വിവാഹിതയാകാതെ ഒറ്റയ്ക്ക് ജീവിക്കുന്നതാണ് തന്റെ ദീർഘായുസിന്റെ രഹസ്യമെന്ന് ലൂയിസ് സിഗ്നോർ. 107-ാം ജന്മദിനം ആഘോഷിക്കുന്ന വേളയിലാണ് സിഗ്നോർ ഈ രഹസ്യം വെളിപ്പെടുത്തിയത്. ന്യൂയോർക്കിലെ ബ്രോൺക്സിൽ താമസിക്കുന്ന സിഗ്നോർ കൃത്യമായ ഡയറ്റും വ്യായാമവും തെറ്റിക്കാറില്ല. പക്ഷേ ഇതിനൊക്കെ പുറമേ താൻ ഇത്രയും സന്തോഷവതിയായിരിക്കുന്നതിന് കാരണം വിവാഹം കഴിക്കാത്തതാണെന്ന് സിഗ്നോർ മുത്തശി പറയുന്നു.

1912 ൽ ഹാർലിമിലാണ് ലൂയിസ് ജനിച്ചത്. 14-ാം വയസിൽ ബ്രോൺക്സിലേക്കെത്തി. പിന്നെ അവിടെയായിരുന്നു ലൂയിസിന്റെ ജീവിതം. തന്റെ കൗമാര പ്രായത്തിൽ എല്ലാ ദിവസവും ഡാൻസ് കളിക്കുമായിരുന്നു. ഇപ്പോഴും താൻ ചെറുതായി ഡാൻസ് കളിക്കാറുണ്ടെന്ന് മുത്തശി പറയുന്നു. വ്യായാമവും ചെയ്യാറുണ്ട്. ഒറ്റയ്ക്കുളള ജീവിതവും ആരോഗ്യ രഹസ്യമാണ്. ഒറ്റയ്ക്ക് ജീവിക്കുന്നത് മാനസിക സമ്മർദം കുറയ്ക്കുന്നുവെന്നും മുത്തശി പറഞ്ഞു.

ഇതുവരെ താൻ മരുന്നുകളൊന്നും കഴിക്കാറുണ്ടായിരുന്നില്ലെന്നും അടുത്തിടെയാണ് രക്ത സമ്മർദത്തിന് ഗുളിക കഴിച്ചു തുടങ്ങിയതെന്നും മുത്തശി പറഞ്ഞു. ദീർഘവും സന്തുഷ്ടവും ആരോഗ്യകരവുമായ ജീവിതം ആഗ്രഹിക്കുന്നവർക്ക് മുത്തശി നൽകുന്ന മറ്റൊരു ഉപദേശം കൂടിയുണ്ട്. ഇറ്റാലിയൻ ഭക്ഷണം കഴിക്കുക. അത് ആരോഗ്യത്തിന് വളരെ നല്ലതാണ്. സോഡയോ കേക്കോ ഉൾപ്പെടുത്താതെ വളരെ നല്ല ഭക്ഷണം കഴിച്ചാണ് താൻ വളർന്നതെന്നും മുത്തശി പറയുന്നു.

നിലവിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ സ്ത്രീയെന്ന റെക്കോർഡ് അലേലിയ മുർഫിക്കാണ്. ഇവർക്ക് 114 വയസുണ്ട്. ന്യൂയോർക്കിലെ ഹർലീമിലാണ് ഇവരുടെ താമസം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook