ഇന്ത്യയില്‍ ജീവിച്ചിരുന്ന അവസാനത്തെ ഒറാങ്ങുട്ടാനും ചത്തു. ഒഡീഷയിലെ നന്ദന്‍കാനന്‍ മൃഗശാലയിലാണ് പെണ്‍ ഒറാങ്ങുട്ടാന്‍ ചത്തത്. പ്രായാധിക്യം കാരണമുളള രോഗങ്ങള്‍മൂലമാണ് ചത്തത്. ബുധനാഴ്ചയാണ് ബിന്നി എന്ന ഇന്ത്യയിലെ ഏക ഒറാങ്ങുട്ടാന്‍ ചത്തത്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ച് നാളായി അവശനായിരുന്നു ബിന്നി. കൂടാതെ തൊണ്ടയിലെ പഴുപ്പും ബിന്നിയുടെ ആരോഗ്യനില വഷളാക്കി. 41 വയസായിരുന്നു പ്രായം.
25 വയസുളളപ്പോള്‍ പുണെയിലെ രാജീവ് ഗാന്ധി മൃഗശാലയില്‍ നിന്നാണ് 2003ല്‍ ബിന്നിയെ ഒഡീഷയിലെത്തിച്ചത്. സിംഗപ്പൂരില്‍ നിന്നാണ് ബിന്നി പുണെയിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ബിന്നി ചികിത്സയിലായിരുന്നു. ബ്രിട്ടനിലേയും സിംഗപ്പൂരിലേയും ഒറാങ്ങുട്ടാന്‍ ചികിത്സാ വിദഗ്‌ധരുമായി ബന്ധപ്പെട്ടായിരുന്നു ചികിത്സ. പുണെയില്‍ കൊണ്ടു വന്നതിന് ശേഷം ഒറ്റയ്ക്കായിരുന്നു ഇത്രയും കാലം ബിന്നി ജീവിച്ചത്. ആണ്‍ ഒറാങ്ങുട്ടാനെ എത്തിക്കാനുളള മൃഗശാലാ അധികൃതരുടെ ശ്രമങ്ങള്‍ ഫലം കണ്ടിരുന്നില്ല.
വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ജീവി വര്‍ഗമാണ് ഒറാങ്ങുട്ടാന്‍. ബോര്‍മിയോയിലേയും സുമാത്രയിലേയും മഴക്കാടുകളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. മിക്ക സമയങ്ങളിലും മരത്തിന് മുകളിലാണ് ഇവ സമയം ചെലവഴിക്കാറുളളത്. ചിമ്പന്‍സികളില്‍ നിന്നും ഗൊറില്ലകളില്‍ നിന്നും വ്യത്യസ്തമായി ഇവയുടെ മുടി ചുവപ്പും തവിട്ടും കലര്‍ന്നതാണ്. വലുപ്പത്തിലും ഭാവത്തിലും ആണും പെണ്ണും വ്യത്യസ്തമായിരിക്കും.
Read More: ഓസ്ട്രേലിയയില്‍ 20 ലക്ഷം കാട്ടുപൂച്ചകളെ വിഷം ചേര്‍ത്ത സോസേജ് നല്‍കി കൊന്നൊടുക്കുന്നു
മുതിര്‍ന്ന ആണ്‍ ഒറാങ്ങുട്ടാന് വലുപ്പമേറിയ കവിളുകളുണ്ട്. ഇവ പെണ്‍ ഒറാങ്ങുട്ടാനെ ആകര്‍ഷിക്കാനും ശത്രുക്കളെ തുരത്താനുമായി പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. അതേസമയം, പ്രായം കുറഞ്ഞ ആണ്‍ വിഭാഗത്തിന് ഈ പ്രത്യേകതകളില്ല. അവ പെണ്‍ വിഭാഗത്തെ പോലെയാണ്. പഴവര്‍ഗങ്ങളാണ് ഇവയുടെ പ്രധാനപ്പെട്ട ആഹാരം. തേന്‍, പ്രാണികള്‍, പക്ഷികളുടെ മുട്ട എന്നിവയും ഒറാങ്ങുട്ടാന്റെ ആഹാരമാണ്. വളരെ ബുദ്ധിയേറിയ ജീവികളാണ് ഇവ.