പത്തുവര്‍ഷം മുമ്പ് മുംബൈയിലെ താജ് ഹോട്ടലിനു മുന്നിലെ കൊച്ച് ഹോട്ടലില്‍ രണ്ടു രാത്രികള്‍ ഭീതിയുടെ മുള്‍മുനയില്‍ കഴിച്ചുകൂട്ടിയപ്പോള്‍ ഗോവിന്ദ് സിങ് കതായത്(40) എന്ന മനുഷ്യന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല, പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ഒരു ആണ്‍ കുഞ്ഞിന്റെ അച്ഛനാകുമെന്നും, അവന്റെ കളി ചിരികള്‍ കണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുമെല്ലാം. ഗോവിന്ദിന്റെ ജീവിതത്തെ കീഴ്‌മേല്‍ മറിച്ച സംഭവമായിരുന്നു അത്. 2008 നവംബര്‍ 16ന് മുംബൈയില്‍ നടന്ന ഭീകരാക്രമണത്തിന് സാക്ഷിയാകേണ്ടി വന്ന ഗോവിന്ദിന് നഷ്ടമായത് മനസ്സിന്റെ സമനിലയായിരുന്നു. വര്‍ഷങ്ങളെടുത്തു മനസ്സ് സ്വസ്ഥമാകാന്‍. “ഈ അവസ്ഥയിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് എന്റെ സങ്കല്‍പ്പത്തിൽ പോലും ഇല്ലായിരുന്നു,” ആക്രമണത്തിന് ശേഷമുള്ള തന്റെ ജീവിതം ഓര്‍ത്തെടുത്തുകൊണ്ട് ഗോവിന്ദ് ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
മുംബൈ ഭീകരാക്രമണ വാര്‍ത്തകളില്‍, അതിന്റെ ഭീകരതകളില്‍ ഒരു പക്ഷെ ഗോവിന്ദിന്റെ കഥ ആരും കാണാതെ പോയേക്കാം. പക്ഷെ ഗോവിന്ദിന്റേയും അദ്ദേഹത്തെ പോലുള്ള നൂറു കണക്കിന് ഇന്ത്യക്കാരുടേയും വ്യക്തിപരമായ അനുഭവങ്ങളും, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനം അതിശക്തമായ മാരകായുധങ്ങളുമായി പത്തു തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്ന മണിക്കൂറുകളില്‍ അവര്‍ കടന്നുപോയ മാനസികാവസ്ഥയും, ആക്രമണത്തിനു ശേഷമുള്ള അവരുടെ ജീവിതങ്ങളും പറയുമ്പോള്‍ മാത്രമേ അതിന്റെ ഒരു പ്രധാന വശം കൂടി പുറത്തുള്ളവര്‍ക്ക് മനസിലാകുകയുള്ളൂ. അത്തരത്തിലുള്ള പത്ത് ആളുകളുടേയും അവരുടെ കുടുംബങ്ങളുടേയും അനുഭവങ്ങളാണ് ’26/11 സ്റ്റോറീസ് ഓഫ് സ്‌ട്രെങ്ത്’ എന്ന പുസ്തകത്തിലൂടെ ദി ഇന്ത്യന്‍ എക്‌സ്പ്രസ് പുറം ലോകത്തോട് പറയുന്നത്.
പുസ്തകത്തിന്റെ അവതാരികയില്‍ അമിതാഭ് ബച്ചന്‍ എഴുതിയിരിക്കുന്നത് ഭീകരവാദത്തിനെതിരായ യുദ്ധത്തില്‍ മുഖ്യ പങ്ക് വഹിക്കുന്നത് അതിന്റെ പ്രഥമ ഇരകളും രാജ്യത്തിന്റെ 70 ശതമാനം വരുന്ന ആളുകളുമാണന്നാണ്.
“മിതവാദികള്‍ എന്ന നിലയില്‍ നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ശത്രുവിനെ അധിക്ഷേപിക്കുക എന്നത് ഒരിക്കലും വിജയമല്ല. പ്രതിരോധത്തിന്റെ ആദ്യ പാത എന്നത് ശത്രുവിനെ മനസിലാക്കലാണ്. ശത്രുവിനെ മനസിലാക്കണമെങ്കില്‍ നാം ആദ്യം സ്വയം മനസിലാക്കണം. നമ്മെ മനസിലാക്കാന്‍ ഒരിക്കലും നാം എന്തിനെയാണ് എതിര്‍ക്കുന്നത് എന്നല്ല ചോദിക്കേണ്ടത്. അതിനര്‍ത്ഥം നാം നമ്മുടെ ശത്രുക്കളുടെ ആശയങ്ങളാല്‍, അവരുടെ ശക്തിയാല്‍ നമ്മെ നിര്‍വചിക്കുന്നു എന്നാണ്. നമ്മെ മനസിലാക്കാന്‍ നാം എന്തിനു വേണ്ടിയാണ് നിലകൊള്ളുന്നത് എന്നാണ് മനസിലാക്കേണ്ടത്. നമുക്ക് ഒന്നിച്ചു നിന്നുകൊണ്ടേ നമ്മെ മനസിലാക്കാന്‍ കഴിയൂ. ഒരു കൂട്ടായ്മ എന്ന നിലയ്ക്ക് നമുക്ക് നമ്മളെ മനസിലാക്കണമെങ്കില്‍ അതിന് പരസ്പരം സംവദിക്കാനും, ചര്‍ച്ചകള്‍ നടത്താനും തര്‍ക്കിക്കാനും പരസ്പരം കേള്‍ക്കാനും, മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ മനസിലാക്കാനും, അതില്‍ ഏര്‍പ്പെടാനും, നമ്മുടെ തന്നെ ചിന്താരീതികളെ വെല്ലുവിളിക്കാനും പരസ്പരം അനുകമ്പയോടെ ബഹുമാനിക്കാനും ആദരിക്കാനുമെല്ലാം സമയം കണ്ടെത്തണം. അക്രമത്തിനും മരണത്തിനുമുളള ഉത്തരങ്ങള്‍ ഇവയാണ്.”
ഇന്ത്യന്‍ എക്‌സ്പ്രസിന്റെ കഴിഞ്ഞ പത്തുവര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍, പ്രത്യേകിച്ച് ‘സ്‌റ്റോറീസ് ഓഫ് സ്‌ട്രെങ്ത്’ പ്രൊജക്ടിന്റെ ഭാഗമായുള്ള കഴിഞ്ഞ രണ്ടുവര്‍ഷത്തെ റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍, മാധ്യമങ്ങള്‍ ആക്രമണ സ്ഥലങ്ങളെ ഉപേക്ഷിച്ചു പോന്നതിനു ശേഷമുള്ള, ഇരകളുടെ വളരെക്കാലമായി തുടരുന്ന പോരാട്ടങ്ങളുടേയും അതിജീവനത്തിന്റേയും സത്യസന്ധമായ കാഴ്ച അതില്‍ കാണാനാകും.
താജിലെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍, ധനലക്ഷ്മിയും(66) ഉണ്ണികൃഷ്ണനും(70), ആക്രമണത്തില്‍ തങ്ങളുടെ ഏക മകനെ നഷ്ടപ്പെട്ടപ്പോള്‍, ജീവിതത്തെ ആ ദുഃഖക്കയത്തിലേയ്ക്ക് വലിച്ചെറിഞ്ഞുകൊടുക്കാന്‍ തയ്യാറാകാതെ, രാജ്യം അതിന്റെ രക്തസാക്ഷികളെ വിലമതിക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള പോരാട്ടത്തിന്റെ പാതയിലേയ്ക്ക് തിരിയുകയാണ് ചെയ്തത്. തന്റെ മകന്റെ ജീവത്യാഗം എന്നെന്നും ഓര്‍മിക്കപ്പെടണം എന്ന ലക്ഷ്യത്തോടെ ആ മാതാപിതാക്കള്‍ ജീവിത യാത്ര തുടരുന്നു.
സന്ദീപ് ഉണ്ണികൃഷ്ണന്‍ മെമ്മോറിയല്‍ ട്രസ്റ്റിന് രൂപം നല്‍കുകയും ആരോഗ്യപരമായി അവശതകള്‍ നേരിടുന്നവര്‍ക്ക് സഹായമെത്തിക്കുകയുമാണ് അവര്‍ ആദ്യം ചെയ്തത്. പിന്നീട് സന്ദീപ് ഏറെ ആഗ്രഹിച്ചിരുന്ന ഒന്നിലേയ്ക്കാണ് അവര്‍ ശ്രദ്ധ തിരിച്ചത്. പഠിക്കാന്‍ കഴിവുണ്ടായിട്ടും അതിന് സാഹചര്യമനുവദിക്കാത്ത പെണ്‍കുട്ടികള്‍ക്ക് സഹായമെത്തിക്കുക എന്നതായി ട്രസ്റ്റിന്റെ അടുത്ത ലക്ഷ്യം.
“അവന്‍ ഇപ്പോളും ജനങ്ങളുടെ മനസിലുണ്ട്. അതിനുവേണ്ടി മാത്രമാണ് ഞങ്ങള്‍ ജീവിക്കുന്നത്,” പുസ്തകത്തില്‍ ധനലക്ഷ്മി പറയുന്നു.
ആക്രമണത്തെ അതിജീവിച്ച ഓരോരുത്തര്‍ക്കും ഓരോ കഥയാണ് പറയാനുള്ളത്. കോലാപൂരില്‍ നിന്നും മുംബൈയിലെത്തിയ സദാശിവ് സെന്‍ട്രല്‍ മുംബൈയില്‍ മുട്ട ബുര്‍ജി വില്‍പ്പനക്കാരനായിരുന്നു. ആക്രമണം നടന്ന ദിവസം പരുക്കേറ്റ സദാശിവ് മരണത്തെ മുഖാമുഖം കണ്ടാണ് ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. ജീവിതത്തെ പിടിച്ചുലച്ചെങ്കിലും മുംബൈ വിട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കാറാനും ജീവിതം ഒന്നില്‍ നിന്നു തുടങ്ങാനുമുള്ള സാമ്പത്തിക സ്ഥിതി ഇല്ലാത്തതിനാല്‍ അവിടെ തന്നെ തുടരുകയേ അദ്ദേഹത്തിന് നിവര്‍ത്തിയുണ്ടായിരുന്നുള്ളൂ. ഇപ്പോഴും മുംബൈയിലെ തെരുവില്‍ തന്നെയാണ് അദ്ദേഹം. കഷ്ടപ്പെട്ടാണെങ്കിലും മക്കളെ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ചേര്‍ത്തിരിക്കുന്നത് അവര്‍ക്കെങ്കിലും ഒരു നല്ല ജീവിതം കിട്ടുമെന്ന പ്രതീക്ഷയിലാണ്.
റെയില്‍വേ സ്റ്റേഷനില്‍ ആ രാത്രി ഉറ്റവരേയും ഉടയവരേയും നഷ്ടപ്പെട്ട നിരവധി പേരെ, പിന്നീട് റെയില്‍വേ തന്നെ പുനരധിവസിപ്പിക്കുകയും മാനുഷിക പരിഗണനയില്‍ അവര്‍ക്ക് ജോലി നല്‍കുകയും ചെയ്തു. ഇതില്‍ നിരവധി സ്ത്രീകള്‍ക്ക് കുടുംബത്തിന്റെ ആശ്രയമാകാന്‍ സാധിച്ചു എന്നു മാത്രമല്ല, കൂടുതല്‍ നല്ല സ്ഥാനങ്ങളിലേക്കെത്താനുള്ള പരീക്ഷകളെഴുതാനും സ്വയം മെച്ചപ്പെടുത്താനുമായി അവര്‍ പഠിക്കാനും തീരുമാനിച്ചു.
അന്ന് രാത്രി ഭീകരാക്രമണത്തില്‍ ഒബെറോയ് ഹോട്ടലില്‍ വച്ച് തന്റെ ഭര്‍ത്താവിനേയും ഏക മകളേയും നഷ്ടപ്പെട്ട കിയ സ്‌കെര്‍ പിന്നീട് ‘വണ്‍ ലൈഫ് അലയന്‍സ്’ എന്ന ഓര്‍ഗനൈസേഷന്‍ ആരംഭിക്കുകയായിരുന്നു. വെറുപ്പിനോടുള്ള പ്രതികരണം കൂടുതല്‍ വെറുപ്പല്ല എന്ന സന്ദേശം സമൂഹത്തിന് നല്‍കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മഹാരാഷ്ട്രയിലെ മഹാബലേശ്വറിന് സമീപമുള്ള കേദാംബെ ഗ്രാമത്തിലെ ആളുകളെക്കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. രക്തസാക്ഷി തുക്കര്‍ ഒംബ്ലെ ജനിച്ചു വളര്‍ന്ന നാടാണത്. അസിസ്റ്റന്റ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായ തുക്കറിന്റെ ധീരതയാണ് അജ്മല്‍ കസബിനെ പിടികൂടാന്‍ സഹായിച്ചതും, പാകിസ്താന്റെ ഗൂഢാലോചന തകര്‍ക്കാന്‍ കാരണമായതും. കേദാംബയില്‍ ഇന്നും അദ്ദേഹം ഒരു ശക്തിയായി തുടരുന്നു. കുട്ടികളെയും മുതിര്‍ന്നവരേയും പ്രചോദിപ്പിച്ചുകൊണ്ട് നിലനില്‍ക്കുന്നു.
“ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. 26/11 ന് ശേഷം പിന്നീട് 13 ഉദ്യോഗസ്ഥര്‍ ഈ ഗ്രാമത്തില്‍ നിന്നും ഉണ്ടായി. അതില്‍ ആറ് പേര്‍ മുംബൈയിലും നാല് പേര്‍ പുനെയിലും മറ്റുള്ളവര്‍ ഇന്ത്യന്‍ ആര്‍മിയിലും ബിഎസ്എഫിലുമാണ് സേവനം അനുഷ്ഠിക്കുന്നത്. അദ്ദേഹത്തിന്റെ ഈ സ്മാരകം ഞങ്ങളുടെ ഗ്രാമത്തിലെ യുവാക്കളെ എന്നും പ്രചോദിപ്പിക്കും,” പൊലീസ് ഉദ്യോഗസ്ഥനും തുക്കാറാമിന്റെ ബന്ധുവുമായ പ്രകാശ് ഓംബ്ലെ പറയുന്നു.
മുംബൈ ഭീകരാക്രമണത്തിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് പുറത്തിറക്കുന്ന ഈ പുസ്തകം ആക്രമണത്തെ അതിജീവിച്ചവരുടേയും അവരുടെ കുടുംബത്തിന്റെയും ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന്റെ കഥകളാണ് വിവരിക്കുന്നത്. ഓര്‍ക്കാപ്പുറത്ത് ജീവിതത്തില്‍ നിന്നും പ്രിയപ്പെട്ടവരെ തട്ടിയെടുത്തപ്പോള്‍ കടന്നു പോയ ഇരുണ്ട ദിനങ്ങളും പോരാട്ടങ്ങളുമാണ് ഓരോരുത്തരും പങ്കുവയ്ക്കുന്നത്. ദേഷ്യത്തെ അതിജീവിച്ചതിന്റെയും അക്രമത്തോട് മനുഷ്യത്വംകൊണ്ട് പ്രതികരിച്ചതിന്റേയും കൂടി കഥകളാണിത്.
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസിദ്ധീകരിച്ച പുസ്തകം അവതരിപ്പിച്ചിരിക്കുന്നത് ഫെയ്‌സ്ബുക്കാണ്