ലോക കരള്‍ ദിനം! അങ്ങനെയും ഒന്നുണ്ട്. ഏപ്രില്‍ 19ന് അതായത് ഇന്നാണ് ആ ദിനം. ലോക ആരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് മരണകാരണമായ രോഗങ്ങളില്‍ പത്താം സ്ഥാനത്താണ് കരള്‍ രോഗം. ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന കരള്‍ മനുഷ്യ ശരീരത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അവയവമാണ്.

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ദഹനപ്രക്രിയയിൽ സഹായിക്കുന്ന പല അവയവങ്ങളിൽ ഒന്നു മാത്രമാണ് കരൾ.  കരൾ ഇല്ലായിരുന്നെങ്കിൽ ദഹനമല്ല മലയാള ചലച്ചിത്ര ശാഖയാണ് ഒരുപക്ഷേ നിന്നു പോവുക എന്ന കാഴ്ചപ്പാടിലൂടെയാണ് ജനം കരളിനെ കാണുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാല്‍ പ്രതിരോധ പ്രക്രിയയിലും അണുബാധ തടയുന്നതിലും ശരീരത്തിൽ കടന്നുകൂടുന്ന വിഷപദാർത്ഥങ്ങളെ ശുദ്ധീകരിക്കുന്നതിലും, ശരീരത്തിലെ കൊഴുപ്പും പഞ്ചസാരയുടെ അളവുമെല്ലാം നിയന്ത്രിക്കുന്നതിലും കരളിന്റെ പങ്കെന്താണെന്ന് കൂടുതല്‍ പേര്‍ക്കും അറിയില്ല.   വിവിധ രോഗങ്ങളെ പ്രതി നാം കഴിക്കുന്ന മരുന്നുകൾ അവയുടെ പ്രവർത്തനശേഷം നമ്മുടെ ശരീരത്തിലടിഞ്ഞുകൂടാതെ നോക്കലും കരളിന്റെ ജോലിയാണ്.

രണ്ടു ദശകങ്ങള്‍ക്ക് മുമ്പ് വരെ   കേരളത്തിലെ പൊതു ആരോഗ്യ വ്യവസ്ഥിതി ഏതാണ്ട് ലോക നിലവാരത്തിനൊപ്പം തന്നെ എത്തിയിരുന്നു. കേരള ജനതയുടെ ആയുര്‍ദൈർഘ്യം വര്‍ധിപ്പിക്കാനും ശിശുമരണ നിരക്ക് കുറയ്ക്കുവാനും മാതാവിന്റെ ക്ഷേമം വര്‍ദ്ധിപ്പിക്കുവാനും ഭരണകൂടം പരിശ്രമിച്ചു വിജയിച്ചിട്ടുണ്ടെന്ന് നമുക്ക് നിസംശയം പറയാന്‍ കഴിയും.

കേരള ജനതയുടെ പൊതുആരോഗ്യ അവബോധം ചരിത്രപരമായി അപഗ്രഥിച്ചാല്‍ നിലവാരമുള്ള ഭക്ഷണവിതരണം, ശുചിത്വം, പ്രത്യേകിച്ച് സ്ത്രീ സമൂഹത്തില്‍ ഉണ്ടായ ഉയര്‍ന്ന സാക്ഷരത, എന്നിവ അത് സൃഷ്ടിച്ചതിൽ മുഖ്യ പങ്കു വഹിച്ചിട്ടുണ്ട് എന്ന് മനസിലാക്കാൻ സാധിക്കും.

സാമൂഹികനീതിയും സമത്വവും അടിസ്ഥാനമാക്കിയുളള നല്ല ആരോഗ്യമാണ് ‘കേരള മോഡല്‍’ ആരോഗ്യത്തിന്റെ അടിസ്ഥാന തത്വം തന്നെ ലോകാരോഗ്യ സംഘടന തന്നെ പ്രകീർത്തിച്ചിട്ടുളളതാണ്. കേരളം ഇന്ന് വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ആരോഗ്യ കാര്യങ്ങളില്‍ ഏറെ പിന്നോട്ടു പോയിരിക്കുന്നു. മാറിയ ഭക്ഷണശീലങ്ങളും, ജങ്ക് ഫുഡുകളുടെ അമിത ഉപയോഗവും, വര്‍ധിച്ചു വരുന്ന മദ്യ ഉപഭോഗവും മൂലം ജീവിതശൈലി രോഗങ്ങളുടെ അഭൂതപൂര്‍വമായ വര്‍ദ്ധനവ് കേരളത്തെ ഇന്ന് വലിയ ആരോഗ്യ പ്രതിസന്ധിയിലേക്ക് തള്ളി വിടുകയാണ്. കേരളീയർ സാമ്പത്തികമായി കൈവരിച്ച ഉന്നതി, ജീവിത ശൈലി മാറ്റങ്ങള്‍, ഫാസ്റ്റ് ഫുഡ് ഭക്ഷണസംസ്‌കാരം, കൃത്രിമ ഭക്ഷണശീലങ്ങള്‍ എന്നിവ മൂലം പൊണ്ണത്തടി, പ്രമേഹരോഗ സാധ്യത എന്നിവ കാരണം ഫാറ്റി ലിവര്‍ മൂലമുള്ള രോഗങ്ങള്‍ കേരള ജനതയില്‍ സര്‍വസാധാരണമാകുവാന്‍ കാരണമായി.

പ്രവാസികൾ നമ്മുടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിച്ചെങ്കിലും, ഇത് പരോക്ഷമായി നമ്മുടെ ജീവിതശൈലിയിൽ മാറ്റംവരുത്തിയെന്നത് വസ്തുതയാണ്. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളീയരുടെ ഇടയില്‍ വര്‍ധിച്ചു വരുന്ന അലസമായ ജീവിത ശൈലിയും വ്യായാമത്തിന്റെ അഭാവവും ഇതിനൊപ്പം ഉയർന്ന മദ്യ ഉപഭോഗവും മൂലം കേരളീയരുടെ ഇടയില്‍ വലിയ വിഭാഗത്തിനും കരള്‍ രോഗ സാധ്യത ഉണ്ടെന്ന വസ്തുത വിസ്മരിക്കാനാവില്ല. ഇത് മൂലം നമ്മുടെ പൊതു ആരോഗ്യ സ്ഥിതിയുടെ അപചയത്തിനും നമ്മുടെ പല അവയവങ്ങള്‍ക്കും ആരോഗ്യം നഷ്ടമാകുന്നതിന് വഴിയൊരുക്കുന്നു.

നമ്മുടെ തെറ്റായ ജീവിതശൈലി മൂലം പല തരത്തിലുള്ള രോഗങ്ങളുടെ ആക്രമണം നമ്മുടെ കരളിനുണ്ടാകുന്നു. ഹൃദയമോ, മസ്തിഷ്‌കമോ പോലെതന്നെ അത്യന്തം ശ്രദ്ധ വേണ്ട അവയവമാണു കരള്‍. ജീവന് ആവശ്യംവേണ്ട അഞ്ഞൂറിലധികം അതിസങ്കീര്‍ണ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കരള്‍ നടത്തുന്നുണ്ട്. രക്തം ശുദ്ധീകരിക്കല്‍, അരിക്കല്‍, വിഷ പദാര്‍ഥങ്ങളുടെ വേർതിരിക്കലും പുറന്തളളലും തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കരള്‍ ചെയ്യുന്നു. നമ്മുടെ കരളിന്റെ 75 ശതമാനം നീക്കം ചെയ്യപ്പെട്ടാലും അത് വളര്‍ന്ന് പൂര്‍വ്വ സ്ഥിതി പ്രാപിക്കാനുള്ള അത്ഭുത സിദ്ധി നമ്മുടെ കരളിനുണ്ട്. എന്നാല്‍ ഇന്ന് ഫാറ്റി ലിവര്‍ പോലുള്ള അസുഖങ്ങള്‍ സര്‍വ സാധാരണമായിരിക്കുന്നു. മദ്യപാനം മൂലമുള്ളവയും അല്ലാത്തവയുമായ ഫാറ്റി ലിവര്‍ പ്രശ്‌നങ്ങള്‍ ഇന്ന് നിലവില്‍ ഉണ്ട്.

എന്താണ് ഫാറ്റി ലിവര്‍ രോഗം?

ആഗോള ജനസംഖ്യയുടെ ഏതാണ്ട് 25% ജനങ്ങളും ഫാറ്റി ലിവര്‍ രോഗം മൂലമുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ്. മദ്യപാനം മൂലമല്ലാത്ത തെറ്റായ ഭക്ഷണ രീതി കൊണ്ടുണ്ടാകുന്ന ഫാറ്റി കരള്‍ രോഗമാണ് ഇവരില്‍ കൂടുതലായും കണ്ടു വരുന്നത്. മദ്യം കഴിക്കുന്നവരിലും അല്ലാത്തവരിലും ഫാറ്റി ലിവര്‍ കണ്ടു വരുന്നുണ്ട്. നമ്മള്‍ കഴിക്കുന്ന ജങ്ക് ഫുഡില്‍ അടിഞ്ഞു കൂടിയിരിക്കുന്ന പൂരിത കൊഴുപ്പ് നമ്മുടെ കരളില്‍ അടിഞ്ഞു കൂടാനും തന്മൂലം ഫാറ്റി ലിവര്‍ വരാനും കാരണമാകുന്നു.

പരമ്പരാഗതമായ രീതിയില്‍ നിന്നും വ്യത്യസ്തമായ തെറ്റായ ഭക്ഷണ ശീലങ്ങള്‍, അശ്രദ്ധമായ ജീവിത ശൈലി, ജനിതക കാരണങ്ങള്‍ എന്നിവ മൂലവും കരള്‍ രോഗങ്ങള്‍ ഇന്ന് വര്‍ധിക്കാന്‍ ഇടയാക്കുന്നു. ഉയരുന്ന മദ്യപാന ശീലവും നിയന്ത്രിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. ഉയര്‍ന്ന പ്രമേഹരോഗ അനുപാതവും കേരളീയര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന കരള്‍ രോഗത്തിന് ഒരു കാരണമാണ്. കര്‍ശന ഭക്ഷണ നിയന്ത്രണവും കൃത്യമായ വ്യായാമവും അതോടൊപ്പം മദ്യപാന ശീലം ഉപേക്ഷിക്കുകയും ചെയ്താൽ​ വലിയ അളവ് വരെ കേരളീയര്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന കരള്‍ രോഗങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും.

ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളെ അപേക്ഷിച്ച് കേരളത്തിലെ യുവജനങ്ങൾ മുപ്പതു വയസ് കഴിയുമ്പോള്‍ തന്നെ കരള്‍ രോഗങ്ങള്‍ക്ക് അടിപ്പെടുന്ന അവസ്ഥാവിശേഷമാണ് സംജാതമായിട്ടുള്ളത്. ആരോഗ്യമുളള​ ജനതയെ വാര്‍ത്തെടുക്കാനുള്ള ബോധവല്‍ക്കരണം കോളേജ് കാമ്പസുകളില്‍ നിന്നു തന്നെ നമ്മൾ തുടങ്ങേണ്ടിയിരിക്കുന്നു.

കേരളത്തിലെ ഉയർന്ന മദ്യ ഉപഭോഗം ലോകമാധ്യമ ശ്രദ്ധ തന്നെ ആകർഷിച്ചിരുന്നു. ബിബിസി കേരളത്തിലെ ഉയർന്ന മദ്യ ഉപഭോഗത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. 2010-12 കാലത്ത് ഇന്ത്യയിൽ ഏറ്റവും ഉയർന്ന മദ്യ ഉപഭോഗസംസ്ഥാനമായി കേരളം എന്ന് റിപ്പോർട്ട് വന്നത്. കേരളത്തിൽ ബാറുകൾ അടച്ചിട്ട 2014-16 കാലത്ത് മദ്യ ഉപഭോഗത്തിൽ ഗണ്യമായ കുറവുണ്ടായി. എന്നാൽ അടുത്തകാലത്ത് മദ്യ ഉപഭോഗത്തിൽ കാര്യമായ വർധനയാണ് കാണുന്നത്.

മദ്യപാനമല്ലാതെ ഭക്ഷണ രീതികൊണ്ടും ആരോഗ്യകരമല്ലാത്ത ജീവിത രീതികൊണ്ടും വരുന്ന കരള്‍ രോഗങ്ങള്‍ വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. നിങ്ങള്‍ വ്യായാമം ചെയ്യുന്നതിനേക്കാൾ അധികമായി ഭക്ഷണം കഴിക്കുമ്പോള്‍ കൂടുതല്‍ കൊഴുപ്പ് കരളില്‍ അടിയുന്നു. ഇത് കരള്‍ വീക്കത്തിന് കാരണമാകുന്നു. കരളിന്റെ ഘടനയും പ്രവര്‍ത്തനവും ക്രമം തെറ്റുകയും കൃത്യമായ ചികിത്സ നല്‍കാതിരിക്കുന്നതിലൂടെ ഇത് ലിവര്‍ സിറോസിസ് എന്ന അസുഖത്തിലേക്ക് എത്തുകയും ചെയ്യുന്നു. പിന്നീട് കരള്‍ മാറ്റിവയ്ക്കുക എന്നതുമാത്രമാണ് രോഗിയെ രക്ഷിക്കാനുള്ള ഏക പോംവഴിയായി മാറുക..

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് (NAFLD) ജീവിതശൈലികൊണ്ടു മാത്രം സംഭവിക്കുന്നതല്ല. പരമ്പരാഗതമായും ഈ അസുഖം വരാം. പിഎന്‍പിഎല്‍എ3 പോലുള്ള ജീനുകളും ഇതിന് കാരണമാകാം. പാശ്ചാത്യ രാജ്യങ്ങളെക്കാള്‍ കൂടുതൽ ഏഷ്യന്‍ രാജ്യങ്ങളിലുള്ളവരിലാണ് നിര്‍ഭാഗ്യവശാല്‍ കരള്‍ രോഗങ്ങള്‍ക്കും പ്രമേഹത്തിനും കാരണമായ ജീനുകള്‍ കാണപ്പെടുന്നത്.

കരള്‍ രോഗങ്ങള്‍ നിശബ്ദ കൊലയാളികളാണ്

കരള്‍ രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ അൽപ്പം ബുദ്ധിമുട്ടാണ്. തുടക്കത്തില്‍ യാതൊരു സൂചനയും തരില്ല. കരള്‍ വീക്കം, കരൾ വീക്കം മൂലമുണ്ടാകുന്ന ക്ഷതം എന്നിവയെല്ലാം ഇതിന്റെ അവസാനഘട്ടങ്ങളില്‍ മാത്രമേ രോഗിക്ക് മനസിലാകുന്ന രീതിയിൽ എത്തുകയുളളൂ. അപ്പോഴേയ്ക്കും കരള്‍ പ്രവര്‍ത്തനം നിലച്ചു തുടങ്ങിയിരിക്കും. ഇന്ത്യപോലുള്ള രാജ്യങ്ങളില്‍ മിക്കപ്പോഴും കരള്‍ മാറ്റിവയ്‌ക്കേണ്ട അവസ്ഥയിലെത്തുമ്പോള്‍ മാത്രമേ ലിവര്‍ സിറോസിസ് പോലുളള രോഗങ്ങൾ കണ്ടുപിടിക്കുക പോലും ചെയ്യുന്നുള്ളൂ. കരൾ​ ചികിത്സിച്ച് ഭേദമാകാനാകാത്ത സാഹചര്യത്തിലായിരിക്കും പലപ്പോഴും ഇത് തിരിച്ചറിയുക. നിശബ്ദമായി കരളിനെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ സംബന്ധിച്ച് നേരത്തേ രോഗ നിര്‍ണയം (screening test) നടത്തി ചികിത്സ തുടങ്ങിയാൽ കരൾ മാറ്റിവെയ്ക്കലിലേയ്ക്ക് പോകാതെ തന്നെ ഭേദമാക്കാൻ സാധ്യമാകും.

കേരളത്തിലെ യുവാക്കളിൽ 30കളില്‍ തന്നെ ലിവര്‍ സിറോസിസ് ഉണ്ടാകുന്നത് ഇപ്പോള്‍ സാധാരണമാണ്. പാരമ്പര്യമായുള്ള ജനിതക പ്രശ്‌നങ്ങളും ഒപ്പം ചെറുപ്പകാലം മുതലുളള മദ്യപാനവും ഇതിന് ആക്കം കൂട്ടുന്നു. ഒരു പതിറ്റാണ്ടിലേറെയായി കരള്‍ സംബന്ധമായ അസുഖങ്ങളില്‍ സ്‌പെഷലൈസ് ചെയ്യുന്ന ഫിസിഷ്യന്‍ എന്ന നിലയില്‍ എന്റെ ഏറ്റവും പ്രായം കുറഞ്ഞ കരള്‍ രോഗി 28 വയസായ ഒരു ചെറുപ്പക്കാരനാണ്. ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ പരമ്പരാഗതമായി പ്രമേഹരോഗവും, കൊളസ്‌ട്രോള്‍ പ്രശ്‌നവും ഉണ്ടായിരുന്നു. ഇതിന് പുറമെ പഠന കാലത്ത് തുടങ്ങിയ മദ്യപാനമാണ് ഈ​ യുവാവിനെ ചെറിയ പ്രായത്തിൽ​തന്നെ സിറോസിസ് രോഗത്തിലെത്തിച്ചത്. സ്‌കൂള്‍ കാലഘട്ടം മുതലേ ഇക്കാര്യങ്ങളെ കുറിച്ച് ബോധവത്കരണം നല്‍കി തുടങ്ങണം. അമിതാഹാരം, വ്യായാമക്കുറവ്, മദ്യപാനം എന്നിവ എങ്ങനെ കരളിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് അവര്‍ക്ക് പറഞ്ഞുകൊടുക്കണം.

ഫാറ്റി ലിവറുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ കുറവാണ്. ഈ അസുഖങ്ങള്‍ നേരത്തേ കണ്ടുപിടിച്ചാൽ കരള്‍ പൂര്‍ണമായും തകരാറിലാകുന്നതിന് മുമ്പ് ചികിത്സ നല്‍കാനും സാധ്യമാണ്. ലിവര്‍ സിറോസിസും, കാന്‍സറും തടയാന്‍ ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനേഷനാണ് ഏറ്റവും ഉചിതമായ മാര്‍ഗം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ