Happy Vishu 2019: മദ്ധ്യവേനലവധിക്കാലം! കത്തിക്കാളുന്ന വെയിൽ. വെട്ടിവൃത്തിയാക്കിയിട്ട കുളങ്ങളിലും വിളവൊഴിഞ്ഞ പാടത്തും പറമ്പിലുമൊക്കെയായി ഉല്ലാസമായ ബാല്യം. ഉത്സവങ്ങളുടേയും പൂരങ്ങളുടേയും ആരവത്തിനിടയ്ക്ക് വിഷു വന്നെത്തുകയായി.
വിഷു ഓർമ്മയിൽ വിഷുക്കണിയും കൈനീട്ടവും പടക്കവുമൊക്ക തന്നെ പ്രധാനം. പുതുവർഷാരംഭം വർഷം മുഴുവൻ വരാനിരിയ്ക്കുന്ന സമൃദ്ധിയും ഐശ്വര്യവും വിഷുക്കണിയായി കണ്ണിൽ നിറച്ച് സമ്പത്തിന്റെ സൂചകം കൈനീട്ടമായി കൈകളിൽ വാങ്ങി പടക്കവും പൂത്തിരിയും കത്തിച്ച് ആനന്ദം വിതറി അങ്ങനെയങ്ങനെ.
Read More: വിഷുക്കണി, ഐതിഹ്യം, വിഭവങ്ങൾ: അറിയേണ്ടതെല്ലാം

വിഷു സംക്രാന്തി, വിഷു കൈനീട്ടം, വിഷു കണി
വിഷുസംക്രാന്തി തലേദിവസം തന്നെ ഒരുക്കങ്ങൾ തുടങ്ങുകയായി. പറമ്പൊക്കെ തൂത്തു വൃത്തിയാക്കി മുറികളൊക്കെ തേച്ചു കഴുകി വീടൊരുങ്ങുകയായി. ഇഞ്ചിയും പച്ചമുളകുമൊക്കെ പലകയിൽ വച്ച് ചെറുതായി അരിയുന്ന അമ്മൂമ്മ. വൈകുന്നേരത്തോടെ ചക്ക വറക്കൽ, കശുവണ്ടി ചുട്ടുതല്ലൽ അങ്ങനെ ബഹളമയം. നേരത്തെ തന്നെ പത്തായത്തിൽ നിന്നും ഏതു വറുതിയിലുമെടുക്കാതെ സൂക്ഷിച്ച പച്ചനെല്ല് വിഷുക്കഞ്ഞിയ്ക്കായി പുറത്തെടുക്കുകയായി. കുട്ടിപ്പട്ടാളം കണിയൊരുക്കാനുളള ഇത്തിരി കൊന്നപ്പൂവും പടക്കം കത്തിക്കാൻ ചക്കത്തിരിയും ശേഖരിച്ചു വയ്ക്കുകയായി. തലേ രാത്രി തന്നെ അമ്മമാർ വിഷുക്കണിയൊരുക്കുന്നു.
മുമ്പൊക്കെ വിഷുക്കണിയോളവും കൈനീട്ടത്തോളവും പ്രധാനമാണ് വിഷുക്കഞ്ഞി അഥവാ വിഷുക്കട്ട. പ്രാദേശിക ഭേദമനുസരിച്ച് ചെറിയ മാറ്റങ്ങൾ ഈ വിഭവത്തിനുണ്ട്. ചില സ്ഥലങ്ങളിൽ വിഷുസംക്രാന്തിനാളിലാണ് വിഷുക്കഞ്ഞിയെങ്കിൽ മിക്കയിടത്തും വിഷുനാളിലെ പ്രാതൽവിഭവമാണിത്.
Read More: ഓര്മ്മകള് കണി കാണും നേരം
വിഷുക്കഞ്ഞി ഉണ്ടാക്കുന്ന വിധം
പച്ചനെല്ലു കുത്തിയ അരി(ഇപ്പോൾ പായസനുറുക്ക്) നന്നായി കഴുകി തേങ്ങാ പിഴിഞ്ഞ രണ്ടാംപാലും മൂന്നാം പാലും കൂട്ടിയെടുത്ത് തിളപ്പിച്ച് അതിലിട്ട് വേവിയ്ക്കുക. ചുക്കും ജീരകവും ചതച്ചതും ഉപ്പും ചേർക്കുക. (ഇപ്പോൾ ഏലയ്ക്കയുമാവാം) വെന്തു വരുമ്പോൾ നല്ല കുറുകിയ ഒന്നാം പാലൊഴിച്ച് തിള വരുമ്പോഴേ കഞ്ഞിപ്പരുവത്തിൽ വാങ്ങുക. ഇതിന്റെ കൂടെ നല്ല കടുമാങ്ങാക്കറിയും ചക്കയവിയലും ഇഞ്ചിക്കറിയും പപ്പടം കാച്ചിയതും കൂടിയായാൽ എന്താ സ്വാദ്! ചൂടത്ത് ഈ ചൂടുപാൽക്കഞ്ഞി ഊതിയൂതി പ്ലാവിലയിൽ കോരിക്കുടിച്ച് വിയർത്തുകുളിച്ചങ്ങനെ….
ചെറുപയറും അരിയും കൂടി രണ്ടാം പാലിൽ വേവിച്ച് ചുക്കും ജീരകവും ചതച്ചിട്ട് ശർക്കര പാനി ചേർത്ത് കുറുകി വരുമ്പോൾ ഒന്നാം പാൽ ചേർക്കും. അണ്ടിപരിപ്പും കിസ്മിസും നെയ്യിൽ വറുത്തിടും. ഇതിന് പായസത്തിന്റത്ര മധുരം കാണില്ല. ചെറുപയറിനു പകരം അരിയുടെ കൂടെ വൻപയറിട്ടും വയ്ക്കാം. ചെറു പയറും വൻപയറുമൊക്കെ കുതിർത്ത് വേവിക്കണം.
വിഷുക്കട്ട
ഇങ്ങനെ വിഷുക്കഞ്ഞി പലതരം. പാൽ ചേർത്ത് അരി മാത്രമായി വേവിച്ച് ഉപ്പിട്ടെടുക്കുന്ന പാൽക്കഞ്ഞി കുറുകിയതാണ് വിഷുക്കട്ട അഥവാ പാച്ചോറ്. രണ്ടാം പാലിൽ അരി വേവിച്ച് ഉപ്പും ജീരകവും ചേർത്ത് നന്നായി കുറുകി കട്ടിയാകുമ്പോൾ തലപ്പാലൊഴിച്ച് കുറുകി ഉരുളിയിൽ നിന്ന് വിട്ടുവരുന്ന പരുവത്തിൽ വാങ്ങിവയ്ക്കും. തലപ്പാലിനു മുമ്പ് കുറച്ചു തേങ്ങാ ചുരണ്ടി ചേർക്കുന്നവരുമുണ്ട്. നെയ്യ് മയം പുരട്ടിയ പ്ലേറ്റിലേയ്ക്കോ പരന്ന പാത്രത്തിലേയ്ക്കോ ഈ പാച്ചോറ് പൊത്തിവച്ച് ഭംഗിയിൽ സ്പൂൺ കൊണ്ട് നിരപ്പാക്കുക. ഒരു ഇല വെച്ച് മുകൾഭാഗം പ്രെസ്സു ചെയ്താൽ നല്ല ഭംഗിയായി കിട്ടും. ഇതു തണുത്തു കഴിയുമ്പോൾ മുറിച്ചെടുത്ത് ശർക്കരപാനി മുകളിലൊഴിച്ച് കഴിയ്ക്കാം. ശർക്കര പാനിയാക്കി നെയ്യും ഏലയ്ക്കയും ചുക്കും ചേർത്തെടുക്കുന്നു.
വിഷു സദ്യ വിഭവങ്ങള്
പണ്ടു കാലങ്ങളിൽ അതാതു സമയത്തു കിട്ടുന്ന വിഭവങ്ങൾ കൊണ്ടാണ് സദ്യയൊരുക്കൽ. വിഷു സദ്യയ്ക്ക് മാമ്പഴപ്പുളിശ്ശേരിയും ചക്കയവിയലും പ്രധാനം. ഒരു എരിശ്ശേരിയും ഓലനും ഇഞ്ചിക്കറിയും കൂടിയായാൽ ബഹുവിശേഷം!
പഴമാങ്ങായ്ക്കും ചക്കയ്ക്കുമൊന്നും നാട്ടിൻ പുറങ്ങളിൽ ഒരു ക്ഷാമവുമില്ലാത്ത വേനൽക്കാലം. വിഷുക്കണി കണ്ടു, തെങ്ങിനേയും മാവിനേയുമൊക്കെ കണി കാണിക്കാൻ ചൂട്ടു കത്തിച്ചു നടക്കുമ്പോൾ തന്നെ കുട്ടിക്കൂട്ടങ്ങൾക്ക് ചക്കരമാവിൽ നിന്നും ഇഷ്ടം പോലെ മാമ്പഴം കിട്ടുകയായി. മാമ്പഴ പുളിശ്ശേരിയിൽ മാങ്ങാണ്ടി അങ്ങനെ തന്നെ കിടക്കണം. തൈരുടച്ചു ചേർത്ത് വെണ്ണപോലെ തേങ്ങയരച്ചു വയ്ക്കുന്ന പുളിശ്ശേരിയിൽ സ്വാദ് ക്രമീകരിക്കാൻ നുളള് ശർക്കര ചേർക്കും. വറുത്തിടുമ്പോൾ കടുകും ഉലുവയും വറ്റൽ മുളകും നിറയെ കറിവേപ്പിലയും താളിച്ചത് പുളിശ്ശേരിയിൽ അങ്ങനെ വർണ്ണാഭമായി കിടക്കും. പുളിശ്ശേരിയിലെ മാങ്ങാണ്ടിയ്ക്കു വേണ്ടി എന്താ വഴക്ക്?
പണ്ടൊക്കെ വിഷുവിന്റെ ചക്കയവിയലിന് ചക്കയുടെ മടലും കുരുവും ചുളയും മുരിങ്ങയ്ക്കയും മാത്രം മതി. ചില പ്രദേശങ്ങളിൽ അവിയലിന് ചക്കചുള ചേർക്കാറില്ല. ചിലരാകട്ടെ വെളളരിയ്ക്കയും പടവലങ്ങയും കൂടി ചേർത്താണ് ചക്കയവിയൽ വയ്ക്കുക. കാരറ്റൊക്കെ അവിയലിന്റെ ഭാഗമായത് പുതിയ കാലത്താണ്. തെക്കോട്ട് തൈരിനെക്കാളും പച്ചമാങ്ങയാണ് അവിയലിൽ ചേർക്കുക. ചേർത്തല ഭാഗങ്ങളിൽ വിഷുഅവിയലിൽ പച്ച കശുവണ്ടി പിളർന്ന് അണ്ടിപരിപ്പ് ധാരാളമായി ചേർത്തിരിക്കും.
ചക്കച്ചുളയും കുരുവും കൂടിയുളള തേങ്ങാ വറുത്തിട്ട എരിശ്ശേരിയും ചെനച്ച ചക്കയോ മാമ്പഴമോ കൊണ്ടുളള കടുകു ചതച്ച പച്ചടിയുമൊക്കെ വിഷുക്കാല വിഭവങ്ങൾ തന്നെ. പിന്നീട് അവിയലിന് ചക്കയെങ്കിൽ എരിശ്ശേരിയ്ക്ക് മത്തങ്ങയും വൻപയറും പച്ചടിയ്ക്ക് മത്തങ്ങയോ പഴമോ ഇപ്പോൾ പൈനാപ്പിളോ ഒക്കെ കൂട്ടു ചേർന്ന മിശ്രപച്ചടിയായി. കുമ്പളങ്ങയും വൻപയറും അല്ലെങ്കിൽ ഇളം മത്തങ്ങയോ ചേർത്ത് പച്ചമുളകിട്ട് രണ്ടാംപാലിൽ വേവിച്ച് ഒന്നാം പാലൊഴിച്ച് എടുക്കുന്ന ഓലനും വിഷുവിന് കൂടിയേ തീരൂ
തെക്കർക്ക് ഇഞ്ചിക്കറിയെങ്കിൽ വടക്കോട്ട് കുറുകിയ പുളിയിഞ്ചിയാണ്. കടുകു വറത്ത് വറ്റൽ മുളകും കറിവേപ്പിലയും മൂപ്പിച്ച് ചെറിയ ഉളളി വഴറ്റി അതിലേയ്ക്ക് വറത്തു പൊടിച്ച ഇഞ്ചി ചേർത്ത് മുളകുപൊടിയും ചേർത്ത് മൂപ്പിച്ച പുളിവെളളമൊഴിച്ച് പാകത്തിന് ഉപ്പും അല്പം ശർക്കരയും ചേർത്താൽ ഞങ്ങൾ ചേർത്തലക്കാരുടെ ഇഞ്ചിക്കറി തയ്യാർ!
വിഷുവിന് പ്രധാനം ചക്ക പ്രഥമനാണ്. ചക്കപ്പഴം വേവിച്ച്(ഇപ്പോഴാണെങ്കിൽ മിക്സിയിലിട്ടൊന്നടിച്ചെടുക്കും) ശർക്കര ചേർത്ത് വരട്ടി മൂന്നാം പാലും രണ്ടാം പാലും യഥേഷ്ടം ചേർത്ത് കുറുക്കി ചുക്കും ഏലയ്ക്കയും പൊടിച്ചിട്ട ഒന്നാം പാൽ ചേർത്ത് അണ്ടിപരിപ്പും കിസ്മിസ്സും നെയ്യിൽ വറത്തിടും.
പൂജയപ്പം
വിഷുക്കാലത്തെ മധുരവിഭവങ്ങളോർക്കുമ്പോൾ ഞങ്ങൾ ചേർത്തലക്കാർ മറന്നു പോകാത്ത ഒരു മധുരമുണ്ട്. നാവിലൂറുന്ന പുജയപ്പത്തിന്റെ മധുരം
കരപ്പുറത്തുകാരുടെ ആഘോഷമാണ് ഉദയം പൂജ. കൊയ്ത്തുപാടങ്ങളിലാണ് പൂജ നടക്കുക. മീനംമേടമാസങ്ങളിലെ ഞായറാഴ്ചകളും പത്താമുദയത്തിനുമാണ് പൂജ നടക്കുക. കുളിച്ച് ശുദ്ധിയോടെ ഉണക്കലരി പൊടിച്ചെടുത്ത് ഇളനീരും മധുരവും ചേർത്ത് കലക്കി വയ്ക്കും സന്ധ്യാപ്രാർത്ഥനയ്ക്കു ശേഷം അടുപ്പു കൂട്ടി ഉരുളിയിൽ അപ്പം വാർക്കും. തേങ്ങയുരുക്കിയ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. അപ്പത്താലം രാത്രിയിൽ ചന്ദ്രനെ കാണിക്കാനായി ഉയർത്തും. രാവിലെ തളിച്ചുകൊട കഴിഞ്ഞ് പന്ത്രണ്ടുമണിയോടെ താലം സൂര്യനു സമർപ്പിക്കും
പൂജ കഴിച്ച താലം ഓരോ വീട്ടിലേയ്ക്കും കൊണ്ടു വരുമ്പോൾ മുറ്റമൊക്കെ തൂത്തു തളിച്ച് ശുദ്ധമാക്കി പൂമുഖത്ത് നിലവിളക്ക് കൊളുത്തി കുരവയോടെയാണ് സ്വീകരിക്കുക.
ഓരോ ആഘോഷങ്ങളും രുചിഭേദങ്ങളുടേതും കൂടിയാണ്. തിമതപ്രാദേശികഭേദമനുസരിച്ച് ഭക്ഷണവിഭവങ്ങളിലും വ്യത്യസ്തയുണ്ടായിരിക്കും. ആഘോഷങ്ങൾക്കൊപ്പം ഈ ഭക്ഷണവിഭവങ്ങളും തലമുറകളിലേയ്ക്കെത്തുന്നു.