‘ഹൊ! ഒന്നുറങ്ങാന്‍ പോലും സമയം തികയുന്നില്ല,’ എന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും പരാതി പറഞ്ഞിട്ടുള്ളവരാകും നമ്മളില്‍ ഏറെപ്പേരും. ജീവിതത്തില്‍ എല്ലാവര്‍ക്കും 24 മണിക്കൂറാണ്. എന്നിട്ടും ചിലര്‍ക്ക് ഉറക്കമില്ലെന്നു പരാതി. പക്ഷെ, ഈ ഉറക്കമില്ലായ്മയുടെ പ്രശ്‌നങ്ങള്‍ അത്ര ചെറുതല്ല. ലോക നിദ്രാദിനമായ ഇന്ന് ഉറക്കത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദഗ്ധർ സംസാരിക്കുന്നു.

കൃത്യമായ ഉറക്കം സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നു

കൃത്യസമയത്തിന് ആവശ്യമായ അളവില്‍ ഉറക്കം ലഭിക്കുന്നത് നിങ്ങളുടെ രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുകയും, ചര്‍മ്മ കാന്തി കൂട്ടുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഓര്‍മ്മശക്തിയും സര്‍ഗാത്മഗതയും വര്‍ദ്ധിപ്പിക്കുന്നു

ഓര്‍മ്മ എന്നത് പ്രധാനമായും മൂന്നു ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യം വിവരങ്ങളെ ആഗിരണം ചെയ്യും. പിന്നീടത് ഏകീകരിക്കും. പിന്നീട് ഓര്‍മ്മകളെ തിരിച്ചെടുക്കുക അഥവാ ഓര്‍മ്മിക്കുക. ആദ്യ രണ്ട് ഘട്ടങ്ങളും നടക്കുന്നത് ഉണര്‍ന്നിരിക്കുമ്പോഴാണെങ്കില്‍ വിവരങ്ങളുടെ ഏകീകരണം സംഭവിക്കുന്നത് ഉറക്കത്തിലാണ്. കൃത്യമായ ഉറക്കം കിട്ടിയില്ലെങ്കില്‍ മറവി കൂടാന്‍ സാധ്യതയുണ്ട്. നന്നായി ഉറങ്ങാന്‍ സാധിച്ചാല്‍ നന്നായി ജോലി ചെയ്യാനും സാധിക്കും.

പ്രതിരോധശേഷിയും കോശങ്ങളുടെ പ്രവര്‍ത്തനങ്ങളെയും മികച്ചതാക്കും

യൗവ്വനം നിലനിര്‍ത്താന്‍ ഏറ്റവും നല്ലവഴി ഉറക്കമാണെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. നന്നായി ഉറങ്ങുമ്പോള്‍ ശരീരത്തിലെ ജീവനില്ലാത്ത കോശങ്ങള്‍ നശിച്ചു പോകുകയും പുതിയ കോശങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലും ഉറക്കത്തിന് വളരെ പ്രാധാന്യമുണ്ട്.

മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഹൃദയത്തിന്റെ പ്രവര്‍ത്തനം രക്തയോട്ടം തുടങ്ങിയവയുടെ കാര്യത്തില്‍ ഉറക്കം അത്ര ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. മുറിവുണങ്ങുന്നതുവരെ ഉറക്കത്തെ ആശ്രയിച്ചാണത്രേ! ഉറക്കമില്ലായ്മ ഹൃദയത്തിന്റെയും വൃക്കയുടേയും ആരോഗ്യത്തെ ബാധിക്കും, സ്‌ട്രോക്ക്, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഏഴു മുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറക്കം ഒരു മനുഷ്യന് ആവശ്യമാണ്.

ഉറക്കക്കുറവ് ശരീരഭാരം വര്‍ദ്ധിപ്പിക്കും?

ഉറക്കമില്ലായ്മ ഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇതുമൂലം ശരീരഭാരം കൂടാനും സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ