സെലിബ്രിറ്റികളെ ആരാധിക്കുകയും അവരെ തങ്ങളുടെ റോൾ മോഡലായി കാണുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഉദാഹരണത്തിന് കരീന കപൂർ ഖാനെ തന്നെയെടുക്കാം. ബോളിവുഡിലെ സീറോ സൈസ് സുന്ദരിയായ കരീനയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. യോഗ, വർക്കൗട്ട്, ആരോഗ്യകരമായ ഭക്ഷണം എന്നിവയിലൂടെയൊക്കെ തന്റെ ഫിറ്റ്നസ്സ് നിലനിർത്താൻ എപ്പോഴും ശ്രമിക്കുന്ന താരമാണ് കരീന.
പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കേണ്ടതിനെക്കുറിച്ചും സ്വന്തം ശരീരത്തെ അഭിനന്ദിക്കേണ്ടതിനെ കുറിച്ചും സജീവവും ആരോഗ്യകരവുമായ ദിനചര്യ നിലനിർത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുമൊക്കെ എപ്പോഴും സംസാരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായി കരീന. കരീനയുടെ ഒരു ദിവസത്തെ ഡയറ്റ് പ്ലാൻ പരിചയപ്പെടുത്തുകയാണ് പോഷകാഹാര വിദഗ്ധ റുജുത ദിവേകർ.
- മികച്ച പോഷകവും ഊർജ്ജവും സമ്മാനിക്കുന്ന ഒരു പവർ പായ്ക്ക് ബ്രേക്ക് ഫാസ്റ്റോടെയാണ് താരത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നത്. വ്യായാമത്തിനു 60 മുതൽ 90 മിനിറ്റ് മുൻപായി ബ്രേക്ക്ഫാസ്റ്റ് കഴിക്കും. ഇത് വ്യായാമം ചെയ്യാനുള്ള ഊർജം ശരീരത്തിനു നൽകുന്നതിനൊപ്പം തന്നെ നല്ല രീതിയിൽ കലോറി എരിച്ചുകളയാനും സഹായിക്കും.
- ഉച്ചഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂർ കഴിയുമ്പോൾ ബ്ലാക്ക് സാൾട്ട്, പഞ്ചസാര, കുങ്കുമപ്പൂവ്, ഇഞ്ചി എന്നിവ ചേർത്ത നാരങ്ങാവെള്ളം കുടിക്കും. ഉച്ചഭക്ഷണത്തിനു ശേഷം അനുഭവപ്പെടുന്ന മാന്ദ്യത്തെ അകറ്റി നിർത്താൻ ഇതു സഹായിക്കും. കേസർ മുടി, ചർമ്മം എന്നിവയിൽ മാജിക് പ്രവർത്തിപ്പിക്കുമ്പോൾ ഇഞ്ചി, ബ്ലാക്ക് സാൾഡ് എന്നിവ വയറിന് സ്വാസ്ഥ്യം സമ്മാനിക്കും.
- അത്താഴത്തിന് പരിപ്പ്- ചോറ്- നെയ്യ് അല്ലെങ്കിൽ ജോവർ റോട്ടിയും നെയ്യുമാണ് താരം തിരഞ്ഞെടുക്കുന്നത്. അത്തായം നേരത്തെ കഴിക്കുന്നത് വഴി നല്ല ദഹനവും ഉറക്കവും ഉറപ്പാക്കാൻ സാധിക്കും. ഇത് ഹോർമോണുകളെ സന്തുലിതാവസ്ഥയിൽ നിലനിർത്താനും സഹായകരമാണ്. ഉന്മേഷത്തോടെ ഉണരുന്നതും സുഖമായി ഉറങ്ങുന്നതും സ്വാസ്ഥ്യമുള്ള ജീവിതത്തിന്റെ അടിസ്ഥാനപരമായ കാര്യങ്ങളാണ്.