സോഷ്യല്‍ മീഡിയയേയും വാര്‍ത്ത മാധ്യമങ്ങളേയും ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു ഇന്നലെ രാത്രി ഇന്ത്യന്‍ ആര്‍മിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും വന്ന ട്വീറ്റ്. കഥകളില്‍ മാത്രം കേട്ടിട്ടുള്ള യതി എന്ന ഹിമമനുഷ്യന്റെ കാലടയാളങ്ങള്‍ കണ്ടെന്നായിരുന്നു ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക അക്കൗണ്ടില്‍ നിന്നുമുള്ള ട്വീറ്റ്. നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാമ്പിന് സമീപത്തു നിന്നും യതിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയെന്നായിരുന്നു ട്വീറ്റ്. ഇതിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

യതിയുടെ കാല്‍പ്പാടിന്റേത് തന്നെയാണോ ചിത്രങ്ങള്‍ എന്നാണ് സോഷ്യല്‍ മീഡിയയും മറ്റും ചോദിക്കുന്നത്. എന്നാല്‍ കാല്‍പ്പാട് മാച്ച് ചെയ്യണമെങ്കില്‍ ആദ്യം യതി ഉണ്ടെന്ന് തെളിയണമല്ലോ. ഇല്ലാത്ത ഒന്നിന്റെ കാല്‍പ്പാടുകളുമായി എങ്ങനെയാണ് ഒത്തുനോക്കാനാവുക. ഈ നിമിഷം വരെ യതി എന്നൊരു ജീവി ജീവിച്ച് ഇരിക്കുന്നതായോ ജീവിച്ചിരുന്നതായോ യാതൊരും തെളിവും ലഭിച്ചിട്ടില്ല. ശാസ്ത്ര ലോകത്തെ സംബന്ധിച്ചിടത്തോളം യതി എന്നത് കേവലമൊരു മിത്ത് മാത്രമാണ്. നാടോടിക്കഥകളില്‍ മാത്രം നിലനില്‍ക്കുന്ന ഒന്ന്.

കഥകള്‍ പ്രകാരം നേപ്പാള്‍-ഇന്ത്യ അതിര്‍ത്തിയിലെ ഹിമാല മലനിരകളിലാണ് യതി ജീവിക്കുന്നത്. അമേരിക്കന്‍ നാടോടിക്കഥകളിലെ ബിഗ് ഫൂട്ട് എന്ന ഭീമന്‍ ജീവിയോട് സാമ്യമുള്ളതാണ് യതിയെ കുറിച്ചുള്ള കഥകളും. നേപ്പാളില ഗോത്ര വിഭാഗമായ ഷേര്‍പ്പകളുടെ വിശ്വാസ പ്രകാരം യതി വളരെ അപകടകാരിയായ ഒരു ഭീകരജീവിയാണ്. യതി എന്ന വാക്കിന്റെ അര്‍ത്ഥം വൈല്‍ഡ് മാന്‍ എന്നാണ്. കാലങ്ങളായി യതിയെ കുറിച്ചുള്ള കഥകള്‍ നാടോടി സാഹിത്യത്തിലൂടെ തലമുറകളിലേക്ക് കടന്നു വരികയായിരുന്നു. ഇന്നും കുട്ടികളെ വന്യമൃഗങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കാനും പേടിപ്പിക്കാനും പറയുന്ന കഥയാണ് യതിയുടേത്. കഠിനമായ കാലാവസ്ഥയ്‌ക്കെതിരെ പൊരുതാനുള്ള ഊര്‍ജ്ജം പകരാനും ശേര്‍പ്പകള്‍ക്കിടയില്‍ യതിയുടെ കഥ ഉപയോഗിക്കുന്നുവെന്നുമൊരു തിയറിയുണ്ട്.

പ്രാദേശിക വാസികള്‍ യതിയെ മനുഷ്യക്കരടിയെന്നും മഞ്ഞ് മനുഷ്യനെന്നും വിളിക്കുന്നുണ്ട്. യതിയെ കണ്ടെത്താനായി ആദ്യം രംഗത്തിറങ്ങിയത് 1921 ല്‍ ബ്രിട്ടീഷുകാരനായ ചാള്‍സ് ഹൊവാര്‍ഡ് ബറിയാണ് പിന്നീട് ഹെന്റ്രി ന്യൂമാന്‍ എന്നയാളും യതിയെ തേടിയിറങ്ങി. രണ്ട് പേരുടേയും കണ്ടെത്തലുകളും മറ്റും ഒരുപാട് പേരുടെ താല്‍പര്യത്തെ ഉണര്‍ത്തി. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ നിന്നും യതിയെ തേടി നിരവധി പേരാണ് പിന്നീട് ഇറങ്ങിയത്. പലരും യതിയുടെ കാല്‍പ്പാട് കണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഒന്നും സ്ഥിരീകരിക്കപ്പെട്ടില്ല.

വലിയ, ഏറെക്കുറെ സമചതുരാകൃതിയിലുള്ള തലയും റെഡ്ഡിഷ് ബ്രൗണ്‍ നിറമുള്ള രോമവുമാണ് യതിക്കുള്ളത് (കഥകള്‍ പ്രകാരം). രണ്ട് കാലുകളിലാണ് യതി നടക്കുന്നത്. വളരെ ഉച്ചത്തിലും പേടിപ്പെടുത്തുന്നതുമാണ് യതിയുടെ കരച്ചില്‍. 1951 ല്‍ എറിക് ഷിപ്പ്ടണ്‍ യതിയുടെ കാല്‍പ്പാടിന്റെ ഫോട്ടോയെന്ന അവകാശവാദവുമായി ചിത്രങ്ങള്‍ പുറത്ത് വിട്ടിരുന്നു. അതില്‍ കാലുകള്‍ക്ക് പകരം കൈ വിരലുകളുടെ അടയാളമായിരുന്നു ഉണ്ടായിരുന്നത്. 1960 ല്‍ യതിയുടെ സര്‍ എഡ്മണ്ട് ഹിലാരി യതിയുടേതെന്ന് സംശയിക്കുന്ന തലയോട്ടിയുമായി രംഗത്തെത്തി. എന്നാല്‍ ആടിനോടുളള രൂപസാദൃശ്യമുള്ള ഒരു തരം ജീവിയുടേതാണെന്ന് തെളിഞ്ഞു.
Read More: നേപ്പാൾ അതിർത്തിയിൽ ‘യതി’യുടെ കാൽപ്പാടുകൾ; ചിത്രങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം
ഈ 21-ാം നൂറ്റാണ്ടിലും യതിയുടേതെന്ന് പറഞ്ഞ് അടയാളങ്ങളും ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. 2010 ല്‍ നാലുകാലുള്ള, രോമങ്ങളില്ലാത്ത ഒരു ജീവിയെ ചൈനീസ് വേട്ടക്കാര്‍ പിടികൂടിയിരുന്നു. യതിയാണെന്നായിരുന്നു അവകാശ വാദം. എന്നാല്‍ അത് രോഗം മൂലം രോമം കൊഴിഞ്ഞു പോയ വെരുകായിരുന്നു. 2011 ല്‍ യതിയുടെ വിരല്‍ കണ്ടെത്തിയെന്നായിരുന്നു അവകാശ വാദം. എന്നാല്‍ അത് മനുഷ്യവിരലാണെന്ന് ഡിഎന്‍എ ടെസ്റ്റില്‍ തെളിഞ്ഞു.

ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്ത യതിയെ കുറിച്ചുള്ള കഥകള്‍ പക്ഷെ ഇന്നും ധാരളമാണ്. നാടോടിക്കഥകളില്‍ നിന്നും ടിന്‍ ടിന്‍, സ്‌കൂബി ഡൂ, മോണ്‍സ്‌ട്രേഴ്‌സ് ഇന്‍കോര്‍പ്പറേറ്റ് തുടങ്ങിയ ആനിമേഷന്‍ ചിത്രങ്ങളിലുമെല്ലാം യതി ഇടം പിടിച്ചിട്ടുണ്ട്.

മുമ്പ് വന്ന യതിയെ കണ്ടെത്തിയെന്ന അവകാശവാദങ്ങളെ എഴുതിത്തള്ളാമെങ്കിലും ഇത്തവണത്തേത് അങ്ങനല്ല. ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക ട്വിറ്ററില്‍ നിന്നുമാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ആര്‍മിയുടെ ട്വീറ്റിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ട്രോളുകളും സജീവമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook