവമന്ത്രം. മരണത്തിലേക്ക് വീഴുമ്പോൾ പോലും കൈപിടിച്ചുയർത്തുന്ന ഹൃദയ മന്ത്രം.” ആവേശത്തോടെ സീക്കോ തുടർന്ന് കൊണ്ടിരുന്നു…

Stay updated with the latest news headlines and all the latest Literature news download Indian Express Malayalam App.

Web Title: A p sajisha short story zico maradona

Best of Express