ഉറക്കം ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉറക്കത്തിലെ കുറവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഒരു ദിവസം 7 മണിക്കൂറിൽ താഴെയാണ് ഉറക്കമെങ്കിൽ ഹൃദയാഘാതവും സ്ട്രേോക്കും വരാനുളള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനം പറയുന്നത്.
എക്സിപിരിമെന്റൽ ഫിസിയോളജി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ഉറക്കത്തിലെ കുറവ് രക്തത്തിലെ മൂന്നു ഫിസിയോളജിക്കൽ റെഗുലേറ്ററുകളുടെ (മൈക്രോആർഎൻഎഎസ്) അളവ് ഉയർത്തുന്നതായി പഠനത്തിൽ തെളിഞ്ഞു. യുഎസിലെ കൊളറാഡോ ബോൾഡർ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
Read: വെറും 16 മിനിറ്റ് ഉറക്കം നഷ്ടപ്പെട്ടാലും നിങ്ങളുടെ ജോലിയെ ബാധിക്കും: പഠനം
ഉറക്കം ഹൃദയാരോഗ്യത്തെയും ശരീരശാസ്ത്രത്തെയും ബാധിക്കുന്നുവെന്നതാണ് പഠനത്തിൽ തെളിഞ്ഞതെന്ന് ബോൾഡർ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ക്രിസ്റ്റഫർ ഡിസൂസ പറഞ്ഞു. പൂർണ ആരോഗ്യമുളള 24 പേരുടെ രക്ത സാംപിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 44 നും 62 നും ഇടയിൽ പ്രായമുളള പുരുഷന്മാരുടെയും സ്ത്രീകളുടെയും രക്ത സാംപിളുകളാണ് ശേഖരിച്ചത്. അവരുടെ ഉറക്ക ശീലത്തെക്കുറിച്ച് അറിയാൻ ചോദ്യാവലിയും നൽകി.
പകുതി പേർ രാത്രിയിൽ 7 മുതൽ 8.5 മണിക്കൂർ ഉറങ്ങുന്നവരായിരുന്നു. ബാക്കി പകുതി പേർ 5 മുതൽ 6.8 മണിക്കൂർ വരെ ഉറങ്ങുന്നവരായിരുന്നു. ഉറക്കം കുറവായവരിൽ miR-125A, miR-126, and miR-146a സർക്കുലേറ്റിങ് ലെവൽ ഉറക്കം കൂടുതൽ ഉളളവരെക്കാൾ 40 മുതൽ 60 ശതമാനം വരെ താഴ്ന്നിരിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.
Read: ആറ് മണിക്കൂറിൽ താഴെയുള്ള ഉറക്കം നിർജ്ജലീകരണത്തിന് കാരണമാകുമെന്ന് പഠനങ്ങൾ
ഫിസിയോളജിക്കൽ റെഗുലേറ്ററുകളുടെ (മൈക്രോആർഎൻഎഎസ്) അളവ് കൃത്യമായി നിലനിർത്താൻ 7 മണിക്കൂർ എങ്കിലും ദിവസവും ഉറങ്ങണമെന്ന് പ്രൊഫസർ ക്രിസ്റ്റഫർ ഡിസൂസ പറഞ്ഞു.
നേരത്തെ രാത്രിയിൽ പതിവിലും ഉറങ്ങുന്ന സമയത്തിൽ 16 മിനിറ്റ് നഷ്ടപ്പെടുത്തിയാലും അത് ജോലിയെ ബാധിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിരുന്നു. ‘സ്ലീപ് ഹെൽത്ത്’ എന്ന മാഗസിനിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ വിഷയം ചൂണ്ടിക്കാട്ടിയത്. ജോലിയുളള ദിവസങ്ങളിൽ രാത്രിയിൽ പതിവിലും കുറഞ്ഞ സമയമാണ് ഉറങ്ങുന്നതെങ്കിൽ നിങ്ങളുടെ ജോലിയെ അത് ബാധിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.