നിരവധി ചർമ്മസംരക്ഷണ ട്രെൻഡുകൾ ഉണ്ട്. അവയിൽ ‘ഗ്ലാസ് സ്കിൻ’ ഉൾപ്പെടുന്നു. കൊറിയയിൽ നിന്നാണ് ഗ്ലാസ് സ്കിൻ സങ്കൽപവും ഉടലെടുക്കുന്നത്. ഗ്ലാസ് സ്കിൻ ആണ് കൊറിയക്കാരുടേതെന്നാണ് പറയുന്നത്. മിനുസവും തിളക്കമുള്ളതും പാടുകളില്ലാത്തതും നന്നായി ജലാംശം ഉള്ളതുമായ ചർമ്മമാണ് ഗ്ലാസ് സ്കിൻ. ചിട്ടയായ ദിനചര്യകളിലൂടെ ഗ്ലാസ് സ്കിൻ നേടിയെടുക്കാവുന്നതാണ്.
ശരിയായ ചർമ്മസംരക്ഷണവും ആവശ്യമായ സപ്ലിമെന്റുകൾ എടുക്കുകയും ചെയ്യുന്നതിലൂടെ ചർമ്മം രോഗരഹിതമാണെന്ന് ഉറപ്പാക്കേണ്ടതും പ്രധാനമാണെന്ന് സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ ഡെർമറ്റോളജിസ്റ്റ് ഡോ.സൊണാലി കോഹ്ലി പറഞ്ഞു. ക്ലെൻസിങ്, ടോണിങ്, മോയ്സ്ച്യുറൈസിങ് എന്നിവ വേണമെന്ന് ഡോക്ടർ ഊന്നിപ്പറഞ്ഞു. ക്ലെൻസിങ് എല്ലാ അഴുക്കും ഇല്ലാതാക്കാൻ സഹായിക്കുമെന്ന് അവർ വ്യക്തമാക്കി.
“മേക്കപ്പ് ഉപയോഗിക്കുകയാണെങ്കിൽ, എല്ലാ ഉൽപ്പന്നങ്ങളും നീക്കം ചെയ്യാൻ ക്ലെൻസർ സഹായിക്കുന്നു. ചിലപ്പോൾ, മേക്കപ്പ് സുഷിരങ്ങളിലൂടെ തുളച്ചുകയറുന്നു, അപ്പോൾ ക്ലെൻസിങ് കൊണ്ട് മാത്രം കാര്യമില്ല. ഇവിടെയാണ് ടോണറുകൾ അനിവാര്യമാകുന്നത്. അവ ചർമ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യാനും മൃദുത്വം ലഭിക്കാനും സഹായിക്കുന്നു. ചർമ്മത്തിനു വേണ്ട സജീവ ഘടകങ്ങൾ സെറത്തിൽ അടങ്ങിയിരിക്കുന്നു. ആദ്യം സെറം ഉപയോഗിക്കണം, അതിനുശേഷം മോയ്സ്ച്യുറൈസർ,” ഡോക്ടർ പറഞ്ഞു.
ഗ്ലാസ് സ്കിൻ ലഭിക്കാൻ ചില ടിപ്സുകളും ഡോക്ടർ പറഞ്ഞിട്ടുണ്ട്.
- ഡബിൾ ക്ലെൻസിങ്. ചർമ്മത്തിൽ ശേഷിക്കുന്ന അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാൻ, ഓയിൽ ക്ലെൻസർ ഉപയോഗിച്ച് ചർമ്മത്തെ വൃത്തിയാക്കിയശേഷം ക്രീമോ ജെല്ലോ ഉപയോഗിച്ച് വീണ്ടും കഴുകി വൃത്തിയാക്കുക.
- അതിനുശേഷം, മൃതകോശങ്ങളെ നീക്കം ചെയ്യാൻ സ്ക്രബ് ചെയ്യുക.
- ചർമ്മത്തിന് ജലാംശം നൽകാൻ ഒരു ഫെയ്സ് മാസ്ക് നോക്കുക, തുടർന്ന് ചർമ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാൻ ഒരു ടോണറും.
- ഓയിൽ അടിസ്ഥാനമാക്കിയുള്ള ഫെയ്സ് സെറം ആണ് അടുത്തത്.
- മോയ്സ്ച്യുറൈസർ പ്രയോഗിക്കുക. എണ്ണമയമുള്ള ചർമ്മക്കാർ ജെൽ അടിസ്ഥാനമാക്കിയുള്ള മോയ്സ്ച്യുറൈസർ ഉപയോഗിക്കുക. അതിനുശേഷം, 30 അല്ലെങ്കിൽ അതിൽ കൂടുതലുള്ള SPF ഉള്ള സൺസ്ക്രീൻ പുരട്ടുക.
Read More: മുഖക്കുരു സാധ്യതയുള്ള ഓയിലി ചർമ്മക്കാർ ഈ നാല് തെറ്റുകൾ ഒഴിവാക്കൂ