/indian-express-malayalam/media/media_files/BKIVJSElBlyS2ne1DaSQ.jpg)
ഫൊട്ടോ: ഫ്രീ പിക്
തണുപ്പുകാലം പൊതുവേ പനിയുടെ കാലമാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പലപ്പോഴും പ്രതിരോധ ശേഷി കുറഞ്ഞവരെ പനിയുടെ പിടിയിലാക്കുന്നു. മറ്റ് കാലാവസ്ഥകളിൽ നിന്നും വ്യത്യസ്തമായി മഞ്ഞുകാലത്ത് പനിയടക്കമുള്ള രോഗങ്ങളുടെ വൈറസുകൾ പെട്ടെന്ന് വ്യാപിക്കുന്നു. ഇപ്പോഴിതാ ഈ തണുപ്പുകാലത്ത് പുതിയ കോവിഡ് വകഭേദത്തിന്റെ വെല്ലുവിളി കൂടി നേരിടേണ്ടി വരുന്നു. ഇതിനെയെല്ലാം ഫലപ്രദമായി തടയാൻ നമുക്ക് രോഗപ്രതിരോധ ശേഷി കൂടിയേ തീരൂ. അത്തരത്തിൽ ശരീരത്തിന് പ്രതിരോധ ശേഷി നൽകുന്ന പ്രധാനപ്പെട്ട ഏഴ് ഭക്ഷണ പദാർത്ഥങ്ങൾ നിർദ്ദേശിക്കുകയാണ് ഹൈദരാബാദ് ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റൽസിലെ ക്ലിനിക്കൽ ഡയറ്റീഷ്യനായ ഡോ. ജി. സുഷമ കുമാരി.
പോഷക സമൃദ്ധവും, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നവുമായ ഭക്ഷണങ്ങൾക്ക് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കാനാകുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു. അത്തരത്തിലെ പ്രധാനപ്പെട്ട ഏഴ് ഭക്ഷണ പദാർത്ഥങ്ങൾ ഇതാ,
സിട്രസ് പഴവർഗ്ഗങ്ങൾ
സിട്രസ് പഴങ്ങളിൽ പ്രതിരോധ ശേഷിക്ക് ആവശ്യമായ വൈറ്റമിൻ സി അധികമായി അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റായ വെളുത്ത രക്താണുക്കളുടെയും ആന്റിബോഡികളുടെയും ഉദ്പാദനത്തിനും സിട്രസ് പഴങ്ങൾ സഹായകരമാണ്. ഇവയെല്ലാം തന്നെ രോഗപ്രതിരോധ ശേഷി കൈവരിക്കാൻ ഏറ്റവും അവശ്യമായ ഘടകങ്ങളാണ്.
ബ്രോക്കോളി
വിറ്റാമിൻ എ, സി, ഇ എന്നിവയും നാരുകളും അടങ്ങിയ പച്ചക്കറി വർഗ്ഗമാണ് ബ്രോക്കോളി. പ്രതിരോധ ശക്തിക്ക് ആവശ്യമായ
ആന്റിഓക്‌സിഡന് ധാരാളമായി അടങ്ങിയിരിക്കുന്ന സൾഫോറഫേൻ ബ്രോക്കോളിയിൽ നിന്നും ലഭിക്കുന്നു. ഒപ്പം തന്നെ വിറ്റാമിൻ കെ യും ബ്രോക്കോളി പ്രദാനം ചെയ്യുന്നു.
വെളുത്തുള്ളി
വെളുത്തുള്ളിയിൽ ആന്റിമൈക്രോബയൽ ഗുണങ്ങൾ ശരീരത്തിന് പ്രദാനം ചെയ്യുന്ന അലിസിൻ അടങ്ങിയിരിക്കുന്നു. അണുബാധയ്‌ക്കെതിരെ പോരാടാനുള്ള രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഇത് വലിയ രീതിയിൽ സഹായകരമാകും.
ഇഞ്ചി
ശരീരത്തിന് ഒട്ടേറെ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഇഞ്ചിയിൽ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഇഞ്ചിയുടെ ചൂടുള്ള പ്രഭാവം തണുപ്പ് കാലത്ത് ശരീരത്തിന് ആശ്വാസം നൽകുകയും ഒപ്പം പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുയും ചെയ്യുന്നു.
ചീര
വിറ്റാമിനുകളായ എ, സി എന്നിവയും വിവിധ ആന്റിഓക്‌സിഡന്റുകളാലും സമ്പന്നമായ ഇലവർഗ്ഗമാണ് ചീര. ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി നിലനിർത്തുന്നതിന് പ്രധാനമായ ഇരുമ്പും ചീരയിൽ അടങ്ങിയിരിക്കുന്നു.
തൈര്
ശുദ്ധമായ തൈര് പ്രോബയോട്ടിക്സിന്റെ ഉറവിടമാണ്, ഇത് കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഭക്ഷണ പദാർത്ഥമാണ്. ആരോഗ്യകരമായ കുടൽ മൈക്രോബയോമിലൂടെ ശക്തമായ രോഗപ്രതിരോധ ശേഷി ശരീരത്തിന് ലഭിക്കുന്നു.
നട്‌സും വിത്തുകളും
കായ്കളിലും വിത്തുകളിലും വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്, രോഗപ്രതിരോധ പ്രവർത്തനത്തിൽ ഒരു പങ്ക് വഹിക്കുന്ന ആന്റിഓക്‌സിഡന്റാണ് വിറ്റമിൻ ഇ. ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പുകളും ഇവയിലൂടെ ലഭിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us