ലൊസാഞ്ചൽസ്: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ലോകത്തെ ഏറ്റവും ചെറിയ കുഞ്ഞ് ജനിച്ചു. 245 ഗ്രാം മാത്രം ഭാാരമുളള പെണ്‍കുഞ്ഞ് ജനിച്ചതായി ബുധനാഴ്ചയാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ജനിച്ചപ്പോള്‍ ഒരു വലിയ ആപ്പിളിനോളം വലുപ്പം മാത്രമാണ് കുഞ്ഞിന് ഉണ്ടായിരുന്നത്. സേബി എന്നാണ് കുഞ്ഞിനെ ആശുപത്രി അധികൃതര്‍ വിളിക്കുന്നത്. സാന്‍ഡിയാഗോയിലെ ഷാര്‍പ് മേരി ബിര്‍ച്ച് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.

വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയപ്പോഴാണ് കുഞ്ഞിന്റേയും അമ്മയുടേയും ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പേടിപ്പെടുത്തുന്ന ദിനമായിരുന്നു പ്രസവ ദിവസമെന്ന് കുഞ്ഞിന്റെ അമ്മ പറഞ്ഞു.

കുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനകം മരിച്ച് പോവുമെന്നാണ് കുട്ടിയുടെ പിതാവിനോട് ഡോക്ടര്‍മാര്‍ അറിയിച്ചത്. ‘പക്ഷെ ആ ഒരു മണിക്കൂര്‍ രണ്ട് മണിക്കൂറായി. പിന്നീട് ഒരു ദിവസമായി. അത് പിന്നെ ഒരാഴ്ചയായി,’ കുഞ്ഞിന്റെ മാതാവ് പറഞ്ഞു. 23 ആഴ്ചയും മൂന്ന് ദിവസവും മാത്രം ആയപ്പോഴാണ് അടിയന്തരമായി ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുത്ത്. അമ്മയുടെ ജീവന്‍ അപകടത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നായിരുന്നു വേഗത്തില്‍ ശസ്ത്രക്രിയ നടത്തിയത്. ഡിസംബറിലായിരുന്നു ശസ്ത്രക്രിയ നടന്നതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണ 40 ആഴ്ചയോളം എത്തിയാലാണ് പ്രസവം നടക്കാറുളളത്.

ആശുപത്രിയില്‍ അഞ്ച് മാസത്തോളം കഴിഞ്ഞതിന് ശേഷം ഈ മാസം ആദ്യമാണ് കുഞ്ഞിനേയും അമ്മയേയും വീട്ടിലേക്ക് അയച്ചത്. ഇപ്പോള്‍ 2.2 കി.ഗ്രാം ആണ് കുഞ്ഞിന്റെ ഭാരം. ‘അവളൊരു അത്ഭുതമാണ്. അത് തീര്‍ച്ചയാണ്,’ കുട്ടിയെ പരിചരിച്ച നഴ്സ് പറയുന്നു. ‘ചെറുതാണ്, പക്ഷെ ഇവള്‍ ശക്തിശാലിയാണ്.’ എന്നാണ് കുട്ടിയുടെ തൊട്ടിലില്‍ നഴ്സുമാര്‍ എഴുതിയത്. ജീവന്‍ തിരികെ പിടിച്ചുകൊണ്ടുളള പോരാട്ടമാണ് സേബി നടത്തിയതെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.

Read More: മാതൃദിനത്തില്‍ ഇരട്ടക്കുട്ടികളുടെ അമ്മയായി ഇറോം ശര്‍മിള

ജനിച്ചപ്പോള്‍ കൈവെളളയില്‍ കൊളളാവുന്ന അത്രയും മാത്രമാണ് സേബിയുടെ വലുപ്പമെന്ന് നഴ്സുമാര്‍ പറയുന്നു. ഇതിന്റെ വീഡിയോ ആശുപത്രി അധികൃതര്‍ പുറത്ത് വിട്ടു. മാസം തികയാതെ പിറക്കുന്ന കുട്ടികള്‍ക്ക് ഉണ്ടാവാന്‍ സാധ്യതയുളള തലച്ചോറിലെ രക്തപ്രവാഹമോ, ഹൃദയസംബന്ധമായ പ്രശ്നമോ സേബിക്ക് ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇയോവ സര്‍വകലാശാല കൈവശം വയ്ക്കുന്ന ലോകത്തെ ഏറ്റവും ചെറിയ കുട്ടികളില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ സേബിക്ക് സ്ഥാനം. 2015ല്‍ ജര്‍മ്മനിയില്‍ ജനിച്ച കുഞ്ഞായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. സേബിയേക്കാള്‍ 7 ഗ്രാം കൂടുതല്‍ ഭാരം ആ കുഞ്ഞിന് ഉണ്ടായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook