ലോകത്തെ ഭയാശങ്കയിലാക്കിയ സിക വൈറസിന്രെ സാന്നിധ്യം ഇന്ത്യയിലും സ്ഥിരീകരിച്ചിരിക്കുകയാണ്. ലോകാരോഗ്യ സംഘടനയാണ് ഇന്നലെ ഇന്ത്യയില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരണം നൽകിയത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള ഒരു ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരിലാണ് സിക വൈറസ് കണ്ടെത്തിയത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ കണ്ടെത്തിയത്. രണ്ടാമത്തേത് നവംബറിലും തുടർന്ന് ജനുവരിയിൽ ഒരാളിലുമാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്. 64 വയസുകാരനായ രോഗിയിൽ കഴിഞ്ഞ ഫെബ്രുവരിയിലാണ് ആദ്യം വൈറസ് കണ്ടെത്തിയത്. പിന്നാലെ അഹമ്മദാബാദ് ബിജെഎംസി ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിയിൽ നവംബർ ഒമ്പതിനാണ് രണ്ടാമത്തെ വൈറസ് സ്ഥിരീകരിച്ചത്.
70 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ് സിക്ക വൈറസ് കണ്ടെത്തിയത്. ഡെങ്കിയും ചികുൻഗുനിയയും പരത്തുന്ന ഈഡിസ് ഈജിപ്തി വിഭാഗത്തിൽ പെട്ട കൊതുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗം ബാധിച്ച രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് എത്തുന്ന കൊതുകൾ രോഗത്തെ പകർത്തുന്നു. നവജാത ശിശുകൾക്കാണ് വൈറസ് ബാധ പെട്ടെന്ന് ഏൽക്കുന്നത്. 2400 കുട്ടികളാണ് സിക്ക വൈറസ് ബാധയിൽ ബുദ്ധിമാന്ദ്യവുമായി ബ്രസീലിൽ ജനിച്ചത്. ബ്രസീലിൽ അപൂർവ്വ രോഗം ബാധിച്ച് കുട്ടികൾ മരിക്കുന്നത് സ്ഥിരമായപ്പോഴാണ് സിക്ക വൈറസ് ബാധ സ്ഥിരീക്കരിച്ചത്.
സിക പനി ബാധിച്ച അമ്മമാര്‍ പ്രസവിയ്ക്കുന്ന കുഞ്ഞുങ്ങളുടെ തലയ്ക്ക് മിക്കവാറും 32 സെന്റീമീറ്ററില്‍ താഴെ ചുറ്റളവേ കാണൂ. ഇത്തരം കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലുമായിരിക്കും. ബ്രസീലില്‍ പൊട്ടിപ്പുറപ്പെട്ട സിക വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചത് ആശങ്കയുളവാക്കുന്നതാണ്.
വൈറസ് പടർത്തുന്ന കൊതുകിന്റെ കടിയേറ്റ നാലിൽ മൂന്നുപേർക്കും വൈറസ് ബാധയുണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം കൊതുകിന്റെ കടിയേറ്റാൽ മുന്ന് മുതൽ 12 ദിവസത്തിനകം സന്ധിവേദന, ചെറിയ പനി, തലവേദന, തടിപ്പ് എന്നീങ്ങനെ അസുഖത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. മിസൈൽ വേഗത്തിൽ പടർന്നു പന്തലിക്കുന്ന സികയെ എങ്ങനെ അകറ്റി നിർത്താമെന്നതിനെ കുറിച്ച് എല്ലാവരും ബോധവാന്മാരാകേണ്ടതുണ്ട്.
ഏറെ യാത്ര ചെയ്യുന്നവർ വൈറസിനെതിരെ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതുണ്ട്.യാത്ര ചെയ്യുന്നവർക്ക് ലക്ഷണങ്ങൾ കണ്ടാൽ ഏറ്റവും ആദ്യം ചെയ്യേണ്ടത് അടുത്തുള്ള അംഗീകൃത ഡയഗനോസ്റ്റിക് സെന്ററിൽ സമീപിച്ച് ഐജിഎം ആന്റീബോഡിയുടെ അളവ് പരിശോധിക്കുകയാണ്. വൈറൽ ഇൻഫെക്ഷൻ സംഭവിച്ചിട്ടുണ്ടോ എന്ന് ഇതിലൂടെ മനസിലാക്കാവുന്നതാണ്.
പ്രതിരോധമാണ് ചികിത്സയേക്കാൾ ഉത്തമം:
* വീടിന് ചുറ്റും കൊതുകുകൾ പെറ്റ് പെരുകുന്നതിനുള്ള സാഹചര്യം ഇല്ലാതാക്കുക
* പ്രഭാതം മുതൽ പ്രദോഷം വരെയുളള സമയത്ത് കൊതുക് കടി കൊള്ളാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൊതുകു കടിയിൽ നിന്ന് രക്ഷ നേടാനുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാം.
* സിക വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കും പ്രദേശങ്ങളിലേക്കും ഒഴിച്ചു കൂടാനാകാത്തതൊഴിച്ചുള്ള യാത്രകൾ ഒഴിവാക്കാം. പ്രത്യേകിച്ച് ഗർഭിണികൾ
* സിക വൈറസ് ബാധിച്ചതോ ബാധിക്കാൻ സാധ്യതയുള്ളതോ ആയ പ്രദേശം സന്ദർശിച്ച സ്ത്രീകൾ അതിന് എട്ട് ആഴ്ചകൾക്കുള്ളിൽ ഗർഭധാരണം നടത്തരുത്. ഇത്തരം പ്രദേശങ്ങൾ സന്ദർശിക്കുന്നതിന് എട്ട് ആഴ്ചകൾക്ക് മുൻപേയും ഗർഭധാരണം ഒഴിവാക്കാം.
* സിക്ക ബാധിച്ച/ബാധിക്കാൻ സാധ്യതയുള്ള രാജ്യങ്ങളോ പ്രദേശങ്ങളോ സന്ദർശിക്കുന്നവർ നിർബന്ധമായും കൊതുക് കടി പ്രതിരോധ വസ്തുക്കൾ(റെപെല്ലെന്റുകൾ, കൊതുകു വല, ശരീരം മുഴുവൻ മറയുന്ന വസ്ത്രങ്ങൾ) നിർബന്ധമായും കൂടെ കരുതണം.
* ഡയബറ്റിക്, ഉയർന്ന രക്തസമ്മർദ്ദം, ശ്വസന വൈകല്യം, പ്രതിരോധക്കുറവ് എന്നിവയുള്ളവർ വൈറസ് ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നുണ്ടെങ്കിൽ അതിന് മുൻപ് ഒരു ആരോഗ്യ വിദഗ്ധനോട് ഉപദേശം തേടിയതിന് ശേഷം മാത്രം പോവുക.
* വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്ന് തിരിച്ചു വന്നവർക്ക് രണ്ടാഴ്ചക്കുള്ളിൽ പനി ഉണ്ടായാൽ ഉടനെ വൈദ്യസഹായം തേടണം.