ഇന്ന് ലോക കാന്‍സര്‍ ദിനം. മുമ്പൊക്കെ വളരെ വിരളമായി ആളുകളില്‍ കണ്ടുവന്നിരുന്ന ഒരു രോഗമായിരുന്നു കാന്‍സര്‍. അത് പലപ്പോഴും കണ്ടെത്തുന്നത് വൈകിയുമായിരിക്കും. കാന്‍സര്‍ എന്നു കേട്ടാല്‍ ഭയപ്പെട്ടിരുന്ന ഒരു കാലത്തു നിന്ന് വൈദ്യ ശാസ്ത്ര ലോകത്തിന്റെ കുതിച്ച് ചാട്ടത്തോടെ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. രോഗം പെട്ടെന്ന് കണ്ടു പിടിക്കാനും ചികിത്സിച്ചു മാറ്റാനുമുള്ള ചികിത്സാ സൗകര്യങ്ങള്‍ വൈദ്യശാസ്ത്രം വികസിപ്പിച്ചു. കാന്‍സറിനെ അതിജീവിച്ച എത്രയോ പേര്‍ അതിന് തെളിവുകളായി നമുക്ക് മുന്നിലുണ്ട്.

എങ്കിലും കാന്‍സര്‍ എന്നത് എപ്പോഴും ആര്‍ക്കു വേണമെങ്കിലും വരുന്ന ഒരു അസുഖമാണ്. ഈ അവസരത്തില്‍, ഇതിന്റെ ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം എന്നത് വളരെ അത്യാവശ്യമാണ്. പലതരത്തിലുള്ള കാന്‍സറുകളിലൊന്നാണ് തൊണ്ടയില്‍ വരുന്ന കാന്‍സര്‍. അത് വായിലോ, ഗളഗ്രന്ഥിയിലോ, ലാലോദ്പാദക ഗ്രന്ഥിയിലോ, മൂക്ക്, കഴുത്ത് തുടങ്ങി എവിടെ വേണമെങ്കിലുമാകാം.

അമേരിക്കയിലെ കാന്‍സര്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ അഭിപ്രായത്തില്‍ ‘ഈ രോഗം സാധാരണയായി ശബ്ദനാളത്തിലോ കണ്ഠനാളത്തിലോ ആണ് വികസിക്കുന്നത്. പലര്‍ക്കും രണ്ടാം ഘട്ടത്തില്‍ കാന്‍സര്‍ ശബ്ദനാളത്തിലോ അന്നനാളത്തിലോ, ശ്വാസകോശത്തിലോ ആയിരിക്കാം. ചികിത്സയ്ക്കു ശേഷം ചില രോഗികളില്‍ ശ്വാസകോശം, വായ്, തൊണ്ട അതിനോട് ചേര്‍ന്ന ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ രോഗം വികസിച്ചേക്കാം.’

അണുബാധയുള്ള സ്ഥലങ്ങളെ ആശ്രയിച്ചിരിക്കും ത്രോട്ട് കാന്‍സറിന്റെ ലക്ഷണങ്ങള്‍. എന്നാല്‍ ഈ അടയാളങ്ങള്‍ എപ്പോഴും ഉണ്ടായിക്കൊള്ളണം എന്നുമില്ല. കഴുത്തിലെ മുഴ എപ്പോഴും കാന്‍സറിന്റെ ലക്ഷണമാകില്ല. അത് ശ്വാസസംബന്ധമായ അണുബാധയുടെ സൂചനയാകാം. തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണങ്ങളെ എങ്ങെ മനസിലാക്കാം എന്ന് വിശദീകരിക്കുകയാണ് ന്യൂഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ സീനിയര്‍ കണ്ടസള്‍ട്ടന്റും ഓങ്കോളജി സ്‌പെഷ്യലിസ്റ്റുമായ രമേഷ് സറിന്‍.

തൊണ്ടയിലെ അള്‍സര്‍, മുറിവുകള്‍, അണുബാധ എന്നിവ കാന്‍സറിന്റെ ആദ്യകാല ലക്ഷണങ്ങളാണ്. ഭക്ഷണത്തിലെ പ്രശ്‌നം കൊണ്ടുണ്ടാകുന്ന അള്‍സര്‍ ആണെങ്കില്‍ രണ്ടോ മൂന്നോ ആഴ്ചകൊണ്ട് മാറും. പക്ഷെ നാലു മുതല്‍ ആറ് ആഴ്ചവരെ ഇത് നീണ്ടു നില്‍ക്കുകയാണെങ്കില്‍ പരിശോധന നടത്തണം. അള്‍സര്‍ ചിലപ്പോള്‍ വേദനയില്ലാത്തതാകാമെന്നും എങ്കിലും അതിനെ ഗൗരവമായി തന്നെ കാണണമെന്നും അദ്ദേഹം പറയുന്നു.

പുകവലി കാന്‍സറിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ്. പുകവലിക്കുന്നവര്‍, പാന്‍ മസാല ഉപയോഗിക്കുന്നവര്‍, മദ്യപാനവും പുകവലിയും ശീലമാക്കിയവര്‍ തുടങ്ങിയ ആളുകളില്‍ കാന്‍സറിന്റെ സാധ്യത കൂടുതലാണ്. വായില്‍ ഏതെങ്കിലും തരത്തിലുള്ള ദ്വാരം, വെള്ള നിറത്തിലുള്ള പാടുകള്‍, കവിളുകളുടെ അകത്തോ നാവിന്റെ വശങ്ങളിലോ ഉള്ള ബുദ്ധിമുട്ടുകള്‍ എന്നിവ കാന്‍സറിന്റെ പ്രാഥമിക ലക്ഷണങ്ങളാകാം. നാവിലെ ചെറിയ വീക്കം, തിണര്‍പ്പ് എന്നിവയും ലക്ഷണങ്ങളായി കണക്കാക്കാം.

ശബ്ദത്തിലുള്ള അസാധാരണമായ മാറ്റം വോക്കല്‍ കോര്‍ഡിലെ കാന്‍സറിന്റെ ലക്ഷണമാകാം. ശബ്ദത്തിലെ ഈ മാറ്റം മൂന്ന് മാസത്തിലധികം നീണ്ടു നില്‍ക്കുകയാണെങ്കില്‍ ലേറിഗീല്‍ കാന്‍സറിന്റെ ലക്ഷണമാകാം. കഴുത്തിലോ, വായിലോ അതിനടുത്തോ ഉള്ള വീക്കം കാന്‍സറിന്റെ ലക്ഷണമാകാം. മൂന്നാഴ്ച കഴിഞ്ഞിട്ടും മുഴ മാറുന്നില്ലെങ്കില്‍ പരിശോധിക്കണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook