രാജസ്ഥാനിൽനിന്നുള്ള പത്തൊൻപതുകാരിയാണ് ഇത്തവണ ഫെമിന മിസ് ഇന്ത്യ പട്ടം നേടിയെടുത്തത്. ഡൽഹിയിൽനിന്നുള്ള ഷെര്യ പുംജ ഒന്നാം റണ്ണർ അപ്പും മണിപ്പുരിലെ സ്‌ട്രെല ലുവാങ് രണ്ടാം റണ്ണർ അപ്പുമായി.
“ഈ സ്ത്രീകൾക്കെല്ലാം ശക്തമായ ശബ്‌ദമുണ്ട്. അവർ വിശ്വസിക്കുന്ന എല്ലാ സുപ്രധാന തീരുമാനങ്ങൾക്കും ഈ പ്ലാറ്റ്ഫോം സഹായകരമാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഈ സ്ഥാനങ്ങൾക്കായുള്ള അവരുടെ പാഷൻ ഞങ്ങൾ കണ്ടു. അവർ പ്രവർത്തിച്ച അഭിനിവേശം ഞങ്ങൾ കണ്ടു. കൂടുതൽ അർഹതയുള്ള ആരും ഇല്ലെന്ന് തന്നെ പറയണം! അഭിനന്ദനങ്ങൾ, സ്ത്രീകളേ ഇത് ആഘോഷിക്കാനുള്ള സമയമാണ്, ” വിജയികളെ അനുമോദിച്ച് മിസ് ഇന്ത്യ ഓർഗനൈസേഷൻ ഇൻസ്റ്റഗ്രാമിൽ എഴുതി.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നടക്കുന്ന മിസ് വേൾഡ് മത്സരത്തിന്റെ 71-ാമത് എഡിഷനിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന നന്ദിനി രാജസ്ഥാനിലെ കോട്ട സ്വദേശിയാണ്. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദമുണ്ടെന്ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു.
ഒരു വ്യക്തിയെന്ന നിലയിൽ ഒരാൾ ആരാണെന്ന് നിർവചിക്കുന്നതിൽ തിരസ്കരണങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് നന്ദിനി വിശ്വസിക്കുന്നു. അതുകൊണ്ട് ജീവിതയാത്രയിൽ നേരിട്ടേക്കാവുന്ന എല്ലാ വെല്ലുവിളികളും പരാജയങ്ങളും തിരസ്‌കാരങ്ങളും നേരിടാൻ അവർ ദൃഢനിശ്ചയം ചെയ്‌തിരിക്കുന്നു,” വെബ്സൈറ്റിൽ പറയുന്നു.
രത്തൻ ടാറ്റയാണ്, നന്ദിനിയെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തി. കാരണം ടാറ്റ “മനുഷ്യരാശിക്ക് വേണ്ടതെല്ലാം ചെയ്യുന്നു. അതിൽ ഭൂരിഭാഗവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നു,” നന്ദിനി പറഞ്ഞു. അതുപോലെ, മറ്റുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അവരുടെ പൈതൃകം കെട്ടിപ്പടുക്കുന്നതിനുള്ള വേദി ഒരുക്കാനും നന്ദിനി ലക്ഷ്യമിടുന്നു.
അഭിനേതാവും 2000ലെ ലോകസുന്ദരിയുമായ പ്രിയങ്ക ചോപ്രയാണ് നന്ദിനിയെ ഏറ്റവും കൂടുതൽ പ്രചോദിപ്പിക്കുന്ന സൗന്ദര്യ റാണി. “പ്രിയങ്ക ചോപ്ര സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുകയും ഒരു അഭിനേതാവെന്ന നിലയിൽ മികവ് പുലർത്തുകയും ചെയ്തു. അവർ ഒരുപാട് ആളുകളെ പ്രചോദിപ്പിക്കുന്നു. മികച്ച നർമ്മബോധവും വളർച്ചയ്ക്ക് അനുസരിച്ച് കൂടുതൽ നേട്ടങ്ങൾ നേടാനുള്ള തീക്ഷ്ണതയുമുണ്ട്,” നന്ദിനി പറഞ്ഞു.
പൈതൃകം, സംസ്‌കാരം, പാരമ്പര്യം, ആളുകളുടെ ശബ്ദത്തിലെ മാധുര്യം എന്നിവയാണ് രാജസ്ഥാനെ സവിശേഷമാക്കുന്നതെന്ന് നന്ദിനി പറയുന്നു. “ഇന്ത്യ അതിഥി ദേവോ ഭവ എന്ന സന്ദേശത്തെ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങൾ, രാജസ്ഥാനികൾ പധാരോ മ്ഹാരേ ദേശ് (രാജ്യത്തേക്ക് സ്വാഗതം) അവരെ സ്വാഗതം ചെയ്യുന്നു.”
ഓരോ സ്ത്രീക്കും ആത്മവിശ്വാസം വേണം. തങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി പ്രവർത്തിക്കണമെന്നും സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നും നന്ദിനി പറയുന്നു.