ജനിച്ച് ദിവസങ്ങൾക്കകം മരണത്തിന്റെ കൈപ്പിടിയിൽ അകപ്പെടുമായിരുന്ന ബേയ്ഹെൻ ഷാറ്റ് എന്ന പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത് പ്രൊഫസർ മുഹമ്മദ് റെല ആയിരുന്നു. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന റെലയെ 20 വർഷങ്ങൾക്കുശേഷം അവൾ കണ്ടുമുട്ടി. ഇരുവർക്കും അതൊരു അപൂർവ നിമിഷം കൂടിയായി.

1997 ൽ അഞ്ചു ദിവസം പ്രായമുളളപ്പോഴാണ് പ്രൊഫ. റെല ബേയ്ഹെനെ കാണുന്നത്. അപ്പോഴവൾ മരണത്തിന്റെ വക്കിലായിരുന്നു. കരളിനെ നശിപ്പിക്കുന്ന അപൂർവ രോഗത്തോടെയാണ് അവൾ ജനിച്ചത്. ഇതേ രോഗം ബാധിച്ച് ബേയ്ഹെന്റെ മറ്റു രണ്ടു സഹോദരങ്ങളെ അവളുടെ മാതപിതാക്കളായ ഇറ്റയ്ക്കും ജുർഹെനും നഷ്ടപ്പെട്ടിരുന്നു. അടുത്ത 3 വർഷങ്ങൾക്കുളളിൽ തങ്ങളുടെ മകളും നഷ്ടമാകുമെന്ന് അവർക്ക് ബോധ്യമായി. അങ്ങനെയാണ് ലണ്ടനിലെ കിങ്സ് കോളേജ് ഹോസ്പിറ്റൽ മകളുമായി അവർ എത്തിയത്.

പ്രൊഫ. റെലയാണ് ബേയ്ഹെനെ പരിശോധിച്ചത്. ഉടൻ തന്നെ റെല മറ്റൊരു ഡോക്ടറും സ്വീകരിക്കാത്ത ധീരമായ തീരുമാനം എടുത്തു. 5 ദിവസം പ്രായമായ ബേയ്ഹെന് കരൾമാറ്റ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. അനുയോജ്യമായ ദാതാവിനെയും കണ്ടെത്തി. പിന്നെ ഒന്നും നോക്കിയില്ല. ശസ്ത്രക്രിയ നടത്തി. ഇതോടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയായ ഏറ്റവും പ്രായം കുറഞ്ഞ രോഗിയായി ബേയ്ഹെൻ മാറി. ലോകമാനമാകമുളള പത്രങ്ങളിൽ വലിയ തലക്കെട്ടോടെയാണ് വാർത്ത പുറത്തുവന്നത്.

രണ്ടു ദശാബ്ദത്തിനുശേഷം ശസ്ത്രക്രിയ നടന്ന അതേ ആശുപത്രിയിൽവച്ച് ബേയ്ഹെൻ പ്രൊഫ. റെലയെ കണ്ടു. ”എനിക്ക് ഒരിക്കലും മറക്കാനാവാത്ത ശസ്ത്രക്രിയ ആയിരുന്നു അത്. അന്ന് ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അവൾ മരിക്കുമായിരുന്നു. ശസ്ത്രക്രിയയുടെ വെല്ലുവിളികളെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് അപ്പോൾ സമയമില്ലായിരുന്നു”- 30 വർഷത്തെ കരിയറിൽ നൂറിലധികം കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ പ്രൊഫ. റെല പറഞ്ഞു.

”വർഷങ്ങൾക്കു മുൻപ് ജീവിതത്തിലേക്ക് മടങ്ങിവന്ന അതേ സ്ഥലത്ത് എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാ”യിരുന്നു നിയമ വിദ്യാർഥിയായ ബേയ്ഹെന്റെ വാക്കുകൾ. എനിക്ക് അവയവം നൽകിയ കുട്ടിയുടെ മാതാപിതാക്കളുടെ മഹാമനസ്കതയും പ്രൊഫ.റെലയുടെയയും ടീമിന്റെയും കഴിവുമാണ് ജീവിതത്തിലേക്ക് തന്നെ മടക്കി കൊണ്ടുവന്നതെന്നും ബേയ്ഹെൻ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ