രസഗുളയുടെ പേരില്‍ പശ്ചിമ ബംഗാളും ഒഡീഷയും തമ്മിലുളള രണ്ട് വര്‍ഷം നീണ്ട തര്‍ക്കതിന് അന്ത്യം വരുത്തി ചെന്നൈ ഭൂമിശാസ്ത്ര വിശകലന അതോറിറ്റിയുടെ വിധി. രസഗുളയുടെ ഉത്ഭവം ബംഗാളിലാണെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍.

ഇരു സംസ്ഥാനങ്ങളും രസഗുളയുടെ അവകാശ വാദത്തില്‍ ഉറച്ചു നിന്നതോടെയാണ് വിഷയം അതോറിറ്റിയുടെ കീഴിലെത്തിയത്. രസഗുള തങ്ങളാണ് ആദ്യമായി ഉണ്ടാക്കിയതെന്നായിരുന്നു ഒഡീഷയുടെ അവകാശവാദം . 2015നു ശേഷമാണ് രസഗുളയുമായി ബന്ധപ്പെട്ട് ബംഗാളും ഒഡീഷയും തമ്മില്‍ തര്‍ക്കം മൂർച്ചിച്ചത്.

പുരിയെന്ന സ്ഥലത്താണ് രസഗുള ആദ്യമായി ഉണ്ടാക്കിയതെന്നാണ് ചരിത്ര പഠനങ്ങള്‍ തെളിയിക്കുന്നതെന്നായിരുന്നു ഒഡീഷയുടെ വാദം. ഇതിന്റെ ആദ്യത്തെ പേര് രസഗുളയെന്നായിരുന്നില്ല, ഖീര്‍ മൊഹാനയെന്നാണത്രേ. പിന്നീട് ഈ പേര് പഹല രസഗുളയെന്നായി മാറിയെന്നും ഒഡീഷ അവകാശപ്പെട്ടു. എന്നാല്‍ ഇത് തളളിയ അതോറിറ്റി ബംഗാളിന് ക്രെഡിറ്റ് കൊടുക്കുകയായിരുന്നു.

19-ാം നൂറ്റാണ്ടില്‍ തങ്ങളുടെ നാട്ടിലാണ് ആദ്യമായി രസഗുള ഉണ്ടാക്കിയതെന്നാണ് ബംഗാള്‍ സര്‍ക്കാര്‍ വാദിച്ചത്. നബിന്‍ ചന്ദ്രദാസെന്ന വ്യക്തിയാണ് 1868ല്‍ രസഗുള ആദ്യമായി നിര്‍മിച്ചതെന്നും ബംഗാള്‍ അവകാശപ്പെട്ടു. ഇത് വ്യക്തമാക്കുന്ന ചരിത്രരേഖകളും ബംഗാള്‍ ഹാജരാക്കി.

വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കാണ് മുഴവന്‍ ക്രെഡിറ്റെന്നും ബംഗാള്‍ ഭക്ഷ്യവകുപ്പ് മന്ത്രി അബ്ദുള്‍ റസാഖ് മൊല്ലാ വ്യക്തമാക്കി. ഏറെ ഇഷ്ടമുളള പലഹാരമാണ് രസഗുളയെന്നും എന്നാല്‍ പ്രമേഹം കാരണം തൊട്ടു നോക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രസഗുളയുടെ ഉത്ഭവത്തെക്കുറിച്ച് ആഘോഷിക്കാന്‍ 2015 ജൂലൈ 30ന് ഒഡീഷ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയകള്‍ വഴി വലിയ തോതില്‍ ക്യാമ്പയിനുകള്‍ നടത്തിയിരുന്നു. ‘രസഗുളദിബസ’ എന്ന ഹാഷ് ടാഗോടെയായിരുന്നു ഈ ക്യാമ്പയിന്‍. എന്നാല്‍ ഇതൊക്കെ വിഫലമാക്കിയാണ് പുതിയ വിധി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ