ജലദോഷത്തിന്റെയോ പനിയുടെയോ ഒപ്പം പിടിപെടുന്ന അസുഖമാണ് തൊണ്ടവേദന. ഇതിനു പരിഹാരമായി ഉപ്പു വെള്ളം കവിൾകൊള്ളുകയാണ് പലരും ചെയ്യുന്നത്. എന്നാൽ വേദന കൂടിയാൽ ഉമിനീരിറക്കാനും ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടുണ്ടാവും. നമ്മുടെ വീട്ടിൽ തന്നെ എളുപ്പത്തിൽ ലഭിക്കുന്ന ചില സാധനങ്ങൾ കൊണ്ട് ഇതിനെല്ലാം പരിഹാരം കാണാം.
വാഴപ്പഴം: വളരെ വേഗം എളുപ്പത്തിൽ കഴിക്കാൻ സാധിക്കുന്ന വാഴപ്പഴം വൈറ്റമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. ഇവ അസുഖത്തിൽ നിന്നും മോചനം നേടാൻ സഹായിക്കുന്നു.
ചായ: തൊണ്ടവേദനയ്ക്ക് ശമനം നൽകാൻ ചായ നല്ലതാണ്. കൂടാതെ ശരീരത്തിലെ രോഗാണുക്കൾക്കെതിരെ പോരാടാൻ ഊർജവും നൽകുന്നു. ഗ്രീൻ ടീ, ജിഞ്ചർ ടീ, ബ്ലാക്ക് ടീ എന്നു തുടങ്ങി ഏതു ചായയും കുടിക്കാം.
തേൻ: കഫക്കെട്ട് മാറാൻ തേൻ കഴിക്കുന്നത് ഉത്തമമാണ്. സാധാരണ ജലദോഷത്തിനു കഴിക്കുന്ന മരുന്നുകളുടെ അതേ ഗുണം തേനിനും ഉണ്ട്.
കാബേജ്: ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ പനിയിൽ നിന്നോ ജലദോഷത്തിൽ നിന്നോ മുക്തി നേടാൻ സഹായിക്കും. തൊണ്ടവേദനയ്ക്കും ഇത് നല്ലതാണ്.
കാരറ്റ്: വൈറ്റമിൻ എ കൊണ്ട് സമ്പുഷ്ടമായ കാരറ്റ് പ്രതിരോധ ശേഷി വർധിപ്പിക്കും. കൂടാതെ ചർമം മികച്ചതാകാനും കാരറ്റ് കഴിക്കാം.
വെളുത്തുളളി: അണുബാധയിൽ നിന്നും ബാക്ടീരിയയിൽ നിന്നും വെളുത്തുളളിയിലടങ്ങിയിരിക്കുന്ന അല്ലീസിൻ എന്ന ഘടകം സഹായിക്കും. ഇതിലുളള കാൽസ്യം, പൊട്ടാസ്യം എന്നിവ ബാക്ടീരിയയെയും പുറന്തളളും.
മുട്ട: പോഷകവും വൈറ്റമിൻ എ യും അടങ്ങിയ മുട്ട ഒരു ആന്റി ഓക്സിഡന്റ് കൂടിയാണ്. പ്രതിരോധ ശേഷി വർധിപ്പിക്കാൻ ഏറെ നല്ലതാണ്. തണുപ്പു കാലത്ത് ദിവസവും ഓരോ മുട്ട കഴിക്കുന്നത് ജലദോഷവും തൊണ്ടവേദനയും പോലുളള അസുഖങ്ങളിൽ നിന്ന് അകറ്റും.