പുതുവർഷത്തിൽ ശരീരഭാരം കുറയ്ക്കണമെന്നത് പലരും പ്രതിജ്ഞയെടുത്തിട്ടുണ്ടാകും. എന്നാൽ പ്രതിജ്ഞ പോലെ എളുപ്പമാകാറില്ല ശരീരഭാരം കുറയ്ക്കൽ യജ്ഞം. ശരീരഭാരം കുറയ്ക്കാനും ഉടലഴക് നിലനിർത്താനും ഇഷ്ടപ്പെട്ട ഭക്ഷണം ഉപേക്ഷിക്കാൻ പലരും ബുദ്ധിമുട്ടാറുണ്ട്. ഇത്തരക്കാർക്ക് ആശ്വാസം പകരുന്നതാണ് പുതിയ പഠനങ്ങൾ. മനസ്സറിഞ്ഞു ഭക്ഷണം കഴിച്ചാൽ ശരീരഭാരം കുറയ്ക്കാനാകുമെന്നാണ് പഠനങ്ങൾ പറയുന്നത്.
മനസ്സറിഞ്ഞു ഭക്ഷണം കഴിച്ചു എങ്ങിനെയാണ് ഭാരം കുറയ്ക്കുന്നതെന്ന ചിന്ത പലരുടെയും മനസ്സിലുണ്ടാകും. എന്നാൽ ഇങ്ങിനെ കഴിച്ചാൽ പല ഗുണങ്ങളുമുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇഷ്ടമുള്ള ഭക്ഷണം ഇഷ്ടമുള്ള അളവിൽ കഴിക്കൽ അല്ല മനസ്സറിഞ്ഞു ഭക്ഷണം കഴിക്കുക എന്നത്. കഴിക്കുന്ന ഭക്ഷണം പൂർണ്ണമായി ആസ്വദിച്ചു, മനസ്സിനെ അലോസരപ്പെടുത്തുന്ന ചിന്തകൾ ഒഴിവാക്കി വേണം കഴിക്കാൻ. മാനസിക സമ്മർദം, ഉത്കണ്‌ഠ എന്നിവ കാരണം അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത പലരിലുമുണ്ട്. ഇത്തരം പ്രവണതകൾ പാടേ ഉപേക്ഷിക്കാനാണ് മെഡിക്കൽ ന്യൂസ് ഡെയ്‌ലിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.
യുകെ ആസ്ഥാനമായ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ കോൺവെന്ററിയും വാർവിക്ക്‌ഷൈർ നാഷണൽ ഹെൽത്ത് സർവ്വീസ് ട്രസ്റ്റും ചേർന്നാണ് പഠനം നടത്തിയത്. മാനസിക സമ്മർദം, തെറ്റായ ഭക്ഷണരീതി എന്നിവയെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ ഇവ തമ്മിലുള്ള ബന്ധം ശരീരഭാരം ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമാകുന്നെന്നാണ് കണ്ടെത്തിയത്.
ഗവേഷണത്തിൽ തെറ്റായ ഭക്ഷണരീതിയെ മനസറിഞ്ഞു ഭക്ഷണം കഴിച്ചു കൊണ്ട് മാറ്റാനാകുമെന്നാണ് കണ്ടെത്തിയതെന്ന് വാർവിക്ക്‌ഷൈർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക പെട്രാ ഹാൻസൺ പറഞ്ഞു. ദി ജേർണൽ ഓഫ് എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം എന്ന എൻഡോക്രിൻ സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിലാണ് ഹാൻസണും സംഘത്തിന്റേയും റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് .
ഗവേഷക സംഘത്തിൽ 53 ആളുകളാണ് പങ്കെടുത്തത്. ഇവർ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ കോൺവെന്ററിയുടെയും വാർവിക്ക്‌ഷൈർ നാഷണൽ ഹെൽത്ത് സർവീസ് ട്രസ്റ്റിന്റെയും ഭാര നിയന്ത്രണ പദ്ധതിയിൽ പങ്കെടുക്കുന്നവരായിരുന്നു. ആറു മാസത്തോളം കൃത്യമായ ഭക്ഷണക്രമത്തിലൂടെ ശരാശരി ആളുകളുടേയും മൂന്ന് കിലോഗ്രാമോളം ഭാരം കുറഞ്ഞതായി കണ്ടെത്തി. ഈ പരിശീലന പരിപാടി ഭക്ഷണത്തെ എങ്ങിനെ മനസ്സറിഞ്ഞു കഴിക്കണമെന്ന് പരീശിലിപ്പിച്ചെന്നാണ് പദ്ധതിയിൽ പങ്കെടുത്തവർ പറഞ്ഞത്. പരിശീലനത്തിൽ ഭക്ഷണക്രമം എങ്ങിനെ ചിട്ടപ്പെടുത്തണം എന്നും എങ്ങിനെയാണ് ശരീര ഭാരം നിയന്ത്രിക്കേണ്ടതെന്നുമാണ് പഠിപ്പിച്ചതെന്നും ഹാൻസൺ പറഞ്ഞു.