ലോകമാകമാനം ഹെപ്പറ്റൈറ്റിസ് രോഗമുള്ള 300 ദശലക്ഷം ജനങ്ങൾ അതറിയാതെ ജീവിക്കുന്നുണ്ട്. ഈ രോഗം മൂലമുളള വാർഷിക മരണസംഖ്യ 1.3 ദശലക്ഷമാണ്. ലോകാരോഗ്യസംഘടന “ 2030 നുള്ളിൽ ഹെപ്പറ്റൈറ്റിസ് ഇല്ലാതാക്കുക“ എന്ന പരിപാടി തുടങ്ങി. “കണ്ടെത്താത്ത രോഗികളെ കണ്ടെത്തുക” എന്നതാണ് ഈ വർഷത്തെ ലോക ഹെപ്പറ്റൈറ്റിസ് ദിന വിഷയം. ഹെപ്പറ്റിസ് രോഗത്തെ കുറിച്ചും അതിന്റെ ചികിത്സസാധ്യതകൾ തുടങ്ങി ഈ രോഗത്തിന്റെയും ചികിത്സയുടെയും ലക്ഷണങ്ങളുടെയും  വിവിധ വശങ്ങൾ.

എന്താണ് ഹെപ്പറ്റൈറ്റിസ് ?

ഹെപ്പറ്റൈറ്റിസ് എന്നു പറയുമ്പോൾ അതിനർത്ഥം വൈറസ് മൂലമുള്ള ഹെപ്പറ്റൈറ്റിസ് (കരൾ രോഗബാധ) ആണെന്നും എല്ലാത്തരം മഞ്ഞപ്പിത്തങ്ങളും പകരുന്നതാണെന്നുമുള്ള തെറ്റിദ്ധാരണ പലർക്കുമുണ്ട്. ഹെപ്പറ്റൈറ്റിസ് എന്ന വാക്ക് സങ്കീർണ്ണമായ ഒന്നാണ് – കരളിന്റെ എതെങ്കിലും വിധത്തിലുമുള്ള അണുബാധയ്ക്ക് ഉപയോഗിക്കുന്ന പേര്- ഏതെങ്കിലും കാരണം കൊണ്ടുണ്ടാകുന്ന കരളിന്റെ ക്ഷതമോ ജൈവകോശങ്ങളുടെ വീക്കമോ ആണിത്. ഇത് അക്യൂട്ട് ഹെപ്പറ്റൈറ്റിസോ ( തീവ്ര രോഗബാധ), ക്രോണിക് ഹെപ്പറ്റൈറ്റിസോ (ദീർഘകാലിക രോഗബാധ) ആകാം, ഇതിന്റെ കാരണങ്ങളും വ്യത്യസ്തങ്ങളാണ്.

സാധാരണയായി, ഹെപ്പറ്റൈറ്റിസ് വൈറസുകൾ എന്നു വിളിക്കപ്പെടുന്നതും, എ, ബി, സി , ഡി, ഇ എന്നിങ്ങനെ അഞ്ചിനങ്ങൾ ഉൾപ്പെടുന്നതുമായ ഒരു കൂട്ടം വൈറസുകളാണ് ഇതിന് കാരണമാകുന്നത്. മോണോ ന്യൂക്ലിയോസിസിന് കാരണമാകുന്ന എപ്‌സ്റ്റെയിൽ -ബാർ വൈറസ്, പൊങ്ങൽ പനി അഥവാ ചിക്കൻ പോക്സിന് കാരണമാകുന്ന വരിസെല്ല വൈറസ് എന്നിങ്ങനെയുള്ള മറ്റ് വൈറസുകളും ഇതിനു കാരണമാകാം. മരുന്നുകളുടേയോ മദ്യത്തിന്റെയോ ദുരുപപയോഗമോ അന്തരീക്ഷത്തിലെ വിഷാംശങ്ങളോ മൂലമുള്ള രോഗബാധയും ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നുണ്ട്. അതു കൂടാതെ, ഫാറ്റി ലിവർ ഹെപ്പറ്റൈറ്റിസ് അഥവാ NASH ( നോൺ ആൽക്കഹോളിക് സ്റ്റീറ്റോ ഹെപ്പറ്റൈറ്റിസ് ) എന്നറിയപ്പെടുന്ന കരളിൽ കൊഴുപ്പ് സംഭരിക്കപ്പെടുന്ന പ്രശ്നമോ അതല്ലെങ്കിൽ മനുഷ്യശരീരം സ്വയം കരളിനെ ആക്രമിക്കുന്ന ആന്റിബോഡികൾ നിർമ്മിക്കുന്നതോ ( ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്) മൂലവും ഹെപ്പറ്റൈറ്റിസ് ബാധയുണ്ടാകാം.

വൈറസ് മൂലമുള്ള ഹെപ്പറ്റൈറ്റിസ് ആണ് കൂടുതൽ സാധാരണം. ക്രോണിക് ഹെപ്പറ്റൈറ്റിസ് ( ദീർഘകാലം രോഗം നിലനിൽക്കുന്ന അവസ്ഥ) ഉള്ള ഭൂരിപക്ഷം പേരിലും രോഗനിർണ്ണയം നടക്കുന്നില്ല. കൂടുതലാളുകളും തങ്ങളുടെ രോഗലക്ഷണങ്ങളെ മഞ്ഞപ്പിത്തമായല്ല, പകർച്ചപ്പനിയായിട്ടാണ് തെറ്റിദ്ധരിക്കുക. മഞ്ഞപ്പിത്തത്തിന്റെ അഞ്ചു തരം വൈറസുകളും വിവിധരീതിയിൽ സംക്രമിക്കാമെങ്കിലും അവയിൽ പൊതുവായ ഒരു വസ്തുതയുണ്ട്. അവ കരളിനെ ബാധിക്കുകയും അതിന് വീക്കമുണ്ടാക്കുകയും ചെയ്യുന്നു. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധിക്കുന്നവരിൽ കൂടുതൽ പേരും രോഗത്തോട് ജീവിതകാലം മുഴുവനും നീണ്ടുനിൽക്കുന്ന പ്രതിരോധശക്തിയോടെയാകും സുഖപ്പെടുക. എന്നാൽ ബാധിക്കുന്നവരിൽ ചിലർ അതിന്റെ ഗുരുതരാവസ്ഥയിൽ കരളിന്റെ പ്രവർത്തനം നിലച്ച്                      (Fulminant Liver Failure) മരണമടയുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ദീർഘകാലബാധയിലേയ്ക്ക് പരിണമിക്കുന്നു, ഈ കരൾ വീക്കം ഒരു ദശകമോ അതിലേറേയോ നീണ്ടു നിൽക്കാം. ഇത് സിറോസിസ്, കരൾ കാൻസർ എന്നിവയിലേയ്ക്കോ മരണത്തിലേയ്ക്കു തന്നെയോ എത്തിച്ചേരാം.world-liver-day-fatty-liver-non-alcoholic-fatty-liver-cirrhosis

ഏതൊക്കെയാണ് വിവിധ ഇനം ഹെപ്പറ്റൈറ്റിസ് വൈറസുകൾ?

എ, ബി, സി, ഡി, ഇ എന്നിങ്ങനെ ഹെപ്പറ്റൈറ്റിസ് വൈറസുകൾ പ്രധാനമായും അഞ്ചു തരമുണ്ട്. ഇവയിൽ പ്രത്യേകമായും ബി, സി എന്നവയാണ് ക്രോണിക് ഹെപ്പറ്റൈറ്റിസ് ബാധയ്ക്ക് കാരണമാകുന്നത്. ഈ രണ്ടുവർഗ്ഗങ്ങളും ചേർന്നു തന്നെയാണു ലിവർ സിറോസിസ്, ലിവർ കാൻസർ എന്നിവയുടെ കാരണവുമാകുന്നത്. മഞ്ഞപ്പിത്തത്തിലെ എ , ഇ വിഭാഗങ്ങൾക്കു കാരണമാകുന്നത് മലിനമായ ഭക്ഷണത്തിന്റെയും ജലത്തിന്റെയും ഉപയോഗമാണ്. ബി, സി, ഡി എന്നീ രോഗവിഭാഗങ്ങൾ രോഗബാധയുള്ളവരുടെ രക്തം, മറ്റു ശരീരസ്രവങ്ങൾ എന്നിവയുമായുള്ള സമ്പർക്കത്തിലൂടെ പകരുന്നു. രോഗബാധിതരുടെ രക്തമോ രക്ത ഉല്‍പ്പന്നങ്ങളോ സ്വീകരിക്കുക, അണുബാധയുള്ള വൈദ്യോപകരണങ്ങൾ കൊണ്ടുള്ള ചികിത്സാനടപടികൾക്ക് വിധേയരാകുക, രോഗിയുമായി ലൈംഗികബന്ധം പുലർത്തുക എന്നിവ ഇവയുടെ വൈറസുകൾ സംക്രമണം ചെയ്യുന്നതിനുള്ള സാധാരണമാർഗ്ഗങ്ങളാണ്. രോഗമുള്ള അമ്മയിൽ നിന്ന് ജനിക്കുന്ന കുഞ്ഞിനും രോഗം പകർന്നുകിട്ടും. അക്യൂട്ട് ഹെപ്പറ്റൈറ്റിസ് ബാധ പരിമിതമായ രോഗലക്ഷണങ്ങളോടെയോ ലക്ഷണങ്ങളൊന്നുമില്ലാതെയോ ആകാം. അതല്ലെങ്കിൽ മഞ്ഞപ്പിത്തം ഇരുണ്ട നിറത്തിലുള്ള മൂത്രം, പനി, ക്ഷീണം, ഓക്കാനം, ഛർദ്ദി, വയറ്റിൽ വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങളുമുണ്ടാകാം.

ഹെപ്പറ്റൈറ്റിസ് എ വൈറസുകൾ (HAV ) രോഗബാധിതരുടെ വിസർജ്ജ്യത്തിലുണ്ടാകും, അവയാൽ മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണിത് കൂടുതലായും പകരുക. മിക്കവാറും രോഗബാധകൾ ഗുരുതരമല്ലാതിരിക്കുകയും, രോഗികൾ, ആജീവനാന്ത പ്രതിരോധശക്തിയോടെ പൂർണ്ണമായും സുഖപ്പെടുകയും ചെയ്യുന്നു. ഈ വൈറസുകൾ വീണ്ടുമവരെ ബാധിക്കുകയില്ല. എന്നിരുന്നാലും, ഹെപ്പറ്ററ്റിസ് എ രോഗബാധ അതിഗുരുതരവും മാരകവുമാകാവുന്നതുമാണ്. വളരെ താണ ശുചിത്വനിലവാരമുളള ഇടങ്ങളിലുളളവരാണ് ഈ രോഗബാധ അനുഭവിക്കുന്നവരിൽ ഭൂരിപക്ഷവും. ഹെപ്പറ്റൈറ്റിസിന്റെ ഈ വൈറസ് വിഭാഗത്തെ (HAV) തടയുവാൻ, പ്രതിരോധ കുത്തിവെയ്പ്പുകൾ ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസ് ബി വൈറസ് (HBV) ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് പകരുന്നത് , രക്തം, ശുക്ലം, മറ്റു ശരീരസ്രവങ്ങൾ എന്നിവയിലൂടെയാണ്. പ്രസവസമയത്ത് രോഗമുള്ള അമ്മയിൽ നിന്ന് കുഞ്ഞിലേയ്ക്കും ഈ വൈറസ് കയറിക്കൂടാം. രക്തമോ രക്തത്തിന്റെ ഘടകങ്ങളോ ഒരാളിൽ നിന്ന് മറ്റൊരാളിലേയ്ക്ക് നൽകുന്നതിലൂടെയോ ചികിത്സാസമയത്തെ ഉപകരണപ്രയോഗങ്ങളിലൂടെയോ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെയോ ബി വിഭാഗം വൈറസുകൾ സംക്രമിക്കാം. ഹെപ്പറ്റൈറ്റിസ് ബി വിഭാഗം വൈറസുകൾക്കെതിരായി നൽകാവുന്ന ഫലപ്രദവും സുരക്ഷിതവുമായ പ്രതിരോധകുത്തിവയ്പ്പുമരുന്നുകൾ ലഭ്യമാണ്.world-liver-day-fatty-liver-non-alcoholic-fatty-liver-cirrhosis

ഹെപ്പറ്ററ്റിസ് സി (HCV) പ്രധാനമായും പകരുന്നത് രോഗബാധയുള്ള രക്തവുമായി സമ്പർക്കത്തിൽ വരുമ്പോഴാണ്. അതായത് രക്തമോ രക്തത്തിന്റെ ഘടകങ്ങളോ സ്വീകരിക്കുക, അണുബാധയുള്ള ചികിത്സോപകരണങ്ങളിലൂടെ മരുന്ന് കുത്തിവയ്ക്കുന്നതിലൂടെ സി വിഭാഗം വൈറസുകൾ ബാധിക്കാം. ലൈംഗികപ്രക്രിയയിലൂടെയും പകരാമെങ്കിലും അതത്ര സാധാരണമല്ല. ഇന്ത്യയിൽ പുതുതായി ഉയർന്നുവരുന്നൊരു രോഗവ്യാപനമാർഗ്ഗമാണ് ഞരമ്പുകളിലൂടെയുള്ള മയക്കുമരുന്നുപയോഗം. സി വിഭാഗം വൈറസുകൾക്ക് (HCV) പ്രതിരോധമരുന്നില്ല.

ഹെപ്പറ്റൈറ്റിസ് ഡി (HDV) അണുബാധയുണ്ടാകുന്നത് ബി വിഭാഗം വൈറസുകൾ ബാധിച്ചിട്ടുള്ളവരിൽ മാത്രമാണ്. കരൾവീക്കത്തിന്റെ ബി, ഡി എന്നീ വിഭാഗം വൈറസുകളുടെ കൂട്ടായ ആക്രമണം കൂടുതൽ ഗൗരവതരമാണെന്നതിനാൽ അനന്തരഫലവും അതീവ ഗുരുതരമാ യിരിക്കും.

ഹെപ്പറ്റൈറ്റിസ് ഇ വൈറസുകൾ (HEV) കൂടുതലായും പകരുന്നത് മലിനമായ ജലത്തിന്റെയും ഭക്ഷണത്തിന്റെയും ഉപയോഗത്തിലൂടെയാണ്. വികസ്വരരാജ്യങ്ങളിൽ ഹെപ്പറ്റൈറ്റിസ് രോഗ ബാധയുടെ പൊതുവായ കാരണം ഹെപ്പറ്റൈറ്റിസ് ഇ വൈറസുകളാണ്. അതുപോലെ തന്നെ, വികസിത രാജ്യങ്ങളിലെ രോഗബാധയ്ക്കും പ്രധാനകാരണം ഈ വിഭാഗം തന്നെയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അക്യൂട്ട് ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?

രോഗാണു ശരീരത്തിനുള്ളിൽ കടക്കുന്നതുമുതൽ രോഗമാരംഭിക്കുന്നതുവരെയുള്ള സമയത്തെ ഇൻ‌ക്യുബേഷൻ കാലം എന്നു പറയുന്നു. ഇത് ഓരോ തരം വൈറസിനും വിഭിന്നമായിരിക്കും. എ, ഇ എന്നീ വിഭാഗങ്ങൾക്ക് രണ്ട് മുതൽ ആറ് വരെ ആഴ്ചകൾ വേണം രോഗാവസ്ഥയിലേയ്ക്ക് എത്തിപ്പെടുവാൻ. എന്നാൽ ഹെപ്പറ്റൈറ്റിസ് ബി, സി വൈറസുകൾക്ക് ഏകദേശം രണ്ട് മുതൽ ആറ് വരെ മാസങ്ങളാണ് രോഗപൂർവ്വകാലാവധി. പകർച്ചപ്പനിയുടെ ലക്ഷണങ്ങൾ, മഞ്ഞപ്പിത്തം ( ചർമ്മവും കണ്ണുകളുടെ വെള്ളയും മഞ്ഞ നിറത്തിലാകുക) , പനി, ക്ഷീണം, ഇരുണ്ടനിറമുള്ള മൂത്രം, ഛർദ്ദി എന്നിവ അക്യൂട്ട് ഹെപ്പറ്റൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. എന്നിരുന്നാലും, ഈ വൈറസ് ബാധ ചിലപ്പോൾ എന്തെങ്കിലും ചില ലക്ഷണങ്ങളോടെയോ ശ്രദ്ധിക്കപ്പെടുന്നതരം ലക്ഷണങ്ങളില്ലാതെയോ സംഭവിക്കാവുന്നതുമാണ്. അപൂർവ്വമായി ഈ വൈറസ് ബാധ, കരളിന്റെ പ്രവർത്തനം (fulminant liver failure- ( മണിക്കൂറുകൾ മുതൽ ദിവസങ്ങൾ വരെ മാത്രം നീണ്ടു നിൽക്കുന്ന ഹ്രസ്വ കാലയളവിൽ കരൾ അതിവേഗത്തിൽ പ്രവർത്തനരഹിതമാകുകയും മരണത്തിലെത്തുകയും ചെയ്യുന്നു. ) നിലച്ച് അപകടത്തിലാകാം. കരൾ മാറ്റിവയ്ക്കുക എന്നതാണ് ഇതിനുള്ള ചികിത്സാ രീതി. അങ്ങനെ ചെയ്യാത്ത പക്ഷം ഫൾമിനന്റ് ഹെപ്പറ്റൈറ്റിസ് രോഗികളിൽ 80 ശതമാനം മരണസാധ്യത ഉണ്ട്.

ക്രോണിക് (ദീർഘകാലം നിലനിൽക്കുന്ന) ഹെപ്പറ്റൈറ്റിസ്

ജലത്തിലൂടെ പകരുന്ന വൈറസുകളിൽ നിന്നും വിഭിന്നമായി, രക്തത്തിലും, മറ്റു ശരീര സ്രവങ്ങളിലൂം കൂടി പകരുന്ന വൈറസുകൾ, അക്യൂട്ട് രോഗബാധയ്ക്ക് കാരണമാകാമെങ്കിലും, അവ ഒന്നോ രണ്ടോ ദശകങ്ങൾ ശരീരത്തിൽ നിശബ്ദമായിരിക്കുകയും അതിനുശേഷം ക്രോണിക് ഹെപ്പറ്റൈറ്റിസിനു കാരണമാകും. ബി ,സി എന്നീ വിഭാഗം വൈറസുകളെ ഉന്മൂലനം ചെയ്യുവാൻ രോഗപ്രതിരോധ സംവിധാനങ്ങ ൾക്ക് കഴിവില്ലാത്തതിനാൽ കഠിനതരമായ ക്രോണിക് ഹെപ്പറ്റൈറ്റിസിന് കാരണമാകുന്നു. കരളിലുണ്ടാകുന്ന പാടുകൾ ( ഫൈബ്രോസിസ്) വർഷങ്ങളോളോം നിലനിൽക്കും. ഇത് ആന്ത്യന്തികമായി കരളിന്റെ കാൻസറിനും സിറോസിസിനും കാരണമാകുന്നു. ക്രോണിക് ഹെപ്പറ്റൈറ്റിസിൽ ലക്ഷണങ്ങളുമില്ലാതെയായിരക്കും രോഗിയുടെ കരൾ കേടുവരുന്നത്. ചികിത്സ സാധ്യമായ ഈ നിശബ്ദ കാലയളവിൽ രോഗനിർണ്ണയം നടക്കുക എന്നത് അപൂർവ്വമായി മാത്രമേ സംഭവിക്കാറുള്ളു. ക്രോണിക് വൈറൽ ഹെപ്പറ്റൈറ്റിസിന്റെ ചികിത്സയിലെ ഏറ്റവും വലിയ പ്രതിസന്ധി, ഭേദമാക്കാവുന്ന അവസ്ഥ ലക്ഷണങ്ങളൊന്നുമില്ലാത്ത നിശബ്ദ കാലയളവാണെന്നുള്ളതാണ്. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് രോഗബാധ ചികിത്സയ്ക്ക് സാധ്യതകളില്ലാത്തപ്പോൾ മാത്രമായിരിക്കും.world-liver-day-fatty-liver-non-alcoholic-fatty-liver-cirrhosis

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ ഗുരുതര പ്രത്യാഘാതങ്ങൾ

ബി, സി എന്നീ വിഭാഗം ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയുടെ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ അവ സിറോസിസിലേയ്ക്കും കരൾ ക്യാൻസറിലേയ്ക്കും പരിണമിക്കുമെന്നതാണ്. ഇത്തരം പ്രത്യാഘാതങ്ങളിലേയ്ക്ക് ശരീരമെത്തിച്ചേരുവാൻ ഒരു ദശകമോ അതിലധികമോ കാലമെടുക്കുമെന്നതിനാൽ, നേരത്തെയുള്ള രോഗനിർണ്ണയം ചികിത്സയ്ക്കുള്ള സാധ്യത തുറക്കും. ബി, സി വിഭാഗങ്ങൾ മൂലമുള്ള ദീർഘകാല ഹെപ്പറ്റൈറ്റിസ് ( ക്രോണിക് ഹെപ്പറ്റൈറ്റിസ്) നിശബ്ദമായി നാശം വിതയ്ക്കുന്നതിനാൽ, ചികിത്സയുടെ വിജയം, രോഗബാധ സൂക്ഷ്മപരിശോധനകളിലൂടെ കണ്ടെത്തുന്നതിനെ ആശ്രയിച്ചിരിക്കും.

ചികിത്സ ലഭ്യമാണോ?

എ , ഇ (HAV and HEV) വിഭാഗത്തിൽപ്പെട്ട വൈറസ് ബാധകൾ സ്വയം നിയന്ത്രിത രോഗങ്ങളാണ്. അവയ്ക്ക് സവിശേഷ ആന്റിവൈറസ് മരുന്നുകൾ ആവശ്യമില്ല. ശ്രദ്ധാപൂർവ്വമുള്ള നിരീക്ഷണവും ആരോഗ്യം നിലനിർത്തുവാനുള്ള ചികിത്സകളും മാത്രമാണാവശ്യം. ബി, സി എന്നീ വിഭാഗം ഹെപ്പറ്റൈറ്റിസുകൾക്ക് കാര്യക്ഷമമായ മരുന്നുകളും ചികിത്സയും ലഭ്യമാണ്. ഗുരുതരമായ കരൾ പ്രശ്നങ്ങളിൽ നിന്ന് രക്ഷിക്കുവാൻ ചികിത്സയ്ക്ക് കഴിയും. ഈ മരുന്നുകൾ ഗുളികയുടെയും ഇൻ‌ജക്ഷന്റെയും രൂപത്തിലുണ്ട്. ഹെപ്പറ്റൈറ്റിസ് സി വൈറസിനുള്ള സാമ്പ്രദായികമായ ഒരു വർഷ കുത്തിവയ്പ് മരുന്നുകൾക്ക് പകരം ഇപ്പോൾ ഗുളികകളാണ് ഉപയോഗിക്കപ്പെടുന്നത്. ചികിത്സാ കാലയളവ് 12 ആഴ്ചയായി കുറയുകയും ചെയ്തു. ചികിത്സ എത്രത്തോളോം നേരത്തെ തുടങ്ങുന്നുവോ, വൈറസിനെ നശിപ്പിക്കുന്നതിനുള്ള സാധ്യത അത്രത്തോളോം കൂടുതലായിരിക്കും. അതിനാൽ നേരത്തെയുള്ള രോഗനിർണ്ണയം വളരെ പ്രധാനമാണ്. കൂടാതെ, കരളിന്റെ ക്ഷതം കുറയ്ക്കുന്നതിനും വൈറസ് മറ്റുള്ളവരിലേയ്ക്ക് പടരുന്നതും തടയുന്നതിനും ചികിത്സ സഹായകമാകുന്നു.

വൈറസ് മൂലമുള്ള ഹെപ്പറ്റൈറ്റിസിന്റെ ചികിത്സയിൽ ശസ്ത്രക്രിയയ്ക്കു പങ്കുണ്ടോ?
ഹെപ്പറ്റൈറ്റിസ് ബി, സി എന്നിങ്ങനെ ദീർഘകാലം നിലനിൽക്കുന്ന വൈറസ് രോഗബാധകളിൽ, കരളിൽ പാടുകളുണ്ടാകുകയും അതൊടുവിൽ സിറോസിസ് അഥവാ കരൾ‌വീക്കമായി മാറും.സിറോസിസ് കരളിന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുന്നതിലേയ്ക്ക് നയിക്കും. അതിനാൽ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആവശ്യമായേക്കാം. അതുപോലെ തന്നെ പാടുകൾ വീണ കരൾ, ക്യാൻസറിന് പശ്ചാത്തലവുമാകാം. ചില തരം കാൻസറുകളെ, അവ ബാധിച്ച കരൾ ഭാഗം മുറിച്ചു മാറ്റുന്നതിലൂടെ ചികിത്സിക്കാം.

സൂക്ഷ്മപരിശോധനയും നേരത്തെയുള്ള രോഗനിർണ്ണയവും ഇന്നിന്റെ ആവശ്യം

അപരിഹാര്യമായ ക്ഷതം ഉണ്ടാകുന്നതിനു മുൻപ് വൈറസുകളെ നശിപ്പിക്കുന്നതിന് സൂക്ഷ്മ പരിശോധനയും നേരത്തെയുള്ള രോഗനിർണ്ണയവും ആവശ്യമാണ്. ലോകമാകമാനം ഹെപ്പറ്റൈറ്റിസ് ബാധയുള്ള 300 ദശലക്ഷം ജനങ്ങൾ രോഗബാധയറിയാതെ ജീവിക്കുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബാധ മൂലം, വാർഷികാടിസ്ഥാനത്തിൽ 1.3 ദശലക്ഷം മരണങ്ങൾ ഉണ്ടാകുന്നുണ്ട്. നിശബ്ദാവസ്ഥയിലുള്ള രോഗബാധയിൽ കഴിയുന്ന ആളുകളെ കണ്ടുപിടിക്കുകയും അവരെ ചികിത്സയിലേയ്ക്ക് കൊണ്ടുവരികയും ചെയ്തില്ലെങ്കിൽ അനവധി ജീവൻ നഷ്ടപ്പെടും.

2030 ആകുമ്പോഴേയ്ക്കും വൈറസ് മൂലമുള്ള ഹെപ്പറ്റൈറ്റിസ് പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തിനായി 2016 ൽ, ലോകാരോഗ്യ സംഘടന തയാറാക്കിയ പദ്ധതി ലോകമാകെയുള്ള 194 സർക്കാരുകൾ അംഗീകരിച്ചിരിക്കുന്നു. ഇതിനായി ജനങ്ങളിൽ അവബോധമുണ്ടാക്കുക, രോഗാവബോധമില്ലാത്ത രോഗികളെ പരിശോധനകളിലൂടെ കണ്ടെത്തുക എന്നിവയാണ് ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിലെ ഊന്നൽ.world-liver-day-fatty-liver-non-alcoholic-fatty-liver-cirrhosis

എങ്ങനെയാണെനിക്ക് സ്വയം സം‌രക്ഷിക്കുവാൻ കഴിയുക?

* എച്ച് ഐ വി, ലൈംഗിക പകർച്ചവ്യാധികൾ എന്നിവയോടൊപ്പം ഹെപ്പറ്റൈറ്റിസ് രോഗവും ചില സമാന അപകടസാധ്യതകൾ പങ്കിടുന്നുണ്ട്.

* വൈറസ് ബാധയുടെ ഇനമനുസരിച്ച്, താഴെപ്പറയുന്ന മാർഗ്ഗങ്ങളിലൂടെ നിങ്ങൾ അപകടസാധ്യത കുറയ്ക്കാവുന്നതാണ്.

* ഭക്ഷണത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക

* കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. റോഡരികിലെ കച്ചവടക്കാരിൽ നിന്നുമുള്ള ഭക്ഷണം, പ്രത്യേകിച്ച് ജ്യൂസ്, മിൽക്ക് ഷേക്ക് എന്നിവ ഒഴിവാക്കുക

* സുരക്ഷിതമായ ലൈംഗികബന്ധം ശീലിക്കുക

* രക്തവുമായി സമ്പർക്കത്തിലാകാവുന്ന വ്യക്തിഗതവസ്തുക്കൾ കൈമാറ്റം ചെയ്യാതിരിക്കുക ( സൂചികൾ, ബ്ലേഡ്, ടൂത്ത് ബ്രഷ്, നഖംവെട്ടി എന്നിവ)

ബി, സി വിഭാഗം വൈറസുകളെ നേരത്തെ തന്നെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾക്ക് സന്നദ്ധരാകുക. അവ കൂടുതൽ ചെലവുള്ളതല്ല. കാൻസർ, സിറോസിസ് എന്നിവയ്ക്ക് കാരണമാകാവുന്ന ഈ വൈറസുകൾക്കെതിരെ ഫലപ്രദമായ ചികിത്സ ലഭ്യമാണ്.

Read More: ഇന്ന് ലോക ഹെപ്പറ്റൈറ്റിസ് ദിനം

ഇന്ന്, ഹെപ്പറ്റൈറ്റിസ് എ, ബി വിഭാഗം വൈറസുകളെ ചെറുക്കുന്നതിനുള്ള പ്രതിരോധമരുന്നുകൾ ലഭ്യമാണെങ്കിൽ, സി ഇനത്തിൽ പെട്ടവയ്ക്ക് അംഗീകൃത പ്രതിരോധമരുന്നുകളില്ല. അതിനാൽ രോഗബാധയ്ക്കുള്ള സാധ്യതകൾ കുറയ്ക്കുന്നതിന് സഹായകമായ രീതിയിൽ ജീവിത ശൈലി ക്രമീകരിക്കുന്നത്, നിങ്ങളെയും മറ്റുള്ളവരെയും രോഗബാധയിൽ നിന്ന് സംരക്ഷിക്കും. അണുബാധയേൽക്കാവുന്ന തരത്തിലുള്ള ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നതെങ്കിൽ, അഥവാ അത്തരം ജോലികൾ മുമ്പ് ചെയ്തിരുന്നുവെങ്കിൽ, ഒരു കരൾ രോഗവിദഗ്ദ്ധനെ സമീപിച്ച് , രോഗനിർണ്ണയത്തിനാവശ്യമായ പരിശോധന നടത്തണം.

Read More:കരൾ​ രോഗം എന്ത്? എങ്ങനെ പ്രതിരോധിക്കാം, ചികിത്സാ മാർഗങ്ങൾ, ലക്ഷണങ്ങൾ എന്നിവയെ കുറിച്ച് ഡോ. ഹരികുമാർ ആർ നായർ എഴുതുന്നു

Get Malayalam News and latest news update from India and around the world. Stay updated with today's latest Lifestyle news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ