ഭക്ഷണ പ്രിയരാണ് പൊതുവേ ഇന്ത്യക്കാർ. 2018-19 ൽ ഇന്ത്യക്കാർ ഓൺലൈനിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഭക്ഷണം ബിരിയാണിയാണെന്ന് പഠനം. സെർച്ചിൽ സൗത്ത് ഇന്ത്യൻ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് കൂടുതൽ പേർ തിരഞ്ഞത്. തന്തൂരി ചിക്കനായിരുന്നു കൂടുതൽ പേർ തിരഞ്ഞ വിലയേറിയ ഭക്ഷണമെന്ന് ഓൺലൈൻ വിസിബിളിറ്റി മാനേജ്മെന്റ് ഫ്ലാറ്റ്ഫോമായ എസ്ഇഎംറഷ് നടത്തിയ പഠനത്തിൽ പറയുന്നു.

ഇന്റർനെറ്റിൽ 2,03,507 തവണയാണ് ബിരിയാണി എന്ന് ഇന്ത്യക്കാർ തിരഞ്ഞതെന്ന് പഠനത്തിൽ പറയുന്നു. 2018 ജനുവരി മുതൽ 2019 മാർച്ച്വരെ സമോസ, തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ എന്നീ മൂന്നു നോർത്ത് ഇന്ത്യൻ വിഭവങ്ങളാണ് ഏറ്റവും കൂടുതൽ പേർ തിരഞ്ഞത്. സമോസ 199,600 തവണയും തന്തൂരി ചിക്കൻ 66,966.67 തവണയും ബട്ടർ ചിക്കൻ 65,266.67 തവണയുമാണ് തിരഞ്ഞത്. ആളുകൾ വീട്ടിൽ പാകം ചെയ്ത ഏറ്റവും മികച്ച മൂന്ന് വിഭവങ്ങൾ ബിരിയാണി, ബട്ടർ ചിക്കൻ, സമോസ എന്നിവയായിരുന്നു എന്നതാണ് ശ്രദ്ധേയം.

”ഇന്ത്യക്കാരെ തമ്മിൽ ബന്ധിപ്പിക്കുന്നൊരു ഭക്ഷണമാണ് ബിരിയാണി. തെക്ക്, വടക്ക്, കിഴക്ക് തുടങ്ങി എല്ലാ പ്രദേശത്തുനിന്നുളളവരും ഈ ഭക്ഷണം ഇഷ്ടപ്പെടുന്നു. പശ്ചിമ ഇന്ത്യയ്ക്കും ബിരിയാണിയോട് താൽപര്യമുണ്ട്, മുംബൈയിലും പൂനെയിലുമുളള കൂടുതൽ ആളുകൾക്ക് ഈ ഭക്ഷണത്തോടുള്ള പ്രിയമുണ്ട്. അതോടൊപ്പം തന്നെ സൗത്ത് ഇന്ത്യൻ വിഭവങ്ങളെക്കാൾ നോർത്ത് ഇന്ത്യൻ വിഭവങ്ങളോടുളള പ്രിയം അതിശയിപ്പിക്കുന്നു. ആളുകൾ വീട്ടിൽ പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്നത്, ഇന്ത്യൻ വീടുകൾ എങ്ങനെയാണ് വ്യത്യസ്ത രീതിയിലുള്ള പാചകവും പാചകക്കുറിപ്പുകളും സംയോജിപ്പിക്കുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ആശയം നൽകുന്നു,” എസ്ഇഎംറഷ് പറയുന്നു.

ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്നു സൗത്ത് ഇന്ത്യൻ വിഭവങ്ങൾ ഇഡ്ഡലി, മസാലദോശ, വട എന്നിവയാണ്. ഇഡ്ഡലി 50,500 തവണയും മസാലദോശ 4,313.33 തവണയും വട 35,753.33 തവണയുമാണ് തിരഞ്ഞത്. ജനങ്ങൾ തിരഞ്ഞതിൽ വില കൂടിയ ഭക്ഷണം തന്തൂരി ചിക്കനാണ്. ജനങ്ങൾ ആരോഗ്യമുളള ഭക്ഷണമായി കരുതുന്നത് തന്തൂരി ചിക്കനും ഇഡ്ഡലിയുമാണെന്ന് പറഞ്ഞാണ് പഠനം അവസാനിപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook