നിങ്ങളുടെ ചർമ്മത്തിന് വേണ്ടി എല്ലാം പരീക്ഷിച്ചിട്ടും, ഒരു ഫലവും ഉണ്ടാകുന്നില്ലേ? പ്രധാനപ്പെട്ട എന്തോ ഒന്ന് നിങ്ങൾ വിട്ടുപോകുന്നുണ്ട്. ചർമ്മത്തെ പരിപാലിക്കുമ്പോൾ നമ്മൾ ചെയ്യേണ്ട ചെറുതും എന്നാൽ പ്രധാനപ്പെട്ടതുമായ ശുചിത്വ മാറ്റങ്ങളെക്കുറിച്ച് ഡെർമറ്റോളജിസ്റ്റ് ഡോ. ഗീതിക മിത്തൽ ഗുപ്ത പറയുന്നു. ലിസ്റ്റിലെ പ്രധാന കാര്യം എല്ലാ ആഴ്ചയും നിങ്ങളുടെ തലയിണയുടെ കവർ മാറ്റുക എന്നതായിരുന്നു.
“തലയിണയിലെ കവർ ഇടയ്ക്കിടെ മാറ്റുക. അതിനുശേഷം നിങ്ങളുടെ ചർമ്മത്തിൽ നല്ല മാറ്റം ഉണ്ടാകുന്നു. ഈ ക്ലിയർ സ്കിൻ ഹാക്കിനെക്കുറിച്ച് അറിയില്ലെങ്കിൽ, നിങ്ങൾ എന്നും ഉറങ്ങുന്നത് മൃത ചർമ്മകോശങ്ങളുടെയും ബാക്ടീരിയകളുടെയും ഒപ്പമാണ്. ആഴ്‌ചയിലൊരിക്കൽ തലയിണയിലെ കവർ മാറ്റണം. അപ്പോൾ പിന്നെ യഥാർത്ഥ തലയിണകളുടെ കാര്യമോ? ഓരോ ആറുമാസത്തിലും നിങ്ങൾ അവ കഴുകുകയോ ഡ്രൈ ക്ലീൻ ചെയ്യുകയോ വേണം, ”ഡോ. ഗീതിക പറഞ്ഞു.
പൊടിപടലങ്ങൾ, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, എണ്ണ, മൃത ചർമ്മം, അവശിഷ്ടങ്ങൾ, ബാക്ടീരിയകൾ തുടങ്ങി നിരവധി ദോഷകരമായ ഘടകങ്ങൾ നമ്മുടെ തലയിണ കവറുകളിൽ ഉണ്ടാകാമെന്ന് ഡോ. ഗീതിക തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നു.
ഇവയെല്ലാം നമ്മുടെ ചർമ്മത്തിൽ കുരുക്കൾ ഉണ്ടാകാൻ കാരണമാകുന്നു. അതിനാൽ നിങ്ങൾ കൃത്യമായി ചർമ്മസംരക്ഷണ ദിനചര്യ പിന്തുടരുകയാണെങ്കിൽപ്പോലും, ഇത് ദോഷം വരുത്തുകയും നിങ്ങളുടെ പല നടപടികളും നിഷ്ഫലമാക്കുകയും ചെയ്തേക്കാം.
സിൽക്ക് തലയിണകൾ ഉപയോഗിക്കുന്നത് എങ്ങനെ മികച്ച ചർമ്മത്തിലേക്ക് നയിക്കുമെന്നും അവ മുടിയുടെ ആരോഗ്യത്തെ സഹായിക്കുമെന്നും ഡോ.ഗീതിക പറഞ്ഞു. ഹെൽത്ത്‌ലൈൻ ഡോട്ട് കോമിലെ ലേഖനത്തിൽ യുഎസിൽ നടത്തിയ ഒരു ക്ലിനിക്കൽ പഠനത്തെ ഉദ്ധരിച്ച്, കോട്ടൺ ബെഡ്‌ഡിങ് ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് സിൽക്ക് ബെഡ്‌ഡിങ് ഉപയോഗിക്കുന്നവരിൽ മുഖക്കുരു കുറയുന്നതായി കണ്ടെത്തി.
മറ്റ് തുണിത്തരങ്ങളെ അപേക്ഷിച്ച് സിൽക്ക് ചർമ്മത്തിൽ മൃദുവും മിനുസവുമായതിനാലായിരിക്കും ഇത് എന്ന് പഠനം പറയുന്നു. കൂടാതെ, കൂടുതൽ ആഗിരണം ചെയ്യുന്ന കോട്ടണിന് വിപരീതമായി ഇത് നമ്മുടെ മുഖത്ത് നിന്ന് വളരെ കുറച്ച് എണ്ണ ആഗിരണം ചെയ്യുന്നു.
ചെന്നൈയിലെ റെൻഡർ സ്കിൻ ആൻഡ് ഹെയർ ചീഫ് കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ.റെനിത രാജൻ പറഞ്ഞു. “നമ്മൾ വിയർക്കുകയും സെബം കേസുകളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നതിനാൽ മൊത്തത്തിലുള്ള ശുചിത്വം എന്ന നിലയിൽ തലയിണകൾ മാറ്റുന്നത് നല്ല കാര്യമാണ്. അതിനാൽ, നമ്മൾ വസ്ത്രം മാറുന്നത് പോലെതന്നെ, തലയിണ കവറുകളും മാറ്റേണ്ടതുണ്ട്. സാധാരണയായി ആഴ്ചയിൽ ഒരിക്കൽ ഇത് മാറ്റുക. എന്നിരുന്നാലും, നിങ്ങൾക്ക് ധാരാളം മുഖക്കുരു ഉണ്ടെങ്കിൽ മെച്ചപ്പെട്ട ശുചിത്വത്തിനായി തലയിണക്കെട്ട് ആഴ്‌ചയിൽ രണ്ട് തവണ മുതൽ മൂന്ന് തവണ വരെ മാറ്റാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. നിങ്ങൾക്ക് ധാരാളം താരൻ ഉള്ളപ്പോഴും ഇതുതന്നെ ചെയ്യുക,” ഡോ.റെനിത പറഞ്ഞു.
എന്നാൽ തലയിണകൾ മാത്രമല്ല! നമ്മൾ അറിയാതെ തന്നെ ദോഷകരമായ കണങ്ങളെ വഹിക്കാൻ കഴിയുന്ന മറ്റ് വീട്ടുപകരണങ്ങളെക്കുറിച്ച് ഡോ. ഗീതിക തുടർന്നു. ബെഡ്ഷീറ്റുകൾ, മേക്കപ്പ് ബ്രഷുകൾ, ബ്യൂട്ടി ബ്ലെൻഡറുകൾ, ടവലുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവയാണ് പതിവായി കഴുകേണ്ട ചില കാര്യങ്ങൾ.
“ഈ സൗന്ദര്യ ശുചിത്വ ശീലങ്ങൾ മുഖക്കുരു, വീക്കം സംഭവിക്കുന്ന ചർമ്മം, എക്സിമ ഫ്ളയർ-അപ്പുകൾ എന്നിവ തടയാൻ കഴിയും,”ഗീതിക പറഞ്ഞു.