നിത്യജീവിതത്തിൽ പലർക്കും ഒഴിവാക്കാനാവാത്ത ഒന്നാണ് ലിഫ്റ്റുകൾ. ബഹുനിലകെട്ടിടങ്ങളിലും മാളുകളിലുമൊക്കെ ലിഫ്റ്റുകൾ ഇല്ലാതെ പറ്റില്ല താനും. എന്നാൽ ലിഫ്റ്റിന് അകത്ത് അകപ്പെട്ടു പോവുകയെന്നത് അത്ര സുഖകരമായ അനുഭവമല്ല. ആരും തന്നെ ആഗ്രഹിക്കുന്ന കാര്യവുമല്ല അത്. എന്നാൽ എന്തെങ്കിലും സന്ദർഭവശാൽ അത്തരമൊരു അനുഭവം വന്നാൽ ഇക്കാര്യങ്ങൾ മനസ്സിലുണ്ടാവണം. ലിഫ്റ്റിൽ കുടുങ്ങിയാൽ നിങ്ങൾ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളുണ്ട്.
പരിഭ്രാന്തരാവാതെ ഇരിക്കുക
ലിഫ്റ്റിൽ കുടുങ്ങിയെന്നു മനസ്സിലായാൽ സ്വാഭാവികമായും പരിഭ്രാന്തി തോന്നാം. പക്ഷേ ആ സാഹചര്യത്തിൽ കഴിയുന്നതും ശാന്തരായിരിക്കാൻ ശ്രദ്ധിക്കണം. പരിഭ്രാന്തി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും, ഇനിയെന്ത് ചെയ്യണമെന്ന് വ്യക്തമായി ചിന്തിക്കാൻ കഴിയാതെ വരും. മാത്രമല്ല, അമിതമായ പരിഭ്രാന്തിയും ഭീതിയുമൊക്കെ ചിലപ്പോൾ ശ്വാസം മുട്ടുന്നതുപോലെ തോന്നിപ്പിക്കും. ഇത്തരം ഘട്ടങ്ങളിൽ കണ്ണടച്ച് ഒരു ദീർഘനിശ്വാസം എടുത്ത് മനസ്സിനെ ശാന്തമാക്കുക. ഒന്നിൽ കൂടുതൽ ആളുകൾ ഒന്നിച്ചാണ് കുടുങ്ങുന്നതെങ്കിലും പരസ്പരം ധൈര്യം പകർന്ന് ശാന്തരായി ഇരിക്കാൻ ശ്രദ്ധിക്കുക.
നിങ്ങൾ അപകടത്തിലാണെന്ന കാര്യം മറ്റുള്ളവരെ അറിയിക്കുക
മിക്ക ലിഫ്റ്റുകളിലും അലാം ബട്ടൻ ഉണ്ടാവും, ചില ലിഫ്റ്റുകളിൽ ഫോൺ സംവിധാനവും. നിങ്ങൾ ലിഫ്റ്റിൽ കുടുങ്ങി കിടക്കുകയാണെന്ന കാര്യം കെട്ടിടത്തിലെ ജീവനക്കാരെ അറിയിക്കാൻ ശ്രമിക്കുക. ആരും പ്രതികരിക്കാത്ത സാഹചര്യമാണെങ്കിൽ വാതിലിൽ തട്ടി ശബ്ദമുണ്ടാക്കി പുറത്തുള്ളവരുടെ ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുക.
ആവശ്യമെങ്കിൽ പൊലീസ്/ഫയർ ഫോഴ്സ് സഹായം തേടാം
സഹായത്തിന് ആരുമെത്താത്ത രീതിയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ഇടമാണെങ്കിൽ പൊലീസ്, ഫയർഫോഴ്സ് നമ്പറുകളിൽ ബന്ധപ്പെട്ട് ലിഫ്റ്റ് നിലച്ച വിവരം അറിയിക്കാം. ലിഫ്റ്റിന് അകത്ത് ഇരുട്ടാണെങ്കിൽ മൊബൈൽ ഫോണിലെ ടോർച്ചോ മറ്റോ കത്തിച്ചുവച്ച് വെളിച്ചം കൊണ്ടുവരിക.
സാഹസം അരുത്
ലിഫ്റ്റിൽ കുടുങ്ങിയവർ ഫാൻ മാറ്റിയും വാതിൽ തള്ളി തുറന്നുമൊക്കെ ഊർന്നിറങ്ങുന്ന രംഗങ്ങൾ സിനിമകളിലും മറ്റും കണ്ടിട്ടുണ്ടാവും. എന്നാൽ അത്തരത്തിലുള്ള സാഹസങ്ങൾക്ക് മുതിരരുത്. ബലം പ്രയോഗിച്ചു വാതിലുകൾ തുറക്കാതിരിക്കാൻ ശ്രദ്ധിക്കുക. കെട്ടിടത്തിലെ ജീവനക്കാരുടെയോ ലിഫ്റ്റ് ഓപ്പറേറ്ററുടെയോ സഹായമില്ലാതെ, പാതി തുറന്ന വാതിലിലൂടെ പുറത്തു കടക്കാൻ ശ്രമിക്കുകയുമരുത്, ഇത് അപകടങ്ങൾ വരുത്തിവയ്ക്കും.
ലിഫ്റ്റ് ഓപ്പറേറ്റർമാരിൽ വിശ്വസിക്കുക
സഹായത്തിന് ലിഫ്റ്റ് ഓപ്പറേറ്റർമാർ എത്തിയാലും ചിലപ്പോൾ ലിഫ്റ്റ് താഴെയിറക്കി അകത്തു കുടുങ്ങിയ ആളെ രക്ഷപ്പെടുത്താൻ സമയമെടുക്കും. അക്ഷമരാവാതെ അവരിൽ വിശ്വസിക്കുക, അവർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക.
ഒരിക്കൽ ലിഫ്റ്റിൽ അകപ്പെട്ടാൽ പിന്നെ ഭയംകൊണ്ട് ലിഫ്റ്റ് ഉപയോഗം ഒഴിവാക്കുന്നവരെ കണ്ടിട്ടുണ്ട്. പിന്നീട് അതൊരു തരം ഫോബിയയായി വളരുമെന്നതിനാൽ ആ ഭീതിയെ വളരാൻ അനുവദിക്കരുത്. ഭീതിയുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കുകയല്ല, മറിച്ച് അതിനെ നേരിടാനുള്ള ധൈര്യമുണ്ടാവുകയാണ് വേണ്ടത്. ലിഫ്റ്റിനോടുള്ള ഭീതി കൂടിയ സാഹചര്യങ്ങളിൽ വിദഗ്ധോപദേശം തേടി, ആ ഭീതിയെ ചികിത്സിച്ചു മാറ്റുക.
ബിൽഡിംഗിൽ നിങ്ങളല്ലാതെ മറ്റാരുമില്ലെങ്കിൽ ലിഫ്റ്റ് ഉപയോഗിക്കുമ്പോൾ കുറച്ചുകൂടി ജാഗ്രത വേണം. അത്തരം സാഹചര്യങ്ങളിൽ ലിഫ്റ്റിനു പകരം പടികൾ ഉപയോഗിക്കുന്നതാവും ഉചിതം.