മലയാള സാഹിത്യത്തിലെ എന്നും പുതുമയുള്ള ജനകീയനായ വൈക്കം മുഹമ്മദ് ബഷീറിന് ഇന്ന് ഇരുപത്തിനാലാം ചരമദിനം. മലയാളത്തേയും മലയാളിയേയും ഭാഷയും കഥകളും കൊണ്ട് പ്രാദേശികമായി അടുപ്പിച്ച കഥാകാരനാണ് വൈക്കം മുഹമ്മദ് ബഷീര്‍. ചിരിയുടെ മുഖപടമണിഞ്ഞ് വേദനയുടെയും വികാരങ്ങളുടെയും കഥ പറഞ്ഞു ബഷീര്‍. പട്ടിണിക്കാരും ദിവ്യന്മാരും യാചകരും വേശ്യകളും പോക്കറ്റടിക്കാരും ക്രിമിനലുകളും വിഡ്‌ഢികളും ആനക്കാരും പ്രണയിനികളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും നിറഞ്ഞ ആ കഥാലോകം ജീവിതവും എഴുത്തും തമ്മിലുള്ള അടുപ്പത്തെപ്പറ്റിയും അകലത്തെപ്പറ്റിയും പറഞ്ഞുതരുന്നു.

എഴുത്തുകാര്‍ ചുറ്റുവട്ടങ്ങളെ വകഞ്ഞുമാറ്റി അപരിചിതമായ ലോക ജീവിതവും വിശേഷങ്ങളും പറഞ്ഞ് സ്വന്തം തട്ടകത്തില്‍നിന്നും ഭാവനയുടെ ആകാശം കേറുമ്പോള്‍ കൂടുതല്‍ പ്രാദേശികമായി അകത്തേക്കുചെന്ന് കാലാതിവര്‍ത്തിയായ ജീവിത വസ്‌തുതകളെ നേരില്‍പ്പിടിച്ചു എഴുതുകയായിരുന്നു ബഷീര്‍.

സര്‍വസാധാരണക്കാരന്റെ ഭാഷയും അവരുടെ ജീവിതംകൊണ്ടു സ്വന്തം രചനകളെ എല്ലാവരുടേതുമാക്കിത്തീര്‍ക്കാന്‍ ബഷീറിനു കഴിഞ്ഞു. ബഷീറിന്റെ കഥാപാത്രങ്ങള്‍ വായനക്കാരുടെ അയല്‍വാസികളോ പരിചിതരോ ഒപ്പമുള്ളവരോ ആകുന്നത് എഴുത്തിലെ ഇത്തരം സത്യസന്ധതകൊണ്ടാണ്.

പാത്തുമ്മയും ആടും നമുക്കടുത്തുകൂടി പോകുന്നതും പ്രേമലേഖനം നമ്മുടേതുകൂടി ആയിത്തീരുന്നതും ഈ നേരെഴുത്തുകൊണ്ടാണ്. എഴുത്തുകാര്‍ക്കു പെട്ടെന്നു വഴങ്ങാത്തതാണ് ലാളിത്യം. പലരും ലളിതമായി എഴുതിവരുമ്പോള്‍ കടുകട്ടി സാഹിത്യമാകുകയാണു പതിവ്. വാക്കുകളെ സാഹിത്യത്തില്‍ മുക്കാതെ പലര്‍ക്കും എഴുത്തുവരില്ല. അത്തരം എഴുത്തുമുടക്കത്തിനിടയിലാണ് ലളിതമായ ഭാഷയില്‍ സാധാരണക്കാരന്റെ വാക്കുകൊണ്ട് അസാധാരണ രചനകള്‍ ബഷീര്‍ നിർവ്വഹിച്ചത്.

1908 ജനുവരി 21ന് വൈക്കത്തെ തലയോലപ്പറമ്പിലാണ് അദ്ദേഹം ജനിച്ചത്. ആധുനിക മലയാളസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു. ജനകീയനായ എഴുത്തുകാരനായിരുന്നു ബ‍‍ഷീർ. പിതാവ് കായി അബ്‌ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ.

രസകരവും സാഹസികവുമായിരുന്നു ബഷീറിന്റെ ജീവിതം. സ്കൂൾ പഠനകാലത്ത്‌ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാൻ വീട്ടിൽ നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കാളവണ്ടി കയറി കോഴിക്കോടെത്തിയ ബഷീർ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി. ഗാന്ധിജിയെ തൊട്ടു എന്ന് പിൽക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിലായി. പിന്നീട്‌ ഭഗത് സിങ് മാതൃകയിൽ ഒരും സംഘമുണ്ടാക്കി. സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികൾ. ‘പ്രഭ’ എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്.

വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേ വർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവിൽ ബഷീർ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്‌തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം 9 വർഷത്തോളം നീണ്ട ഈ യാത്രയിൽ അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും – തീവ്ര ദാരിദ്ര്യവും, മനുഷ്യ ദുരയും നേരിട്ടു കണ്ടു. ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാർ മലയാളസാഹിത്യത്തിൽ വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയിൽ കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ കാണാം. 1994 ജൂലൈ 5ന് ബേപ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Literature news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ