ശാരീരിക ക്ഷമത മെച്ചപ്പെടുത്തി, മനുഷ്യശരീരത്തെ ആരോഗ്യത്തോടെ പരിപാലിക്കുന്നതിനുള്ള ഏറ്റവും നല്ല വിദ്യയാണ് യോഗ. മനുഷ്യശരീരത്തെ ബാധിക്കുന്ന രോഗങ്ങള്‍ക്ക് യോഗ മുറകളിലൂടെ ആശ്വാസം കണ്ടെത്താനാകും. ഒരു വ്യക്തിയുടെ മാനസിക, ശാരീരിക, ആത്മീയ തലങ്ങളെ ആരോഗ്യപരമായി പരിപാലിക്കാന്‍ യോഗയിലൂടെ സാധിക്കും.

ലോകമാസകലമുള്ള ലക്ഷക്കണക്കിന് ജനങ്ങളെ ബാധിച്ചിരിക്കുന്ന പ്രമേഹത്തെയും യോഗയിലൂടെ വരുതിയിലാക്കാം. ടൈപ്പ് വണ്‍, ടൈപ്പ് ടു എന്നിങ്ങനെ രണ്ട് തരത്തിലാണ് പ്രമേഹമുള്ളത്.

Read Also: യോഗ ലൊക്കേറ്റര്‍ ആപ്പുമായി ആയുഷ് മന്ത്രാലയം, ഉപയോഗിക്കേണ്ട വിധം

ടൈപ്പ് വണ്‍ പ്രമേഹം ചെറുപ്രായക്കാരിലാണ് കണ്ടുവരുന്നത്. ആഗ്നേയഗ്രന്ഥിയില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുന്ന ബീറ്റാ കോശങ്ങള്‍ക്കുണ്ടാകുന്ന കേടുപാട് കൊണ്ട്, ഇന്‍സുലിന്‍ ഉല്‍പാദനം കുറയുകയോ, ഇല്ലാതാവുകയോ ചെയ്യുന്നു. രക്തത്തിലെ ഗ്ലൂക്കോസിനെ ആഗിരണം ചെയ്ത്, പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ഇന്‍സുലിന്‍റെ അളവ് കുറയുന്നതാണ് ടൈപ്പ് വണ്‍ പ്രമേഹത്തിന് കാരണം. ഇന്‍സുലിൻ പുറമെ നിന്ന് ശരീരത്തിലേക്ക് എത്തിക്കുകയാണ് ഇതിനുള്ള പ്രതിവിധി.

Diabetes, ie malayalam

ശരീരത്തില്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ടെങ്കിലും വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ടൈപ്പ് 2 പ്രമേഹമുണ്ടാവുന്നത്. മുതിര്‍ന്നവരില്‍ കാണുന്ന ഈ ടൈപ്പ് ടു പ്രമേഹത്തിന്‍റെ പ്രധാനകാരണം താളംതെറ്റിയ ജീവിതശൈലിയാണ്. പാരമ്പര്യമായും ടൈപ്പ് ടു പ്രമേഹം ഉണ്ടാകാറുണ്ട്.

പാര്‍ശ്വഫലങ്ങളില്ലാത്തതിനാല്‍ ശരിയായ യോഗ പരിശീലനത്തിലൂടെ പ്രമേഹത്തെ വരുതിയിലാക്കാം. ജീവിതശൈലി പരിശീലകനായ ‘അക്ഷര്‍’ പ്രമേഹ രോഗികള്‍ക്കായ് ചില യോഗാസനങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്

സമസ്ഥിതി

Samasthithi yoga, ie malayalam
* പാദങ്ങള്‍ ചേര്‍ത്ത് നില്‍ക്കുക
* കൈകള്‍ താഴേയ്ക്ക് നിവര്‍ത്തി ശരീരത്തില്‍ സ്പര്‍ശിക്കാതെ അകലം പാലിച്ച് പിടിക്കുക
* പതുക്കെ കണ്ണുകള്‍ അടയ്ക്കുക
* ശരീരം പതുക്കെ അയയ്ച്ച് ശാന്തമാവുക
* സാവധാനത്തില്‍ ശ്വാസനിശ്വാസം ചെയ്യുക

സമകോണ്‍ ആസനം

Samakon aasan, yoga, ie malayalam
* സമസ്ഥിതിയില്‍ (കാലുകള്‍ അടുപ്പിച്ച് വച്ച്) നില്‍ക്കുക
* കൈകള്‍ നേരെ മുകളിലോട്ട് നീട്ടുക
* കൈകപ്പത്തി പരസ്പരം അഭിമുഖമായി പിടിച്ച് വിരലുകള്‍ ആകാശത്തിലേക്ക് നീട്ടിവയ്ക്കുക
* പതുക്കെ ശരീരത്തിന്‍റെ മുകള്‍ഭാഗം മുന്‍പോട്ട് കൊണ്ടുവരിക
* തറയ്ക്ക് സമാന്തരമായി ശരീരത്തിന്‍റെ മുകള്‍ഭാഗത്തെ കൊണ്ടുവരിക
* കാലുകള്‍ അതുപോലെ തന്നെ നിര്‍ത്തി പരമാവധി മുട്ട് വളയ്ക്കാതെ നില്‍ക്കുക
* തല, കഴുത്ത്, നട്ടെല്ല്, കൈകൾ ഇവ നേർരേഖയിൽ ഭൂമിക്കു സമാന്തരമായിരിക്കും
* ദൃഷ്ടി മുന്‍പോട്ട് ഉറപ്പിക്കുക
* 30 സെക്കന്‍ഡ് തല്‍സ്ഥിതി തുടരുക
* കൈകള്‍ ഉയര്‍ത്തുമ്പോള്‍ ശ്വാസമെടുക്കുക, മുന്‍പോട്ട് ശരീരം വളയ്ക്കുമ്പോള്‍ നിശ്വസിക്കുക

പദഹസ്താസനം

Padahastasana, yoga, ie malayalam
* സമസ്ഥിതിയില്‍ (കാലുകള്‍ അടുപ്പിച്ച് വച്ച്) നിന്ന് കൊണ്ട് തുടങ്ങുക
* ശ്വാസം പുറത്തേക്ക് വിട്ടുകൊണ്ട് ശരീരത്തിന്‍റെ മുകള്‍ഭാഗം വളച്ച്, മൂക്ക് കാല്‍മുട്ടില്‍ സ്പര്‍ശിക്കാത്തക്കവണ്ണം വളയ്ക്കുക
* കൈപ്പത്തി ഇരുകാലിന്‍റെയും വശങ്ങളില്‍ വയ്ക്കുക
* തുടക്കക്കാര്‍ക്ക് കാല്‍ മുട്ടുകള്‍ അല്‍പം വളയാന്‍ സാധ്യതയുണ്ട്, പരമാവധി നേരെ നിര്‍ത്തുക
* ഈ അവസ്ഥയില്‍ 30-40 സെക്കന്‍ഡ് തുടരണം.
* പൂര്‍വാവസ്ഥയിലെത്താന്‍, ശ്വാസം ഉള്ളിലേക്കെടുത്തുകൊണ്ട് ആദ്യം കൈകള്‍ സ്വതന്ത്രമാക്കുക. ശരീരം പതുക്കെ നേരെയാക്കുക. ശിരസായിരിക്കണം അവസാനം.

പശ്ചിമോത്താസനം

Paschimottanasana, ie malayalam
* കാലുകള്‍ നീട്ടി കൈകള്‍ ഉയര്‍ത്തിയിരിക്കുകയാണ് ഈ ആസനത്തിലെ ആദ്യസ്ഥിതി
* പതുക്കെ മുന്നോട്ട് കുനിഞ്ഞ് നെറ്റി കാല്‍മുട്ടില്‍ മുട്ടിക്കണം
* കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുമ്പോള്‍ ശ്വാസഗതി ഉള്ളിലേക്കും കുനിയുമ്പോള്‍ പുറത്തേക്കും ആയിരിക്കണം
* നട്ടെല്ല് വളയാതെ നേര തന്നെയായിരിക്കാന്‍ ശ്രദ്ധിക്കണം
* ശ്വാസം പുറത്തേക്ക് വിട്ട്, ശരീരത്തിന്‍റെ മുകള്‍ഭാഗത്തിന്‍റെ ബലം നീട്ടി വച്ചിരിക്കുന്ന കാലില്‍ കൊടുക്കുന്ന വിധത്തില്‍ വയ്ക്കുക
* കൈകള്‍ പതുക്കെ മടക്കി കാലിന്‍റെ തള്ളവിരലില്‍ പിടിക്കുക
* മൂക്ക് കൊണ്ട് കാല്‍ മുട്ടില്‍ തൊടാന്‍ ശ്രമിക്കുക
* 10 സെക്കന്‍ഡ് ഈ സ്ഥിതി തുടരുക
* പൂര്‍വ സ്ഥിതിയിലേക്ക് വരുമ്പോള്‍ ശ്വാസഗതി വിപരീത ഗതിയിലായിരിക്കുവാന്‍ ശ്രദ്ധിക്കണം

അധോമുഖശ്വാനാസനം

Adho Mukha Svanasana, yoga, ie malayalam
* പദഹസ്താസനത്തിലാണ് അധോമുഖശ്വാനാസനം തുടങ്ങുക
* രണ്ട് കാലും പുറകോട്ട് നീട്ടി വച്ച്, കൈമുട്ടും, കാല്‍മുട്ടും വളയ്ക്കാതെ അരഭാഗം ഉയര്‍ത്തി, ‘V’ തലകുത്തി നിര്‍ത്തുന്ന രീതിയില്‍ ശരീരം നിര്‍ത്തുക
* രണ്ട് കൈകളും തമ്മിലുള്ള അകലം അല്‍പം കൂട്ടുക, വിരലുകള്‍‌ മുന്‍പോട്ട് നിവര്‍ത്തി പിടിക്കുക
* ശരീരത്തിന്‍റെ ഭാരം കൈപ്പത്തിയിലേക്ക് കൊടുക്കുക
* ഉപ്പൂറ്റി കൊണ്ട് തറയില്‍ അമര്‍ത്തി ചവിട്ടുക
* കുറച്ച് സെക്കന്‍ഡ് ഈ സ്ഥിതിയില്‍ തുടരുക, ദൃഷ്ടി കാലിന്‍റെ തള്ളവിരലില്‍ ഉറപ്പിക്കണം

കപാലഭട്ടി, ഖണ്ഡ് എന്നീ പ്രാണായാമങ്ങള്‍ക്കൊപ്പം ഈ ആസനങ്ങള്‍ മുടങ്ങാതെ പരിശീലിക്കാന്‍ പ്രമേഹ രോഗികള്‍ സമയം കണ്ടെത്തണം. സൂര്യനമസ്കാരവും ചന്ദ്രനമസ്കാരവും പരിശീലിക്കുന്നതും നല്ലതാണ്. ശരീരവും മനസും പൂര്‍ണമായി അര്‍പ്പിച്ച്, സാവധാനത്തില്‍ ഈ രണ്ട് നമസ്കാരങ്ങളും ചെയ്യുന്നത് ശരീരത്തിനും മനസിനും ഗുണം ചെയ്യും. ഈ യോഗരീതികളും മുറകളും പിന്തുടരുന്നത് പ്രമേഹത്തില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല, മനസിന്‍റെയും ശരീരത്തിന്‍റെയും ആരോഗ്യം നല്ല രീതിയില്‍ നിലനിര്‍ത്താനും സഹായിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook