ടെന്നീസ് താരം സെറീന വില്യംസ്, ഫുട്ബോൾ താരം ലയണൽ മെസ്സി തുടങ്ങി വീഗൻ കായികതാരങ്ങളുടെ കൂട്ടത്തിലേക്ക് വിരാട് കോഹ്‌ലിയും. വീഗനായ് മാറിയതിന്റെ ഭാഗമായി മുട്ടയും പാലുത്പന്നങ്ങളും കോഹ്‌ലി ഉപേക്ഷിച്ചതായാണ് റിപ്പോർട്ടുകൾ. ഫിറ്റ്നസിൽ അതീവ ശ്രദ്ധാലുവായ കോഹ്‌ലി ഇവയ്ക്കു പകരം പ്രോട്ടീൻ ഷേക്കുകളും പച്ചക്കറികളും സോയയും നിത്യേനയുളള ഭക്ഷണത്തിൽ ഉൾപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

ബിരിയാണിയുടെ കടുത്ത ആരാധകനായ കോഹ്‌ലി അതുപോലും ഉപേക്ഷിച്ചുവെന്നാണ് അടുത്ത വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. നോൺ വെജിറ്റേറിയൻകാർക്ക് വീഗൻ ആവുക ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിലും അതിന് ഗുണങ്ങൾ നിരവധിയാണ്.

വീഗനിസത്തിന്റെ ഗുണങ്ങൾ

വീഗനിസമെന്നാൽ സമ്പൂർണ്ണ വെജിറ്റേറിയൻ ജീവിതശൈലിയാണ്. മാംസത്തിന് പുറമേ മൃഗങ്ങളിൽ നിന്നുമുള്ള എല്ലാ ഉത്പനങ്ങളും ഉപേക്ഷിച്ച് പഴവർഗ്ഗങ്ങളും പച്ചക്കറികളും മാത്രം ഭക്ഷിക്കും. ഈ ജീവിതശൈലി കാൻസർ, പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയവയെ അകറ്റിനിർത്തുമെന്നാണ് വെഗനായവരുടെ അവകാശവാദം.

നൊബേൽ പുരസ്കാര ജേതാക്കളായ ഡോ.എലിസബത്ത് ബ്ലാക്ക്ബണും ഡോ.ഡീൻ ഓർണിഷും നടത്തിയ ഗവേഷണത്തിൽ ഈ ജീവിതശൈലിമൂലം 500 ജീനുകൾക്ക് മൂന്ന് മാസം കൊണ്ട് മാറ്റം സംഭവിച്ചതായി കണ്ടെത്തി. ഇത്തരത്തിലുളള ജീനുകളുടെ മാറ്റം രോഗങ്ങൾ വരുന്നത് തടയുന്നുവെന്നാണ് റിപ്പോർട്ട്.

നോൺ വെജിറ്റേറിയനുകളെക്കാൾ വീഗൻകാർക്ക് കാൻസർ വരാനുളള സാധ്യത വളരെ കുറവാണ്. വീഗൻ വനിതകൾക്ക് സ്തനാർബുദം, ഗർഭാശയ, അണ്ഡാശയ കാൻസർ എന്നിവ വരാനുളള സാധ്യത മറ്റു സ്ത്രീകളെക്കാൾ കുറവാണെന്നും അവർ അവകാശപ്പെടുന്നു.

വീഗനുകളായി ജീവിക്കുന്നവര്‍ക്ക് സൗന്ദര്യം, സന്തോഷം, ആത്മ വിശ്വാസം, പോസിറ്റീവ് എനര്‍ജി എന്നിവ മറ്റുളളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്നും പറയുന്നു.

വൃക്കയുമായി ബന്ധപ്പെട്ട രോഗമുളളവർ മൃഗ ഉത്പന്നങ്ങൾ കഴിക്കുന്നത് രോഗം മൂർച്ഛിക്കാൻ ഇടയാക്കും. അതേസമയം, പഴ വർഗ്ഗങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വൃക്ക രോഗങ്ങൾ തടയാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നുവെന്നാണ് വെഗനുകളുടെ അവകാശ വാദം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook