കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടായിരുന്നു എല്ലാം. ന്യൂസ് ഫോട്ടോ എടുക്കാന്‍ പോയ ഫോട്ടോഗ്രാഫര്‍ തന്നെ ന്യൂസ് ആയി മാറി. വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന് വേണ്ടി ഹോളി ആഘോഷ ചിത്രങ്ങള്‍ പകര്‍ത്താന്‍ ചെന്നൈ നഗരത്തില്‍ എത്തിയതായിരുന്നു പി.രവികുമാര്‍ എന്ന ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍.

എന്നാല്‍ കളിച്ചു ഹോളി ആഘോഷത്തിനിടെ പെട്ടെന്നാണ് ഒരു കൊച്ചു പയ്യന്‍ കുഴഞ്ഞു വീണത്.

‘അവിടെ ഏകേശം ആയിരത്തോളം ആളുകള്‍ ഉണ്ടായിരുന്നു. ഭൂരിപക്ഷവും യുവാക്കളായിരുന്നു. ഞാന്‍ ചിത്രങ്ങളെടുക്കാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്ന് ഒരു കൊച്ചു പയ്യന്‍ ശ്വാസം നിലച്ച് കുഴഞ്ഞു വീണു. ഞാന്‍ ഉടന്‍ തന്നെ എന്റെ ക്യാമറ കൂടെ ഉണ്ടായിരുന്ന ഫോട്ടോഗ്രാഫറെ ഏല്‍പ്പിച്ച് ഓടിച്ചെന്നു. അവന്റെ ഒരു കണ്ണ് പതിയെ തുറന്നു നോക്കി. ആകെ വിളറിയിരുന്നു. ശരീരം തണുത്തിരുന്നു. അധികം സമയമില്ല എന്നു ഞാന്‍ തിരിച്ചറിഞ്ഞു.’

പി.രവികുമാർ

ഉടന്‍ രവികുമാര്‍ ആ കൊച്ചു പയ്യന്റെ നെഞ്ചില്‍ തന്റെ ഇരുകൈകളും ഉപയോഗിച്ച് ശക്തിയായി അമര്‍ത്തി തുടങ്ങി. മൂപ്പത് തവണ ഒരുമിച്ച് അമര്‍ത്തി. പിന്നീട് വായിലൂടെ ശ്വാസം നല്‍കി. ഇത് തുടര്‍ന്നപ്പോള്‍ പതിയേ അവന്‍ അനങ്ങിത്തുടങ്ങി.

‘അവന്‍ കൈകള്‍ ഇളക്കി. പിന്നീട് വെള്ളം തുപ്പി, ശേഷം അല്‍പ്പം രക്തവും. ആംബുലന്‍സ് വരുന്നതിന് മുമ്പായി ആരോ അവനെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിച്ചു.’

രവികുമാര്‍ തന്നെയാണ് ആ കുട്ടിയുടെ വീട്ടുകാരെയും വിവരം അറിയിച്ചത്. എങ്ങനെയാണ് മുട്ടറ്റമുള്ള വെള്ളത്തില്‍ ആ കുട്ടി വീണത് എന്ന് ഇപ്പോഴും വ്യക്തമല്ലെന്ന് രവികുമാര്‍ പറയുന്നു.

‘മാസങ്ങള്‍ക്ക് മുമ്പാണ് എന്റെ അമ്മ മരിച്ചത്. ശ്വസന പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു അമ്മയ്ക്കും. 76 വയസായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഞാനും സഹോദരിയും ചേര്‍ന്ന് സിപിആര്‍ നല്‍കി.’ ഇത്തരം സംഭവങ്ങള്‍ ജീവന്‍ രക്ഷാ സ്‌കില്ലുകള്‍ പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ബോധം തന്നില്‍ ഊട്ടിയുറപ്പിക്കുകയാണെന്ന് രവികുമാര്‍ പറയുന്നു.

‘ഞാന്‍ ചെന്നൈയിലെ ഒരു മാളില്‍ ഒരു എന്‍ജിഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ വച്ചാണ് ഇത് പഠിച്ചത്. എല്ലാവരും ഇത്തരം കാര്യങ്ങള്‍ പഠിക്കണം,’ രവികുമാര്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook