ചില സമയങ്ങളിൽ ഒപ്പമുള്ളവർ കാണുന്ന നിറത്തിലും വ്യത്യസ്തമായവയാകും നിങ്ങൾ കാണുന്നത്. വ്യത്യസ്തമായ നിറത്തിൽ നിങ്ങൾക്ക് ദൃശ്യമാകുന്ന ഒപ്റ്റിക്കൽ മിഥ്യ നിങ്ങളെ അമ്പരപ്പിച്ചിരിക്കണം. എന്നാൽ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില ആളുകൾ നിറങ്ങളെ വ്യത്യസ്തമായി കാണുന്നു, മനസ്സിലാക്കുന്നു എന്നാണോ ഇതിനർത്ഥം? എന്താണിതിന്റെ കാരണമെന്നറിയാം.
കണ്ണുകൾ (തലച്ചോറും) പ്രവർത്തിക്കുന്നതെങ്ങനെ?
കണ്ണുകളിൽ മൂന്ന് തരം കളർ സെൻസിങ് സെല്ലുകൾ അടങ്ങിയിരിക്കുന്നു.
കോൺ എന്നറിയപ്പെടുന്ന ഇവ ചുവപ്പ്, പച്ച, നീല എന്നിങ്ങനെ മൂന്നു വെളിച്ചം കണ്ടെത്തുന്നതിന് സഹായിക്കുന്നു. ” ഈ കോണുകൾ ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് നിറത്തെക്കുറിച്ചുള്ള ധാരണ സൃഷ്ടിക്കാൻ സാധിക്കുന്നത്. എന്നിരുന്നാലും ജനിതക വ്യതിയാനങ്ങൾ കാരണം, ചിലരിൽ വ്യത്യസ്ത സംഖ്യകളോ, കോണുകളോ ഉണ്ടാകാം. ഇത് വ്യത്യാസങ്ങൾക്ക് കാരണമാകാം,” ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റൽസിലെ മുതിർന്ന നേത്രരോഗവിദഗ്ദ്ധൻ ഡോ.ജയപാൽ റെഡ്ഡി പറഞ്ഞു.
“നമ്മൾ ഒരു വസ്തുവിനെ കാണുമ്പോൾ, പ്രകാശം വസ്തുവിന്റെ ഉപരിതലത്തിൽ നിന്ന് പ്രതിഫലിക്കുകയും കണ്ണുകളിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. നമ്മുടെ കണ്ണിലെ കോൺ സെല്ലുകൾ ഉടൻ തലച്ചോറിലേക്ക് സിഗ്നലുകൾ അയയ്ക്കുന്നു. ഈ സിഗ്നലുകളെ നിറമായി വ്യാഖ്യാനിക്കുന്നു, കണ്ണുകളും മസ്തിഷ്കവും ഒന്നിച്ചു പ്രവർത്തിക്കുന്നതിനെക്കുറിച്ച്, ഐക്യൂ ചീഫ് മെഡിക്കൽ ഡയറക്ടർ ഡോ. അജയ് ശർമ്മ പറഞ്ഞു.
വർണ്ണ ധാരണയെ ബാധിക്കുന്ന ഘടകങ്ങൾ
നിറം എങ്ങനെയായിരിക്കണം എന്നതിന് പ്രത്യേക മാനദണ്ഡമൊന്നുമില്ല, ഡോ. അജയ് പറഞ്ഞു. എന്നിരുന്നാലും, വർണ്ണ ധാരണയെ വിലയിരുത്തുമ്പോൾ പരിഗണിക്കേണ്ട ചില ഘടകങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഒരു വ്യക്തിയുടെ നിറങ്ങളെക്കുറിച്ചുള്ള ധാരണ കാലക്രമേണയും വ്യത്യസ്ത ലൈറ്റിംഗ് അവസ്ഥകളിലും സ്ഥിരതയുള്ളതാണോ എന്ന് അറിയേണ്ടതുണ്ട്.
കോൺ സെല്ലുകളുടെ എണ്ണത്തിലും സംവേദനക്ഷമതയിലും ഉള്ള വ്യക്തിഗത വ്യതിയാനങ്ങളാണ് ആളുകൾക്ക് നിറം വ്യത്യസ്തമായി കാണാനുള്ള ഒരു കാരണം. ചില ആളുകൾക്ക് മറ്റുള്ളവരേക്കാൾ കൂടുതലോ കുറവോ കോൺ സെല്ലുകൾ ഉണ്ടായിരിക്കാം, അല്ലെങ്കിൽ അവരുടെ കോൺ സെല്ലുകൾ പ്രകാശത്തിന്റെ ചില തരംഗദൈർഘ്യങ്ങളോട് വ്യത്യസ്തമായി പ്രതികരിക്കാം. “ഉദാഹരണത്തിന്, ഗ്രീൻ ലൈറ്റിനോട് സംവേദനക്ഷമതയുള്ള കോൺ സെല്ലുകളുടെ എണ്ണം കൂടുതലുള്ള ഒരാൾക്ക് കാണുന്ന കാഴ്ചകളിലെ പച്ചയെ എടുത്തു കാണിക്കപ്പെടും,” ഡോ അജയ് പറഞ്ഞു.
വർണ്ണ ധാരണയെ ബാധിക്കുന്ന മറ്റൊരു ഘടകം പ്രായമാണ്. “നമുക്ക് പ്രായമാകുന്തോറും, കണ്ണിന്റെ ലെൻസ് വ്യക്തമല്ലാതാകുകയും, നിറങ്ങൾ മങ്ങി കാണുകയോ ചെയ്യാം. തിമിരം അല്ലെങ്കിൽ മാക്യുലർ ഡീജനറേഷൻ പോലുള്ള ചില മെഡിക്കൽ അവസ്ഥകളും വർണ്ണ ധാരണയെ ബാധിക്കും, ”ഡോ.ജയപാൽ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
കൂടാതെ, വർണ്ണ ധാരണയെ ബാധിക്കുന്ന മറ്റൊരു ഘടകമായി ഡോ അജയ് ലൈറ്റിംഗ് അവസ്ഥകളെ ചൂണ്ടിക്കാട്ടുന്നു. “വ്യത്യസ്‌ത പ്രകാശ സ്രോതസ്സുകൾ പ്രകാശത്തിന്റെ വ്യത്യസ്ത തരംഗദൈർഘ്യങ്ങൾ പുറപ്പെടുവിക്കുന്നു. ഇത് നാം നിറങ്ങൾ മനസ്സിലാക്കുന്ന രീതിയെ ബാധിക്കുന്നു. ഉദാഹരണത്തിന്, ഫ്ലൂറസെന്റ് ലൈറ്റിംഗിന് നീല-പച്ച നിറം ഉണ്ടായിരിക്കും. ഇത് നിറങ്ങൾക്ക് ഒരു കൂളിങ് ഇഫക്റ്റ് നൽകും. മറുവശത്ത്, ഇൻകാൻഡസെന്റ് ലൈറ്റിംഗിന് ഊഷ്മളമായ മഞ്ഞ-ഓറഞ്ച് നിറമാണുള്ളത്. ഇത് നിറങ്ങളെ കൂടുതൽ ഊഷ്മളമാക്കുന്നു,”ഡോ അജയ് വിവരിക്കുന്നു.
സാംസ്കാരികവും ഭാഷാപരവുമായ വ്യത്യാസങ്ങൾ പോലും വർണ്ണ ധാരണയെ ബാധിക്കുമെന്ന് ഡോ അജയ് പറയുന്നു. “ചില സംസ്കാരങ്ങളിൽ, ചില നിറങ്ങൾ പ്രത്യേക ഇമ്മോഷൻസുമായിട്ടോ അർത്ഥങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്, പാശ്ചാത്യ സംസ്കാരങ്ങളിൽ, ചുവപ്പ് പലപ്പോഴും പാഷൻ, അപകടം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏഷ്യൻ സംസ്കാരങ്ങളിൽ ഇത് ഭാഗ്യവുമായോ സന്തോഷവുമായോ ബന്ധപ്പെട്ടിരിക്കുന്നു. ചില ഭാഷകളിൽ ചില നിറങ്ങൾക്ക് വ്യത്യസ്ത പദങ്ങൾ ഉണ്ടായിരിക്കാം. നിറങ്ങൾ തമ്മിൽ വേർതിരിച്ചറിയാൻ കഴിയില്ല. ഇത് ആളുകൾ നിറങ്ങളെ എങ്ങനെ മനസ്സിലാക്കുന്നു, വിവരിക്കുന്നു എന്നതിനെ ബാധിക്കുന്നു, ”ഡോ അജയ് പറഞ്ഞു.
എന്താണ് മനസ്സിൽ സൂക്ഷിക്കേണ്ടത്?
വർണ്ണ ധാരണ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടാം. അതിൽ ശരിയും തെറ്റും ഒന്നുമില്ല. ജനിതകശാസ്ത്രവും പ്രായവും പോലുള്ള വ്യക്തിഗത ഘടകങ്ങളാൽ ഇത് സ്വാധീനിക്കപ്പെടുന്നു.
വർണ്ണ ധാരണ പരിഗണിക്കുമ്പോൾ, മനസ്സിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. “ ഒരു മെഡിക്കൽ അവസ്ഥയെ സൂചിപ്പിക്കുന്ന വർണ്ണ ധാരണയിലെ ഏതെങ്കിലും മാറ്റങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. നിറങ്ങൾ പ്രത്യക്ഷപ്പെടുന്ന രീതിയിൽ പെട്ടെന്നുള്ള മാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഒരു നേത്രരോഗവിദഗ്ദ്ധനെ സമീപിക്കേണ്ടത് പ്രധാനമാണ്, ”ഡോ ജയപാൽ ശുപാർശ ചെയ്തു.
വർണ്ണ കാഴ്ചയെ വിലയിരുത്തുന്നതിനും നിറം കൃത്യമായി മനസ്സിലാക്കാനുള്ള നിങ്ങളുടെ കഴിവിനെ ബാധിക്കുന്ന എന്തെങ്കിലും അടിസ്ഥാന പ്രശ്‌നങ്ങൾ ഉണ്ടോ എന്ന് നിർണ്ണയിക്കുന്നതിനും നേത്രരോഗവിദഗ്ദ്ധന് പരിശോധനകൾ നടത്താനാകുമെന്ന് ഡോ.അജയ് പറഞ്ഞു. “പ്രശ്നം വിലയിരുത്തുമ്പോൾ നിറകൾ കാണുന്നതിലെ സ്ഥിരത പോലുള്ള ഘടകങ്ങൾ പരിഗണിക്കേണ്ടത് പ്രധാനമാണ്,” ഡോ. അജയ് പറയുന്നു.