രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റ് പോലെ കുത്തനെ ഉയരുന്പോൾ വെളളം ഉപയോഗിച്ച് ഓടിക്കാവുന്ന കാർ കണ്ടുപിടിച്ച് ശ്രദ്ധേയനാകുകയാണ് മുഹമ്മദ് റായീസ് മർക്കാനി എന്ന മധ്യപ്രദേശുകാരൻ. 800സിസി എൻജിനുള്ള കാർ കഴിഞ്ഞ അഞ്ചു വർഷമായി പരീക്ഷിച്ചാണ് വെളളവും കാർബൈഡുകളും ഉപയോഗിച്ച് ഓടിക്കാവുന്ന തരത്തിൽ മോഡിഫൈ ചെയ്‌തിരിക്കുന്നത്. താൻ നിർമിച്ച വാട്ടർ കാറിന് പേറ്റന്റും നേടിക്കഴിഞ്ഞു റായീസ്.

റായീസ്. കടപ്പാട്: യുട്യൂബ്

റായീസ്. കടപ്പാട്: യുട്യൂബ്

കാൽസ്യം കാർബൈഡും വെളളവും ഒന്നിച്ച് ചേരുന്പോഴുണ്ടാകുന്ന രാസപ്രവർത്തനം മൂലം ഉണ്ടാകുന്ന അസിറ്റിലിൻ ഗ്യാസ് ഉപയോഗിച്ചാണ് കാർ ഓടിക്കുന്നത്. ഈ ഇന്ധനത്തിനാകട്ടെ പെട്രോളിനെയും ഡീസലിനെയും അപേക്ഷിച്ച് തുച്ഛമായ തുകയേ ചെലവ് വരികയുള്ളൂ. വെളളമുപയോഗിച്ചുളള ഇന്ധനത്തിനായി എൻജിൻ പ്രത്യേകം തയാറാക്കിയിരിക്കുന്നു. 796 സിസി എൻജിനാണ് ഈ വാട്ടർ കാറിനുള്ളത്. 50 മുതൽ 60 കിലോമീറ്റർ സ്‌പീഡ് വരെ ഇതിന് കൈവരിക്കാനാകും. ഡ്രൈവറില്ലാതെയും ഈ കാർ ഓടിക്കാം. അതിനായി ഫോൺ ഉപയോഗിച്ചും വാട്ടർ കാർ നിയന്ത്രിക്കാനുള്ള സംവിധാനവും റായീസ് വികസിപ്പിച്ചിട്ടുണ്ട്.

പന്ത്രണ്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള മുഹമ്മദ് റായീസ് കഴിഞ്ഞ 15 വർഷമായി മെക്കാനിക്കായി ജോലി ചെയ്യുകയാണ്. വാട്ടർ കാർ കണ്ടുപിടിത്തത്തിനു പിന്നാലെ ചൈനയിൽ നിന്നും ദുബായിൽ നിന്നും റായീസിനെ തേടി അവസരങ്ങൾ നിരവധി വരുന്നുണ്ട്. പക്ഷേ തന്റെ നാടിനു വേണ്ടി ഈ കണ്ടുപിടുത്തം വിനിയോഗിക്കണമെന്ന് ആഗ്രഹിക്കുന്ന റായീസ് മറ്റ് അവസരങ്ങളെല്ലാം ഉപേക്ഷിച്ചു.

അന്തരീക്ഷ മലിനീകരണം കുറയ്‌ക്കുന്ന ഇത്തരം പരിസ്ഥിതി സൗഹൃദ മുന്നേറ്റങ്ങൾ ഒരു ബദൽ സംവിധാനം തന്നെയാണ്. നല്ല നാളേയ്‌ക്കായി, ഭാവി ഇന്ത്യയ്‌ക്കായി പടുതുയർത്താനുള്ള കരുതലുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ