ഗർഭകാലം ഏറെ ശ്രദ്ധയും കരുതലും വേണ്ട സമയമാണ്. ഈ സമയത്ത് അമ്മയിലൂടെ ലഭിക്കുന്ന സ്‌നേഹം പോലെ തന്നെ പ്രധാനമാണ് കുഞ്ഞിന് വളരാൻ പ്രാപ്‌തമായ പോഷകങ്ങളും. അമ്മയിലൂടെ മാത്രമാണ് കുഞ്ഞിന് ഈ അവസ്ഥയിൽ ഏറ്റവും കൂടുതൽ പോഷകങ്ങൾ കിട്ടുന്നതെന്ന് ഓർമിക്കണം. ഗർഭിണികൾ ഭക്ഷണം ക്രമീകരിച്ച് പോഷക സമൃദ്ധവും കുഞ്ഞിന് ആവശ്യമായതുമായവ കഴിക്കാൻ ഗർഭകാലത്ത് ശ്രദ്ധിക്കണം.
ഇന്ത്യയിൽ 90 ശതമാനം ഗർഭിണികൾക്കും പ്രോട്ടീനിന്റെ കുറവ് ഉണ്ടെന്നാണ് കണക്ക്. പക്ഷേ എന്തെല്ലാം കഴിച്ചാലാണ് കുഞ്ഞിന് ആവശ്യത്തിന് പോഷകം ലഭിക്കുക എന്ന് പലർക്കും അറിയില്ല. അതിനായി ഗർഭിണികൾക്കു വേണ്ടിയുള്ള പ്രത്യേക ഭക്ഷണ രീതിയാണ് (ഡയറ്റ് പ്ലാൻ) ചുവടെ കൊടുത്തിരിക്കുന്നത്:
പ്രോട്ടീൻ
കുഞ്ഞിന്റെ വളർച്ചയ്‌ക്ക് ഏറ്റവും ആവശ്യമായ ഒന്നാണ് പ്രോട്ടീൻ. ഗർഭകാലത്ത് ഉണ്ടാകുന്ന ഓക്കാനവും ശർദ്ദിയും ക്ഷീണവുമെല്ലാം അകറ്റാൻ പ്രോട്ടീൻ സമൃദ്ധമായ ആഹാരങ്ങൾ കൊണ്ട് സാധിക്കും. ഗർഭിണിയുടെ ശരീര ഭാരത്തിനനുസരിച്ചാണ് എത്ര പ്രോട്ടീൻ ആവശ്യമുണ്ടെന്ന് കണ്ടെത്തുക. പാൽ, പാലുത്പന്നങ്ങൾ, മുട്ട, കടൽ വിഭവങ്ങൾ, കോഴിയിറച്ചി, കൊഴുപ്പ് കുറഞ്ഞ മാസം, ബീൻസ്, നട്സ്, ധാന്യങ്ങൾ എന്നിവ പ്രോട്ടീൻ നേടാൻ സഹായിക്കുന്നവയാണ്.
ആദ്യം പ്രോട്ടീൻ കുറവുണ്ടോ തങ്ങൾക്ക് എന്ന് ഗർഭിണികൾ ഒരു ന്യൂട്രീഷന്റെ സഹായത്തോടെ കണ്ടെത്തുക. ശേഷം അത് പരിഹരിക്കാനായി എന്തെല്ലാം ചെയ്യണം, കഴിക്കണം എന്നെല്ലാം ന്യൂട്രീഷനോട് ചോദിച്ചു തീരുമാനിക്കാം.
ഇരുമ്പ്
അനീമിയ മൂലമുണ്ടാകുന്ന വിളർച്ചയിൽ നിന്നും അണുബാധയിൽ നിന്നും രക്ഷിക്കാൻ ഇരുന്പ് അടങ്ങിയ ഭക്ഷണം ഗർഭിണികളെ സഹായിക്കും. കൂടാതെ, കുഞ്ഞിന്റെ വളർച്ചയ്‌ക്കും ബുദ്ധി വികാസത്തിനും ഇവ സഹായകമാണ്. സാധാരണ ആവശ്യമുള്ളതിനേക്കാൾ 750 മില്ലിഗ്രാം ഇരുന്പ് ഗർഭിണികൾക്ക് ആവശ്യമാണ്. കൊഴുപ്പ് കുറഞ്ഞ മാംസം, കോഴിയിറച്ചി, മീൻ, മുട്ട എന്നിവ നന്നായി വേവിച്ചു വേണം കഴിക്കാൻ. ഇലക്കറികൾ, പച്ചക്കറികൾ, പയർ വർഗങ്ങൾ, ധാന്യങ്ങൾ, നട്‌സ് എന്നിവയും ഇരുന്പിന്റെ അംശം കൂട്ടാൻ സഹായകമാണ്.
വൈറ്റമിൻ സി ധാരാളം അടങ്ങിയ പഴങ്ങൾ ആഹാരത്തിനു ശേഷമോ ആഹാരത്തോടൊപ്പമോ കഴിക്കാം. ഇരുമ്പ് അടങ്ങിയ ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപും ശേഷവും ചായ കുടിക്കുന്നത് ഒഴിവാക്കുകയും വേണം.
കാൽസ്യം
അമ്മയുടെ ശരീരത്തിലെ രക്തത്തിലൂടെയാണ് കുഞ്ഞിന്റെ എല്ലുകൾക്ക് ആവശ്യമായ കാൽസ്യം ലഭിക്കുന്നത്. കുഞ്ഞിന്റെ ഹൃദയം, നാഡി ഞരന്പുകൾ, മസിലുകൾ എന്നിവയുടെ വളർച്ച കാൽസ്യത്തിന്റെ സഹായത്തോടെയാണ്. കാൽസ്യം ശരീരത്തിലെത്തേണ്ടത് അമ്മയുടെയും എല്ലുകൾക്കും ആരോഗ്യത്തിനും ആവശ്യമാണ്. ദിവസം 200 മില്ലിഗ്രാം കാൽസ്യം ഗർഭകാലത്ത് കഴിക്കണം.
കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങൾ, പാൽ, മുള്ള് കഴിക്കാൻ കഴിയുന്ന മീനുകൾ, ബദാം, ഡ്രൈഡ് ഫ്രൂട്ട്സ്, ഇലക്കറികൾ, ഓറഞ്ച്, ബ്രെഡ് എന്നിവയിൽ കാൽസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഗർഭാവസ്ഥയിൽ അമ്മയുടെ പോഷകത്തിന് ആവശ്യമായത് കാൽസ്യത്തിലൂടെ ധാരാളമായി ലഭിക്കും. വൈറ്റമിൻ ഡി അടങ്ങിയ ആഹാരം ധാരാളം കഴിക്കുന്നതും കാൽസ്യം നേടാൻ സഹായിക്കും.