ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം വിരാട് കോഹ്‌ലി- അനുഷ്ക വിവാഹം യാഥാർഥ്യമായിരിക്കുന്നു. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹത്തിന്റെ ഓരോ നിമിഷങ്ങളും ചിത്രങ്ങളായും വിഡിയോകളായും സോഷ്യൽ മീഡിയയിൽ ആരാധകർ മൽസരിച്ചെന്നോണം പോസ്റ്റ് ചെയ്യുന്നുണ്ട്.

പുറത്തുവന്ന ചിത്രങ്ങൾ കണ്ടാൽ കോഹ്‌ലിയും അനുഷ്കയും ബെസ്റ്റ് കപ്പിൾസാണെന്ന് പറയാതിരിക്കാനാവില്ല. വിവാഹദിനത്തിലെ ഇരുവരുടെയും വസ്ത്രധാരണവും ഏവരുടെയും മനം കവർന്നിട്ടുണ്ട്. ചിത്രങ്ങൾ കണ്ടവരെല്ലാം തന്നെ സംസാരിച്ച മറ്റൊരു കാര്യം അനുഷ്കയുടെ വിരലിൽ കോഹ്‌ലി അണിഞ്ഞ വിവാഹമോതിരത്തെക്കുറിച്ചാണ്. അനുഷ്കയ്ക്ക് ഏറ്റവും അനുയോജ്യമായ മോതിരം കണ്ടെത്താൻ കോഹ്‌ലിക്ക് 3 മാസം വേണ്ടിവന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

”വളരെ അപൂർവമായ ഡയമണ്ട് പതിപ്പിച്ച മോതിരമാണ് അനുഷ്കയുടെ വിരലിൽ കോഹ്‌ലി അണിയിച്ചത്. ഓസ്ട്രിയയിലെ ഡിസൈനറാണ് മോതിരം ഡിസൈൻ ചെയ്തത്. മോതിരത്തിന്റെ ഡിസൈൻ പറഞ്ഞറിയിക്കാനാവാത്ത വിധം മനോഹരമാണ്. ഒരു കോടിയോളമാണ് മോതിരത്തിന്റെ വില. കാണുന്ന ഒരാൾക്കും മോതിരത്തിൽനിന്നും കണ്ണെടുക്കാനാവില്ലെ”ന്ന് ഇരുവരുടെയും അടുത്തൊരാൾ വെളിപ്പെടുത്തിയതായി ബോളിവുഡ്‌ലൈഫ് റിപ്പോർട്ട് ചെയ്തു.

ഇറ്റലിയിലെ മിലാനിലെ ആഡംബര റിസോർട്ടിൽവച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു കോഹ്‌ല-അനുഷ്ക വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. ഈ മാസം 21ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചെത്തും. ബന്ധുക്കൾക്കായി അന്ന് ഒരു വിവാഹപാർട്ടി ഒരുക്കിയിട്ടുണ്ട്. ഡിസംബർ 26നാണ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമായുള്ള വിവാഹ സൽക്കാരം. തുടർന്ന് ഇരുവരും ദക്ഷിണാഫ്രിക്കയിലേക്ക് പോകും. ദക്ഷിണാഫ്രിക്കയിൽവച്ചായിരിക്കും ഇരുവരും ന്യൂ ഇയർ ആഘോഷിക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ