ഓഫിസിലെ തിരക്കു പിടിച്ച ജോലികൾക്കിടയിൽ വെളളം പോലും ആവശ്യത്തിന് കുടിക്കാൻ മടിക്കുന്നവരാണ് നാമെല്ലാം. സ്വന്തം സീറ്റിൽ രാവിലെ ജോലിക്ക് വന്നിരുന്നാൽ പിന്നെ ഉച്ചയ്‌ക്ക് ഭക്ഷണം കഴിക്കാനാവും പലരും എഴുന്നേൽക്കുന്നത്. പിന്നെയും കംപ്യൂട്ടറിനു മുന്നിൽ വന്നു പണി തുടരും. ഇടയ്‌ക്ക് വെളളം കുടിച്ചാലായി. ഇതിനിടയിൽ ചായ മേശപ്പുറത്തെത്തുമ്പോൾ അതും അവിടെയിരുന്നുതന്നെ കുടിച്ചു തീർക്കും.

പിന്നെ ആ കസേരയിൽനിന്ന് ഒന്ന് പൊങ്ങണമെങ്കിൽ ഓഫിസ് വിട്ട് വീട്ടിൽ പോകാൻ സമയമാകണം. ഒട്ടുമിക്കവരുടേയും ഓഫിസ് ദിനചര്യയാണിത്. എന്നാൽ ദിവസം മുഴുവനുളള ഈ ഇരിപ്പ് ആരോഗ്യത്തിന് ആപത്താണെന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്. തുടർച്ചയായി മണിക്കൂറുകളോളം ഇരിക്കുന്നത് ആയുസ്സ് കുറയ്‌ക്കും. നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഇതു മൂലം ഉണ്ടാകും.

ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് കിട്ടുന്ന കലോറിയിൽ അധികമുളളവ കൊഴുപ്പായി നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടും. ഇത് കൊളസ്ട്രോൾ, പ്രമേഹം, കാൻസർ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്‌ക്ക് വഴി തെളിക്കും. ആവശ്യമില്ലാത്ത കൊഴുപ്പ് ശരീരത്തിലുണ്ടാകുന്നത് പുറന്തളളാനുളള ശാരീരിക അധ്വാനവും ചെയ്യാതെ വരുമ്പോഴാണ് ഇത് സംഭവിക്കുക. ദിവസവും ഇരുന്ന് ജോലി ചെയ്യുന്നവർ നടത്തമോ മറ്റ് വ്യായാമങ്ങളോ ചെയ്യാതെ ഇരിക്കുമ്പോൾ സ്ഥിതി ഗുരുതരമാകും.

എട്ട് മണിക്കൂറോളം ഇരുന്ന് ജോലി ചെയ്യുന്നവരുടെ ആയുസ്സ് 15% കുറയുമെന്നും 11 മണിക്കൂറിൽ കൂടുതൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ആയുസ്സ് 40% വരെ ആയി കുറയുമെന്ന് പഠനങ്ങൾ പറയുന്നു. ഇത്തരത്തിൽ ജോലി ചെയ്യുന്നവരിൽ അമിതവണ്ണത്തിനും സാധ്യത ഇരട്ടിയിൽ അധികമാണ്.

ജോലി ചെയ്യാതിരിക്കാൻ കഴിയാത്തതുകൊണ്ട് പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്. അതിനായി കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാം.

1. തുടർച്ചയായി ഒറ്റയിരിപ്പ് ഇരിക്കാതെ രണ്ടു മണിക്കൂർ ഇടവേളയിൽ അഞ്ചു മിനിറ്റ് എഴുന്നേറ്റ് നടക്കുക.
2. ഇടയ്‌ക്ക് നിന്നുകൊണ്ടു ചെയ്യാവുന്ന ജോലികൾ അങ്ങനെ ചെയ്യുക. ഇരിക്കുമ്പോൾ നടുവ് നിവർത്തിയിരിക്കുക.
3. കംപ്യൂട്ടർ സ്ക്രീനിന്റെ ബ്രൈറ്റ്നെസ് ഒരുപാട് കൂട്ടിയും കുറച്ചും ഇടാതിരിക്കുക.
4. കണ്ണ് സ്ക്രീനിന്രെ നേരെ വരത്തക്ക വിധം സെറ്റ് ചെയ്യുക.
5. കൈ കീബോർഡ് സ്റ്റാന്റിൽ വച്ചോ മേശപ്പുറത്തു വച്ചോ ആയാസത്തോടെ ടൈപ്പ് ചെയ്യുക.
6. മസിലുകൾ ആയാസത്തോടെയിരിക്കാൻ ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ