കേരളത്തിലെ അടിയന്തരാവസ്ഥ തടവുകാര്‍ ചിരകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഒരിക്കല്‍കൂടി സമരം ആരംഭിക്കുവാന്‍ പോകുന്നുവെന്ന വാര്‍ത്തയാണ് ആരിയല്‍ ഡോര്‍ഫ്മാന്റെ (Ariel Dorfman) ‘എക്‌സോര്‍സൈസിംഗ് ടെറര്‍; ദ ഇന്‍ക്രെഡിബിള്‍ അണ്‍എന്‍ഡിംഗ് ട്രയല്‍ ഓഫ് ജനറല്‍ അഗസ്റ്റിനോ പിനോഷെ’ (Exorcising Terror: The Incredible Unending Trial of General Augusto Pinochet) എന്ന പുസ്തകത്തെ ഓര്‍മയിലെത്തിച്ചത്. ചിലെയിലെ സാല്‍വദോര്‍ അയന്തെയുടെ ഭരണത്തെ സൈനിക അട്ടിമറിയില്‍ പുറത്താക്കി ജനറല്‍ പിനോഷെ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് പലായനം ചെയ്ത ലക്ഷങ്ങളില്‍ ഒരാളായിരുന്നു എഴുത്തുകാരനായ ഡോര്‍ഫ്‌മാൻ. ഭരണകൂടം പൂര്‍ണ്ണമായും ഒരു പീഡന യന്ത്രമായി മാറുന്ന അസാധാരണ സ്ഥിതിവിശേഷത്തിന്റെ ലക്ഷണമൊത്ത മാതൃകയായിരുന്ന പിനോഷെ ഭരണത്തിന്റെ രക്തപങ്കിലമായ ചരിത്രം ഡോര്‍ഫ്മാന്റെ രചനകളിലെ ഇഷ്ട പ്രമേയങ്ങളിലൊന്നാണ്.
സേച്ഛാധിപത്യം മനുഷ്യരെ ആസൂത്രിമായി നിരന്തരം വേട്ടയാടുന്ന പ്രക്രിയ ഭരണകൂടങ്ങളുടെ മുഖമുദ്രയാവുന്നതിന്റെ ഭീതിദമായ സ്ഥിതി പിനോഷെയുടെ ചിലെയിലും, കരുണാകരന്റെ കേരളത്തിലും സമാനമായിരുന്നു. ഡോര്‍ഫ്‌മാന്റെ പുസ്‌കത്തിന്റെ സമര്‍പ്പണം നൃശംസമായ ആ കാലഘട്ടത്തിന്റെ ഹ്രസ്വമായ ഒരേടാണ്. ആ പുസ്തകത്തിന്റെ സമർപ്പണത്തിൽ ഇങ്ങനെ എഴുതുന്നു.
“ചിലെയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ സിമന്റെറിയോ ജനറല്‍* സന്ദര്‍ശിക്കുന്നവര്‍ക്ക് ‘ഓര്‍മ്മകളുടെ ചുവര്‍’ എന്ന സ്മാരകം കാണാം. ജനാധിപതൃം എന്റെ രാജൃത്തില്‍ തിരിച്ചു വന്നു കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം, അതായത് 1994 ഫെബ്രുവരിയിലാണ് അത് സ്ഥാപിച്ചത്. ജനറല്‍ അഗസ്റ്റൊ പിനോഷെയുടെ ഏകാധിപത്യത്തില്‍ – 1973 സെപ്തംബര്‍ 11 മുതല്‍ 1990 വരെ നീണ്ട കാലയളവില്‍ – സുരക്ഷാ സൈന്യം കുരുതി കൊടുത്ത നാലായിരത്തോളം ആളുകളുടെ പേരു വിവരങ്ങള്‍ അതില്‍ ആലേഖനം ചെയ്തിരിക്കുന്നു. എന്നാല്‍ 1002 സ്ത്രീ-പുരുഷന്മാരുടെ പേരിനു നേരെ അവരുടെ മരണതീയതി രേഖപ്പെടുത്തിയിട്ടില്ല. ആ കാലഘട്ടത്തിന്റെ കൂടെ മാഞ്ഞുപോയവരില്‍ ചിലരാണിവര്‍. അപ്രത്യക്ഷരായവര്‍. ഉറ്റവര്‍ക്കും, ഉടയവര്‍ക്കും ഇനിയും അവരുടെ ശവസംസ്‌ക്കാരം നടത്താനായിട്ടില്ല. മരണ തീയതി അറിയാതെ എങ്ങനെയാണ് മരണാന്തരക്രിയകള്‍ നടത്തുക.
Read More: സാന്റിയാഗോയിലെ സെമിത്തേരി മലയാളിയോട് പറയുന്നത്
ഈ ചുവരിന്റെ ശില്പികള്‍ അതിന്റെ വലിയൊരു ഭാഗം ഒഴിച്ചിട്ടിരിക്കുകയാണ്. ക്രൂരമായ സ്വേച്ഛാധിപതൃത്തിന്റെ ഓര്‍മകളിലും, ഭീതിയില്‍ നിന്നും പതിയെ മോചിതരാകുന്ന കുടുബാംഗങ്ങള്‍ അവരുടെ കാണാതായ പ്രിയപ്പെട്ടവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ക്കും എന്ന വിശ്വാസത്തിലാണ് ഈ ഒഴിച്ചിടല്‍. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കന്‍ ചിലെയിലെ കുന്നിന്‍ചെരുവകളിലെ മാപ്പുഷെ ഗ്രാമം ഞാന്‍ സന്ദര്‍ശിക്കാനിടയായി. സേച്ഛാധിപത്യത്തിന്റെ കാലത്ത് അവിടെ കൂട്ടക്കൊല ചെയ്തവരെപ്പറ്റി സംസാരിക്കുവാന്‍ ഇപ്പോഴും ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഭയപ്പെടുന്നു. പുറത്തു പറഞ്ഞാല്‍ എന്നെങ്കിലുമൊരുനാള്‍ പട്ടാളക്കാര്‍ മടങ്ങിയെത്തി പ്രതികാരം ചെയ്യുമെന്നാണ് അവരുടെ ഭയം. ഭീതിയുടെയും, മറവിയുടെയും മൂടല്‍മഞ്ഞില്‍ മറഞ്ഞുപോയ പേരുകള്‍ അങ്ങനെ ബാക്കിയുള്ളടത്തോളം ആ ചുവരെഴുത്തുകള്‍ ഒരിക്കലും പൂര്‍ത്തിയാക്കാനാവില്ല.
ഈ പുസ്തകത്തിന്റെ സമര്‍പ്പണം അഞ്ചു സുഹൃത്തുക്കള്‍ക്കാണ്. സാന്റിയാഗോവിലെ സെമിത്തേരിയിലെ ഓര്‍മകളുടെ ചുവരില്‍ കൊത്തിവെച്ച അഞ്ചു പേരുകാര്‍.
ഫ്രെഡി ടാബേര്‍ന
1973 ഒക്ടോബര്‍ 30-ന് സൈന്യം കൊലപ്പെടുത്തിയ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കാനായി കുടുംബത്തിന് വിട്ടു കൊടുത്തില്ല.
ഡയാന ആരോണ്‍
1974 നവംബര്‍ 18-ന് ചിലെയന്‍ രഹസ്യ പൊലീസിന്റെ വെടിയേറ്റ് പരിക്കുപറ്റിയ ഡയാന ആരോണിനെ വില്ല ഗ്രിമാല്‍ഡിയിലുള്ള പീഡന കേന്ദ്രത്തിലേയ്ക്ക് കൊണ്ടു പോയി. അവരുടെ ശരീരം ഇനിയും കണ്ടെടുക്കപ്പെട്ടിട്ടില്ല.
ഫെര്‍ണാഡോ ഓര്‍ട്ടിസ്
1976 ഡിസംബര്‍ 15-ന് അനേകം ദൃക്‌സാക്ഷികളുടെ മുമ്പാകെ ചിലെയന്‍ രഹസ്യ പോലീസ് അറസ്റ്റു ചെയ്തു. ഓര്‍ട്ടിസ് കസ്റ്റഡിയിലാണെന്ന കാര്യം അധികാരികള്‍ ഒരിക്കലും സമ്മതിച്ചിരുന്നില്ല. മധ്യ ചിലെയിലെ വിജനമായ കസ്റ്റ ബാരിഗ മലനിരകളിലെവിടെയെങ്കിലും അദ്ദേഹത്തിന്റെ ശരീരത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടേക്കാമെന്ന് 2001-ല്‍ സൈനികാധികാരികള്‍ സൂചന നല്‍കി. അപൂര്‍ണ്ണമായ ആ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയെ എല്ലുകളുടെ ഡി.എന്‍.എ പരിശോധനയുടെ ഫലം അവ ഓര്‍ട്ടിസിന്റേതായിരുന്നുവെന്നു സ്ഥിരീകരിച്ചു.
റോഡ്രഗോ റജാസ് ദെനേഗ്രി
1986 ജൂലൈ 2-ന് ഒരു കൂട്ടം സൈനികര്‍ ജീവനോടെ കത്തിച്ചതിനുശേഷം മരിച്ചുവെന്നു കരുതി സാന്റിയാഗോയിലെ ഓടയിലുപേക്ഷിച്ച റോട്രിഗൊ റോജാസ് ദെനേഗ്രി. 19വയസ്സ് മാത്രമുണ്ടായിരുന്ന ദെനേഗ്രി സാന്റിയാഗോ നാലു ദിവസത്തിന് ശേഷം ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
ക്ല്വാഡിയോ ജിമേനോ
1973 സെപ്റ്റംബര്‍ 11-ന് സാന്റിയാഗോയിലെ ലാ മൊണീടാ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഏകദേശം 30-വര്‍ഷത്തോളം അദ്ദേഹത്തെകുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. അന്നത്തെ പ്രസിഡന്റ് സാല്‍വദോര്‍ അയന്ദെയുടെ ഉപദേശകസമിതിയിലെ അനേകം പേരുടെ ശരീരങ്ങള്‍ പട്ടാള അട്ടിമറിയുടെ പിറ്റേന്നു ഡൈനമൈറ്റു ഉപയോഗിച്ച് ഛിന്നഭിന്നമാക്കിയതിന്റെ കൂട്ടത്തില്‍ ജിമേനോയും ഉണ്ടായിരുന്നുവെന്ന് പിന്നീടറിഞ്ഞു. അവരുടെ ശരീരത്തിലെ ഭീകരമായ മര്‍ദ്ദനത്തിന്റെ പാടുകള്‍ തിരിച്ചറിയാതിരിക്കുന്നതിനാണ് ഡൈനമിറ്റുപയോഗിച്ച് ശരീരങ്ങള്‍ ഛിന്നഭിന്നമാക്കിയത്. സൈനികകോട്ടയില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ എല്ലിന്റെ അവശിഷ്ടങ്ങളിലൊരെണ്ണം ക്ല്വാഡിയോടേതാണെന്നു തിരിച്ചറിഞ്ഞു.
ഓര്‍മകളുടെ ചുവരിനെന്നതുപോലെ ഈ പുസ്തകത്തിനും ഒരിക്കലും പൂര്‍ണമായ ഒരു സമര്‍പ്പണം അര്‍പ്പിക്കാനാവുകയില്ല. നാം ഇക്കാര്യം ഓര്‍ക്കണം. സൈനിക അട്ടിമറിയെ തുടര്‍ന്ന് ജോലിയും, പാര്‍പ്പിടവും നഷ്ടപ്പെട്ടവരുടെ, ആരോഗ്യ ഇന്‍ഷ്വറന്‍സ് പരിരക്ഷയും, പെന്‍ഷനും നഷ്ടപ്പെട്ടവരുടെ — അവരുടെ എണ്ണം 10 ലക്ഷം വരും — പേരുകള്‍ ഈ സ്മാരകശിലയില്‍ ഇല്ല. നഗരപ്രാന്തങ്ങളിലെ പാവപ്പെട്ടവരുടെ കോളനികളില്‍ നിന്നും ഒരോ രാത്രിയും കസ്റ്റഡിയിലെടുത്തു കൊണ്ടുവന്നതിനു ശേഷം ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സ്‌പോട്ട്‌ലൈറ്റുകളുടെ തെളിച്ചത്തില്‍ അവരുടെ അമ്മമാരും, ഭാര്യമാരും, കുട്ടികളും നോക്കി നില്‍ക്കെ നഗ്നരായി നിര്‍ത്തി പീഡിപ്പിക്കപ്പെട്ടവരുടെ പേരുകളും അതില്‍ ഇല്ല. അട്ടിമറിയെ തുടര്‍ന്ന് ചിലെയില്‍ നിന്നും പലായനം ചെയ്ത മൊത്തം ജനസംഖ്യയുടെ പത്തിലൊന്നാളുകളുടെ പേരുകളും ഓര്‍മകളുടെ ചുവരിലുണ്ടാവില്ല.
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരാള്‍, പേര് പരസ്യമാക്കാനാഗ്രഹിക്കാത്ത ഒരു മനുഷ്യന്‍, വിവരിച്ചതു പോലത്തെ അനുഭവവും ഒരിക്കലും ചുവരില്‍ കാണില്ല.
“എന്റെ കണ്ണുകള്‍ മൂടിക്കെട്ടി അവര്‍ എന്നെ നിലയറയിലേക്ക് കൊണ്ടുപോയി. എന്റെ വസ്ത്രങ്ങള്‍ വലിച്ചു കീറി, എന്റെ ശരീരം മാന്തിപ്പൊളിച്ച് അവര്‍ എന്നെ ഭല്‍സിച്ചു. കൂത്തിച്ചി മോനെ, നിന്നെപ്പോലുള്ള നായിന്റെ മക്കളെ ഞങ്ങള്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുകയെന്നു ഇനി നിനക്ക് മനസ്സിലാവും. അവരുടെ നഖങ്ങളില്‍ അഴുക്ക് കട്ട പിടിച്ചിരുന്നു. അഴുക്ക് പിടിച്ച നഖങ്ങളില്‍ നിന്നും എന്തെങ്കിലും അണുബാധയേല്‍ക്കുമോയെന്ന വിചിത്രമായ ഭയം എങ്ങനെയാണ് ആ സന്ദര്‍ഭത്തില്‍ എന്റെ മനസ്സില്‍ വന്നതെന്നു എനിക്ക് വ്യക്തമല്ല. രണ്ടാഴ്ചയിലധികമായി ഭക്ഷണം പോലും വേണ്ടത്ര കഴിക്കാതിരുന്ന എന്റെ ശരീരത്തില്‍ നിന്നും ഏറ്റവും വൃത്തഹീനമായ ഓടയെക്കാള്‍ ദുര്‍ഗന്ധം വമിച്ചിരുന്നു. എന്നിട്ടും അഴുക്ക് പിടിച്ച നഖങ്ങള്‍ എനിക്കു രോഗം വരുത്തുമെന്നു ഞാന്‍ ഭയന്നു. കൈകാലുകള്‍ ബന്ധിച്ച് എന്നെ കട്ടിലിനോടു ചേര്‍ത്തു കെട്ടുന്നതിനു മുമ്പായിരുന്നു അത്. തീതുപ്പുന്ന പ്രകാശത്തില്‍ ഒരു ബള്‍ബ് മുകളില്‍ കത്തുന്നണ്ടായിരുന്നു. എന്നിട്ട് അവര്‍ എന്റെ ദേഹത്ത് ഒരു വയര്‍ ഘടിപ്പിച്ചു. അതിന്റെ ഒരറ്റം എന്റെ ജനനേന്ദ്രയിത്തിലും. ആരോ പറഞ്ഞു. ഇനി അവനെക്കൊണ്ട് നമുക്ക് നൃത്തം ചെയ്യിപ്പിക്കാം. പാട്ടു പാടിപ്പിക്കാം. അവര്‍ എന്നെക്കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു. പാട്ടു പാടിപ്പിച്ചു.”
ഇല്ല. കൊടിയ പീഡനങ്ങളേറ്റുവാങ്ങിയ, അതിനെ അതിജീവിച്ച നൂറായിരം ആളുകളുയും അവരുടെ ഓര്‍മ്മകളും ഓര്‍മയുടെ ഒരു ചുവരിനും പൂര്‍ണ്ണമായും നിറയ്ക്കാനാവില്ല.
Read More: ഓർമ്മകൾ കുന്നുകയറുന്നു, ശാസ്തമംഗലം ക്യാംപിനെ കുറിച്ച് ഹരി പണിക്കർ
ഈ വരികൾ വരച്ചുകാണിക്കുന്നത് ചരിത്രത്തിലെ ഇരുണ്ടകാലത്തെയാണ്. ഈ വായന സമകാലത്തും ചില യാഥാർത്ഥ്യങ്ങളെ ചേർത്തു വായിക്കാൻ വായനക്കാർക്ക് വഴികാട്ടിയാകുന്നുണ്ട്.
.
* 20-ലക്ഷത്തിലധികം പരേതരെ അടക്കം ചെയ്തിരിക്കുന്ന സിമെറ്റിറയോ ജനറല്‍ ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ സെമിത്തേരികളിലൊന്നാണ്.