ചർമ്മ സംരക്ഷണത്തിൽ സൺസ്ക്രീൻ ഒഴിച്ചുകൂടാനാവാത്തതാണ്. അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിന് വലിയ ദോഷം വരുത്തുമെന്ന് പലർക്കും അറിയാം. “ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം പതിവായി സൺസ്ക്രീൻ ഉപയോഗിക്കുന്നതാണ്,” ഡെർമറ്റോളജിസ്റ്റും ഡൽഹി സ്കിൻ സെന്റർ സ്ഥാപകയുമായ ഡോ.മേഘ്ന ഗുപ്ത പറഞ്ഞു.
സൺസ്ക്രീൻ പുരട്ടുന്നതിന്റെ നിരവധി ഗുണങ്ങളെക്കുറിച്ച് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പങ്കുവച്ചു. “അകാല വാർധക്യം, കൊളാജൻ തകരാർ, ചർമ്മത്തിലെ പൊള്ളൽ, ചർമ്മത്തിന്റെ നിറവ്യത്യാസം എന്നിവ തടയുന്നു, കൂടാതെ കാൻസറിന്റെയും വീക്കത്തിന്റെയും സാധ്യത കുറയ്ക്കുന്നു.”
ഏത് തരം സൺസ്ക്രീനാണ് ഉപയോഗിക്കേണ്ടത്?
വ്യത്യസ്ത സൺസ്ക്രീനുകൾ വിപണിയിൽ ലഭ്യമായതിനാൽ ശരിയായത് തിരഞ്ഞെടുക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കിയേക്കാം. ഇന്ത്യൻ കാലാവസ്ഥ അനുസരിച്ച് ഇന്ത്യക്കാർക്ക് ഏറ്റവും അനുയോജ്യമായ സൺസ്ക്രീൻ ഏതെന്ന് ഡെർമറ്റോളജിസ്റ്റ് പറഞ്ഞു. ”എസ്പിഎഫ് 30 അല്ലെങ്കിൽ അതിനുമുകളിലുള്ളതാണ് ഏറ്റവും അനുയോജ്യം, കാരണം ഇത് ദീർഘകാലത്തേക്ക് സംരക്ഷണം നൽകുന്നു. 30 എന്നത് ബ്രോഡ് സ്പെക്ട്രത്തിന് തുല്യമല്ലെന്ന് ഓർക്കുക.”
എസ്പിഎഫ് ഉയർന്നതനുസരിച്ച്, പ്രകാശത്തിന്റെ വിവിധ തരംഗദൈർഘ്യങ്ങളിൽ നിന്നുള്ള സംരക്ഷണം ദൈർഘ്യമേറിയതാണ്. ബ്രോഡ്-സ്പെക്ട്രം സൺസ്ക്രീൻ UVA, UVA, ഇൻഫ്രാ-റെഡ്, HEV ലൈറ്റ്, ബ്ലൂ ലൈറ്റ് എന്നിവയിൽ നിന്ന് സംരക്ഷണം നൽകുന്നുവെന്ന് ഡോ.ഗുപ്ത പറഞ്ഞു.
ചർമ്മത്തിന് ദോഷം വരുത്താതെ മികച്ച സംരക്ഷണത്തിനായി, മിനറൽ സൺസ്ക്രീൻ ഉപയോഗിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. ”മിനറൽ സൺസ്ക്രീനാണ് നല്ലത്, പ്രത്യേകിച്ച് സ്പോർട്സിലോ ഔട്ട്ഡോർ പ്രവർത്തനങ്ങളിലോ ഏർപ്പെടുന്ന ആളുകൾക്ക്. അവർ കൂടുതൽ സമയം സൂര്യപ്രകാശം ഏൽക്കുന്നതിനാലാണിത്. അതുപോലെ, കുട്ടികൾക്കോ സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾക്കോ മിനറൽ സൺസ്ക്രീൻ ശുപാർശ ചെയ്യുന്നു,” അവർ പറഞ്ഞു.