ബോളിവുഡ് നടിമാരിൽ പലരും യോഗയ്ക്ക് വളരെ പ്രധാന്യം നൽകുന്നവരാണ്. ഇക്കൂട്ടത്തിൽ ശിൽപ ഷെട്ടിയുടെ പേര് എടുത്തു പറയേണ്ടത്. പല കഠിനമായ യോഗാസങ്ങളും ചെയ്ത് ശിൽപ ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. അടുത്തിടെ മയൂരാസനം ചെയ്യുന്നതിന്റെ വീഡിയോ ശിൽപ പങ്കുവച്ചിരുന്നു.
ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മയൂരാസനം. രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി, നാഭിയുടെ ഇരുവശങ്ങളിലും കൈമുട്ടുകള്‍ കൊണ്ട് ബലം നല്‍കി ശരീരത്തെ ഉയര്‍ത്തുന്ന യോഗാസന അവസ്ഥയാണ് മയൂരാസനം. സംസ്കൃതത്തില്‍ ‘മയൂര്‍’ എന്ന് പറഞ്ഞാല്‍ മയില്‍ എന്നാണര്‍ത്ഥം. ഈ ആസനം ചെയ്യുന്നയാള്‍ മയിലിനെ അനുസ്മരിപ്പിക്കുന്ന ശാരീരിക അവസ്ഥ കൈവരിക്കുന്നതിലാണ് മയൂരാസനം എന്ന പേര്‍ ലഭിച്ചത്. ഈ യോഗാസനം ശരീരത്തിന് വഴക്കമുണ്ടാകാൻ സഹായിക്കുന്നു.
Read Also: ചമ്രം പടിഞ്ഞിരുന്ന് ഭക്ഷണം കഴിക്കുന്നതും യോഗാസനമാണ്
”നിങ്ങളുടെ ശരീരഭാരം മുഴുവൻ കൈപ്പത്തിയിൽ നിലനിർത്താൻ സാധിക്കുമ്പോൾ, നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാൻ ഇത് സഹായിക്കുന്നു. കാണുന്നതുപോലെ ചെയ്യാൻ ഇതത്ര എളുപ്പമല്ല, പക്ഷേ നിരന്തര പരിശീലനത്തിലൂടെ എളുപ്പമാക്കാം,” ശിൽപ ഷെട്ടി വീഡിയോയ്ക്ക് നൽകിയ അടിക്കുറിപ്പാണിത്.
മയൂരാസനത്തിന്റെ ഗുണങ്ങൾ
യോഗ തത്വചിന്ത അനുസരിച്ച്, നാഭിയിലെ ഏതെങ്കിലും അസന്തുലിതാവസ്ഥ ദഹന പ്രശ്നങ്ങൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. മയൂരാസനത്തിൽ നാഭിയുടെ വശങ്ങളിൽ കൈമുട്ട് സ്ഥാപിക്കുന്നത് അസന്തുലിതാവസ്ഥയെ മറികടക്കാൻ സഹായിക്കുന്നു, ഇത് ദഹനത്തിന് കാരണമാകുന്നു
കരൾ, വൃക്ക, പിത്തസഞ്ചി, പാൻക്രിയാസ്, രക്തചംക്രമണവ്യൂഹം തുടങ്ങിയ അവയവങ്ങൾക്കൊപ്പം അടിവയറ്റിലും സമ്മർദം ചെലുത്തുന്നതിനാൽ, മയൂരാസനം അവയുടെ പ്രവർത്തനത്തെ മെച്ചപ്പെടുത്തുന്നു
കൈത്തണ്ടയുടെ ആരോഗ്യം കൂട്ടുന്നു.
ചെയ്യേണ്ട രീതി
കാല്‍മുട്ടുകള്‍ മടക്കി ഉപ്പൂറ്റിയുടെ മുകളില്‍ പിന്‍ഭാഗം ഉറപ്പിച്ച് ഇരിക്കുക
വിരലുകള്‍ നിവര്‍ത്തി കൈപ്പത്തികള്‍ നിലത്ത് കമഴ്ത്തിവയ്ക്കുക
നാഭിക്ക് ഇരുവശമായും കൈമുട്ടുകള്‍ കൊണ്ടുവരിക
വളരെ ശ്രദ്ധിച്ച് കാലുകള്‍ പതുക്കെ പിന്നിലേക്ക് നീട്ടുക. ഇതിനുശേഷം, ശരീരത്തിന്‍റെ മുകള്‍ ഭാഗം മുകളിലേക്ക് ഉയര്‍ത്തുക.
ശരീരത്തിന്‍റെ മുകള്‍ഭാഗം ഉയര്‍ത്തിക്കഴിഞ്ഞാല്‍ കാലുകള്‍ വടിപോലെ നിവര്‍ത്തുക. നെഞ്ചും കഴുത്തും തലയും നിവര്‍ത്തിപ്പിടിക്കണം.
ഈ അവസ്ഥയില്‍ കഴിയുന്നിടത്തോളം തുടര്‍ന്ന ശേഷം പഴയ അവസ്ഥയിലേക്ക് മടങ്ങാം. ആദ്യം കാലുകള്‍ മടക്കി മുട്ടുകള്‍ തറയില്‍ സ്പര്‍ശിക്കുന്ന അവസ്ഥയിലെത്തുക
ഇനി കൈകള്‍ സ്വതന്ത്രമാക്കി ഉപ്പൂറ്റിയില്‍ ഇരിക്കാം