scorecardresearch

മിഡ് ലൈഫ് ക്രൈസിസിനെ മറികടക്കാം; ഈ മാറ്റങ്ങൾ ജീവിതത്തിൽ കൊണ്ടുവരൂ

വിഷാദം, മാനസിക സമ്മർദ്ദം, ആളുകളിൽ നിന്നും അകന്നുനിൽക്കാനും ഒറ്റയ്ക്കിരിക്കാനുമുള്ള പ്രവണത- മിഡ് ലൈഫ് ക്രൈസിസിനെ കുറിച്ച് കൂടുതലറിയാം

Midlife Crisis, Midlife Crisis, Midlife Crisis signs, Midlife Crisis causes, Midlife Crisis treatment

അടുത്തിടെയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് ജീവിതം മിഡ് ലൈഫ് ക്രൈസിസിലൂടെയാണ് കടന്നുപോവുന്നത് എന്ന് വ്യക്തമാക്കിയത്. “എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താണ് നടക്കുന്നത്, എന്താണ് ചെയ്യേണ്ടത് എല്ലാ കാര്യത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുളള താല്‍പര്യമോ ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടിലേക്ക് തിരിച്ചു വരണ്ട, എപ്പോഴും യാത്രകൾ ചെയ്യണം, അറിയുന്ന ആൾക്കാരെ കാണണ്ട. ഒറ്റയ്ക്കിരിക്കണം. അതെന്താണെന്ന് എനിക്ക് വിശദീകരിക്കാൻ കഴിയുന്നില്ല. ഞാന്‍ അതിനെക്കുറിച്ച് റിസർച്ച് നടത്തിയപ്പോൾ മനസ്സിലായത്, ഒന്നുകിൽ എനിക്ക് ഡിപ്രഷനാണ്, അല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ്. എനിക്ക് 40 വയസ്സുണ്ട്. ഞാൻ കുറേ വായിച്ചപ്പോൾ മിഡ് ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണവും എനിക്കുണ്ട്. ജീവിതത്തിൽ ഞാൻ ഒന്നും നേടിയിട്ടില്ല എന്നൊക്കെ തോന്നുന്നു,” രഞ്ജിനിയുടെ വാക്കുകൾ ഇങ്ങനെ.

എന്താണ് മിഡ് ലൈഫ് ക്രൈസിസ്? എന്തൊക്കെയാണ് ഇതിനു കാരണമാവുന്നത്? എങ്ങനെ മിഡ് ലൈഫ് ക്രൈസിസിനെ തരണം ചെയ്യാനാവും? ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമേകുകയാണ് കോഴിക്കോട് ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രത്തിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോക്ടർ പിടി സന്ദീഷ്.

“ഏകദേശം 35-40 മുതൽ 60 വരെ ഉള്ള പ്രായത്തിനെ ആണ് നമ്മൾ മിഡിൽ അഡൽറ്റ്ഹുഡ് ( middle adulthood) എന്ന്‌ പറയുന്നത്. ഈ സമയത്ത്‌ ജീവിതത്തിൽ പല തലങ്ങളിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ആണ് മിഡ് ലൈഫ് ക്രൈസിസ് എന്നു പറയുന്നത്. ഈ കാലഘട്ടത്തിൽ വരുന്ന പ്രതിസന്ധികളെ കുറിച്ച് കൃത്യമായി അറിഞ്ഞിരുന്നാൽ അവ മനസിലാക്കി കുറെ പ്രശ്നങ്ങൾ നമുക്ക് ഒഴിവാക്കുവാൻ സാധിക്കും,” ഡോ. സന്ദീഷ് പറയുന്നു.

“ഈ സമയത്താണ് ആളുകൾ കുട്ടികളുടെ ഭാവിയെ കുറിച്ചും അവരുടെ ജോലി സാധ്യതകളെ കുറിച്ചുമൊക്കെ കൂടുതലായി ചിന്തിച്ചു തുടങ്ങുന്നത്. നമ്മൾ ഇത്രയും നാൾ ജീവിച്ചിരുന്നതിനെ കുറിച്ചും അതിന്റെ ശെരി തെറ്റുകളെ കുറിച്ചും നഷ്ടങ്ങളെ കുറിച്ചുമൊക്കെ കൂടുതൽ ആലോചിക്കും. ജീവിതത്തിൽ ഒന്നും ആയില്ലല്ലോ എന്ന നിരാശാബോധമൊക്കെ പെട്ടെന്ന് പിടികൂടി തുടങ്ങും. ചെയ്യുന്ന ജോലി, അതിന്റെ അർത്ഥമില്ലായ്മ ഇത്തരം കാര്യങ്ങളിലേക്കും ചിന്തകൾ കാടുകയറും.”

“ജീവിതത്തിൽ ഞാൻ ഒന്നും നേടിയില്ല, പ്രതീക്ഷിച്ചയിടത്തൊന്നും എത്തിപ്പെടാൻ സാധിച്ചില്ല, ഒന്നും ചെയ്യാൻ പറ്റുന്നില്ല – ഇത്തരം ചിന്തകൾ കൊണ്ടുള്ള മാനസിക സമ്മർദങ്ങളും ഈ സമയത്ത് കൂടുതലായിരിക്കും. ജീവിതത്തിൽ അച്ഛൻ, അമ്മ തുടങ്ങിയ പ്രിയപ്പെട്ടവരുടെ മരണം നടക്കുന്ന സമയം കൂടി ആയതുകൊണ്ട് വളരെ വേദനാജനകമായ പല സാഹചരങ്ങളിലൂടെയും ഈ ഘട്ടം കടന്നു പോകുന്നു. ഇത്രയും കാലം ചെയ്യാൻ താല്പര്യം ഉണ്ടായിരുന്ന പല കാര്യങ്ങളിലും താല്പര്യം കുറയുക, ഫോക്കസ് ചെയ്യാൻ ബുദ്ധിമുട്ട് വരുക, ഒരു തീരുമാനം എടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുക , എല്ലാവരോടും ദേഷ്യം തോന്നുക, മറ്റുള്ളവരെ കുറ്റപ്പെടുത്തുക, ചെറിയ പ്രശ്നങ്ങൾ പോലും വലുതായി കാണുക മുതലായവയൊക്കെ മിഡ്‌ലൈഫ് ക്രൈസിസിന്റെ പ്രത്യേകതകൾ ആണ്. ചിലർ ഇത്തരം ചിന്തകളെ മറികടക്കാൻ സാഹസികമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. മറ്റുചിലരാവട്ടെ, വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങികൂട്ടാനുള്ള പ്രവണത കാണിക്കും.”

മാനസികമായി മാത്രമല്ല ആരോഗ്യപരമായ ചില പ്രതിസന്ധികളും ഈ കാലഘട്ടത്തിൽ ആളുകൾ നേരിടാറുണ്ട്.

  • കാഴ്ച കുറഞ്ഞു തുടങ്ങുക.പൊതുവെ റീഡിങ് ഗ്ലാസ് ഒക്കെ ഉപയോഗിച്ചു തുടങ്ങുന്നത് ഈ സമയത്താണ്.
  • മുടിയിൽ നര പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു, മുടിയുടെ ഉള്ളുകുറയുകയും മുടി നേർത്തു തുടങ്ങുകയും ചെയ്യുന്നു.
  • ചർമ്മത്തിന്റെ ഇലാസ്തികത നഷ്ടപ്പെട്ടു തുടങ്ങുന്ന സമയം കൂടിയാണ് ഇത്. പ്രത്യേകിച്ച്‌ മുഖചർമ്മത്തിൽ ചുളിവുകൾ വീഴുന്നതൊക്കെ പ്രായം തോന്നി തുടങ്ങാൻ കാരണമാവും.
  • കേൾവിക്കുറവ്
  • നടുവേദന, കാല് വേദന പോലുള്ള ശാരീരിക അസ്വസ്ഥതകൾ
  • സ്ത്രീകൾക്ക് ആർത്തവ വിരാമം ഉണ്ടാകുന്ന സമയം കൂടി ആണിത്. ഈ സമയത്ത് സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ വരുന്നത്‌ കൊണ്ടു തന്നെ വിഷാദം പോലുള്ള അവസ്ഥകളിലും എത്തിച്ചേരാം.
  • ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ പോലുള്ള അസുഖങ്ങളും കൂടുതലായി കണ്ടുവരുന്ന കാലഘട്ടമാണിത്.
  • ഈ പ്രായപരിധിയിൽ പെട്ടവരിൽ മാനസിക സമ്മർദ്ദവും കൂടുതലായി കണ്ടു വരാറുണ്ട്.
  • ചിലരിൽ ഉറക്ക കുറവ് പോലുള്ള പ്രശ്‌നങ്ങളും പ്രകടമാവും.

എങ്ങനെ മറികടക്കാം?

  • സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടുമൊക്കെ നിങ്ങൾ കടന്നുപോവുന്ന മാനസികാവസ്ഥയെ കുറിച്ച് തുറന്നു സംസാരിക്കുക.
  • പ്രായമാകുമ്പോൾ നിങ്ങളുടെ റോളുകളും ഉത്തരവാദിത്വങ്ങളും മാറുമെന്ന് മനസ്സിലാക്കുക. മുൻപ് എല്ലാറ്റിനും നിങ്ങളെ ആശ്രയിച്ച കുട്ടികൾ തനിയെ കാര്യങ്ങൾ ചെയ്യുന്നുവെങ്കിൽ, അതിനർത്ഥം അവരെ സ്വതന്ത്രരാക്കുന്നതിൽ ഒരു രക്ഷിതാവെന്ന നിലയിൽ നിങ്ങൾ വിജയിച്ചു എന്നാണ്.
  • നിത്യവും അൽപ്പസമയം വ്യായാമങ്ങൾക്കായി മാറ്റിവയ്ക്കുക. സജീവവും സ്ഥിരവുമായ വ്യായാമം സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൃത്യമായി ഉറങ്ങാനും ഉത്കണ്ഠ ഒഴിവാക്കാനും ശരീരഭാരം നിയന്ത്രിച്ചു നിർത്താനും വ്യായാമം നിങ്ങളെ സഹായിക്കും.
  • നിങ്ങൾക്ക് പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാൻ സമയം കണ്ടെത്തുക.
  • സുഹൃത്തുക്കൾക്കോ വീട്ടുകാർക്കോ ഒപ്പം യാത്രകൾ ചെയ്യുക.
  • പുതുതായി എന്തെങ്കിലും പഠിക്കാൻ ശ്രമിക്കുക. മനസ്സിനും ചിന്തകൾക്കും പുത്തൻ ഉണർവ് നൽകാൻ അതു സഹായിക്കും.
  • നിങ്ങൾക്കുള്ളിലെ ക്രിയേറ്റിവിറ്റിയെ പ്രോത്സാഹിപ്പിക്കുക. ചിത്രരചന, എഴുത്ത്, പാട്ട്, നൃത്തം തുടങ്ങി നിങ്ങൾക്ക് താൽപ്പര്യമുള്ള കലാപ്രവർത്തനങ്ങൾ പൊടിതട്ടിയെടുക്കാം.
  • നിത്യവും അൽപ്പനേരം മെഡിറ്റേഷൻ ചെയ്യുന്നതും നല്ലതാണ്.

എന്നാൽ, ഇത്തരം മാറ്റങ്ങൾ കൊണ്ടൊന്നും പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്നില്ലെങ്കിൽ നിങ്ങൾക്ക് പ്രൊഫഷണൽ പരിചരണം ആവശ്യമാണ്. ഒരു മനശാസ്ത്രവിദഗ്ധന് നിങ്ങളെ സഹായിക്കാൻ സാധിക്കും.

Stay updated with the latest news headlines and all the latest Wellness news download Indian Express Malayalam App.

Web Title: Midlife crisis signs causes and treatments