ആർത്തവരക്തം ഉപയോഗിച്ചൊരു ഫേഷ്യൽ! കേൾക്കുമ്പോൾ വിചിത്രവും അവിശ്വസനീയവുമായി തോന്നിയേക്കാം. എന്നാൽ സമീപകാലത്തു സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു ചർമ്മസംരക്ഷണ വിദ്യയാണിത്. തെറ്റോ ശരിയോയെന്ന് നോക്കാതെ ഒരു കൂട്ടം ടിക്ടോക്ക് ഉപയോക്താക്കൾ ഇത് പരീക്ഷിക്കുകയും ചെയ്തു. “ഒരു കുഞ്ഞിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാ മൂലകോശങ്ങളും പോഷകങ്ങളും അടങ്ങിയ ഈ രക്തം തന്നെ മതിയാവുമല്ലോ നമ്മുടെ ചർമത്തിനും,” യുക്തിസഹമെന്ന് തോന്നിക്കുന്ന ഒരു ശാസ്ത്രീയ വിശദീകരണവും അവർ അതിന് നൽകാൻ ശ്രമിച്ചു. എന്നാൽ എത്ര ശാസ്ത്രീയമാണ് ഈ പുതുപുത്തൻ വൈറൽ ഫേസ് മാസ്ക്? വിദഗ്ധർക്ക് എന്താണ് പറയാനുള്ളതെന്ന് നോക്കാം
“ചർമ്മസംരക്ഷനത്തിന് ആർത്തവരക്തം ഉപയോഗിക്കുന്ന ഈ പുത്തൻ പ്രവണത വ്യാപകമാവുന്നുണ്ട്. ചർമ്മത്തെ പരിപോഷിപ്പിക്കുകയും മുഖക്കുരു ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ ഇതിന് യാതൊരുവിധ ശാസ്ത്രീയ അടിസ്ഥാനവുമില്ല, ” ഡെർമറ്റോളജിസ്റ്റായ ഡോക്ടർ ഗീതിക മിത്തൽ ഗുപ്ത പറയുന്നു. അതുമാത്രമല്ല, മൃതകോശങ്ങളാലും എൻഡോമൈസിയം എന്നറിയപ്പെടുന്ന നിര്ജ്ജീവ ആന്തരിക പാളികളാലും മലിനമായ ഇവ അണുബാധയ്ക്ക് വരെ കാരണമാകാമെന്നും അവർ വിശദീകരിക്കുന്നു.
ഏതാണ്ട് സമാനമായ അഭിപ്രായമാണ് ബാംഗ്ലൂർ രാധാകൃഷ്ണ മൾട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ലാപ്രോസ്കോപ്പിക് സർജനും ഐവിഎഫ് സ്പെഷ്യലിസ്റ്റുമായ ഡോക്ടർ വിദ്യ വി ഭട്ടിനും. “പല സ്ത്രീകൾക്കും യോനി, സെർവിക്കൽ അണുബാധകളും എൻഡോമെട്രിറ്റിസ് എന്നറിയപ്പെടുന്ന എൻഡോമെട്രിയൽ അണുബാധകളുമുണ്ട്. ആർത്തവ ദ്രവത്തിൽ അടങ്ങിയിരിക്കുന്ന ഈ ബാക്ടീരിയയും ഫംഗസും ചർമ്മത്തിന് ഹാനികരമാകുകയും മുഖക്കുരു വർദ്ധിപ്പിക്കുകയും ചെയ്യും,” അവർ പറഞ്ഞു.
“ആരോഗ്യകരമല്ലാത്ത ഗർഭാശയ കോശങ്ങളുടെ ശിഥിലീകരണം മൂലമാണ് ഒരാളുടെ ആർത്തവ രക്തം രൂപപ്പെടുക എന്നതുകൊണ്ട്തന്നെ ഗുണത്തേക്കാൾ ദോഷമാകും ഇവകൊണ്ടുണ്ടാകുക. ഇവ ചർമ്മത്തിന് കേടുപാടുകൾ വരെ വരുത്തിയേക്കാം,” കൺസൾട്ടന്റ് കോസ്മെറ്റിക് പ്ലാസ്റ്റിക് സർജനായ ഡോ. പരാഗ് തെലാംഗും ഈ വിദ്യയുടെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കുന്നു.
തെറ്റായ പ്രവണതകൾ പിൻതുടരാതെ, ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കൺസൾട്ട് ചെയ്തതിനു ശേഷം മാത്രം പുതിയ ശീലങ്ങൾ പിന്തുടരുക, വിദഗ്ധർ അഭിപ്രായപ്പെടുന്നു.