ഇന്ത്യയില്‍ ഓരോ രണ്ട് സെക്കന്‍ഡിലും രക്തം ആവശ്യമായ രോഗികള്‍ ഉണ്ടാകുന്നു എന്നാണ് കണക്ക്. ശസ്ത്രക്രിയ മൂലമോ, ഗുരുതരമായ പരുക്ക് മൂലമോ ജീവന് തന്നെ ഭീഷണിയാകുന്ന രോഗം മൂലമോ ഒക്കെയാകാം ഇത്തരത്തില്‍ ആവശ്യം ഉയരുന്നതിന്റെ അടിസ്ഥാനം. ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യുള്ള രാജ്യമാണ് ഇന്ത്യ. ഇവിടെ ഒരു വര്‍ഷത്തില്‍ നാല് കോടി യൂണിറ്റ് രക്തമാണ് ആവശ്യമായി വരുന്നത്. എന്നാല്‍ നാല്‍പ്പത് ലക്ഷം യൂണിറ്റ് രക്തം മാത്രമേ ലഭ്യമാകുന്നുള്ളൂ. രക്തദാനത്തെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിലൂടെയും രക്തം ദാനം ചെയ്യുന്നതിലൂടെയും ഈ വിടവ് നികത്താവുന്നതാണ്.

ജീവന്‍ രക്ഷിക്കാന്‍ മനുഷ്യ രക്തം ആവശ്യമാണ്. ഒരല്‍പ്പം ഭയം തോന്നുമെങ്കിലും രക്തദാനം എന്നത് വളരെ സുരക്ഷിതവും ലളിതവുമാണ്. എന്നാല്‍ ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റായ വിവരങ്ങളും ജനങ്ങളില്‍ ഭയം നിറയ്ക്കുകയും ആളുകള്‍ രക്തദാനത്തിനായി മുന്നോട്ട് വരാതിരിക്കുകയും ചെയ്യാന്‍ കാരണമാണ്. ഇതൊരു ലളിതമായ പ്രക്രിയയാണെങ്കിലും രക്തദാതാവിന്റെയും സ്വീകര്‍ത്താവിന്റേയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ചില നിയമങ്ങളും വ്യവസ്ഥകളും പാലിക്കേണ്ടതുണ്ട്.

Read in English: World Blood Donor Day 2019: Important things to know before you donate blood

ഇന്ത്യയില്‍ ഒരാള്‍ രക്തദാതാവാകണമെങ്കില്‍ പ്രായം 18നും 65നും ഇടയിലായിരിക്കണം. ഭാരം 45 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മലായിരിക്കുകയും വേണം.

മറ്റൊരു പ്രധാനപ്പെട്ട കാര്യം ഹീമോഗ്ലോബിന്‍ ലെവലാണ്. 12.5 ആയിരിക്കണം രക്തദാതാവിന്റെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ്. അത് പരിശോധിച്ചതിന് ശേഷമേ രക്തം നല്‍കാന്‍ അനുവദിക്കൂ. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.

Read More: മൂന്നു ജീവനുകളെ രക്ഷിക്കാൻ കൈകോർത്ത് സാംസ്കാരിക ലോകം

എച്ച്‌ഐവി/എയ്ഡ്‌സ് ഹെപ്പറ്റൈറ്റിസ് ബി/സി എന്നിവയോ രക്തത്തിലൂടെ പകരുന്ന രോഗങ്ങളോ ഉള്ളവര്‍ക്ക് രക്തം ദാനം ചെയ്യാന്‍ സാധിക്കില്ല. ശരീരത്തില്‍ ടാറ്റൂ ചെയ്തവര്‍ക്ക് ആറ് മാസം കാത്തിരുന്നാലേ രക്തം ദാനം ചെയ്യാന്‍ കഴിയൂ.

മലേറിയ വന്നിട്ടുള്ളവര്‍ അതിനു ശേഷം 12 മാസത്തിനുള്ളില്‍ രക്തം ദാനം ചെയ്യാന്‍ പാടില്ല. ഏതെങ്കിലും തരത്തിലുള്ള പ്രതിരോധ കുത്തിവെപ്പെടുത്തവര്‍ അടുത്ത ഒരു മാസത്തേക്ക് രക്തം ദാനം ചെയ്യരുത്. രക്തദാന വേളയില്‍ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായിരിക്കണം. രക്തദാനത്തിന് 24 മണിക്കൂറിനുളളില്‍ മദ്യം ഉപയോഗിച്ചവര്‍ രക്തം ദാനം ചെയ്യാൻ യോഗ്യരല്ല.

ഒരു വ്യക്തിയില്‍ നിന്ന് ശേഖരിക്കപ്പെടുന്ന രക്തം പലവിധ പരിശോധനകള്‍ക്ക് ശേഷമാണ് മറ്റൊരാളില്‍ ഉപയോഗിക്കുന്നത്. സാധാരണയായി ഒരാളുടെ ശരീരത്തില്‍ ശരാശരി 5 ലിറ്റര്‍ രക്തം ഉണ്ടാകും. 350 മില്ലി ലിറ്റര്‍ രക്തമാണ് ഒരാളില്‍ നിന്ന് ഒരിക്കല്‍ ശേഖരിക്കുന്നത്. ഇങ്ങനെ നഷ്ടമാകുന്ന രക്തം 24 മുതല്‍ 48 വരെ മണിക്കൂറിനുള്ളില്‍ ശരീരം പുനരുഉദ്പാദിപ്പിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook