ന്യൂഡല്‍ഹി: പുരാണ കഥകളിലെ യതി എന്ന ഹിമമനുഷ്യന്റെ കാലടയാളങ്ങള്‍ കണ്ടെത്തിയതായി ഇന്ത്യന്‍ സൈന്യത്തിന്റെ വെളിപ്പെടുത്തല്‍. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്തായാണ് കാല്‍പ്പാടുകള്‍ കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ സേനയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടു.

ഏപ്രില്‍ ഒമ്പതിന് സേനയുടെ പര്‍വത നിരീക്ഷക സംഘമാണ് ഈ കാല്‍പ്പാടുകള്‍ കണ്ടതെന്നാണ് സേന അറിയിച്ചിരിക്കുന്നത്.
‘ഇതാദ്യമായി ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണ-നിരീക്ഷക സംഘം പുരാണകഥയിലെ ഭീകരരൂപിയായ യതിയുടെ നിഗൂഢമായ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരിക്കുകയാണ്. എല്ലാവരുടെയും കണ്ണുവെട്ടിച്ച് ഒളിച്ച് കഴിയുന്ന ഈ മഞ്ഞുമനുഷ്യനെ നേരത്തെ മകാലു-ബരുണ്‍ നാഷണല്‍ പാര്‍ക്കിന് സമീപത്ത് കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്’. കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ക്കൊപ്പം ട്വിറ്ററില്‍ സേന പുറത്തുവിട്ട വിവരങ്ങളാണിത്.

മകുല്‍ ബേസ് ക്യാംപിന് സമീപത്ത് നിന്നായി 32*5 ഇഞ്ചുള്ള കാലടയാളമാണ് കണ്ടെത്തിയതെന്നാണ് സേന ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. പ്രത്യേക തരത്തിലുള്ള മഞ്ഞുമനുഷ്യനാണിതെന്നും, ഭീതിപ്പെടുത്തുന്നതും വലിപ്പം കൂടിയതുമാണ് ഈ രൂപമെന്നുമാണ് നിരീക്ഷണം. പരമ്പരാഗത നേപ്പാളി വിഭാഗത്തില്‍പ്പെട്ടതാണ് ഇവ. രോമം നിറഞ്ഞതും ആള്‍ക്കുരങ്ങിനെ പോലെയാണ് ഈ രൂപമെന്നും ഇവര്‍ പറയുന്നു.

മെഹ്-ടെഹ്(മനുഷ്യ കരടി) എന്ന് പ്രാദേശികമായി അറിയപ്പെടുന്ന യതി, നേപ്പാള്‍, ടിബറ്റ് എന്നിവിടങ്ങളിലെ ഹിമാലയന്‍ പ്രദേശങ്ങളില്‍ ജീവിക്കുന്നു എന്ന് പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവിയാണ്. എന്നാല്‍ യതിയുടെ നിലനില്‍പ്പ് ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. ഇത് ഒരു സങ്കല്‍പം മാത്രമാണെന്നാണ് ശാസ്ത്രലോകം കണക്കാക്കുന്നത്.

മിക്ക പര്യവേഷണങ്ങളിലും ഇത്തരം കാല്‍പ്പാടുകള്‍ ഹിമക്കട്ടകളില്‍ കാണപ്പെട്ടതായി സൈന്യം പറയുന്നു. മുന്‍ കാലങ്ങളില്‍ പലരും ഇത്തരം കാഴ്ചകള്‍ കണ്ടതായി പറഞ്ഞിരുന്നു. എന്നാല്‍, ഇത് ഹിമക്കരടിയുടെതാണെന്നും, മറ്റ് മൃഗങ്ങളുടെതാണെന്നുമായിരുന്നു വിലയിരുത്തല്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook