ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കവർന്ന, പിന്നീട് ‘വികൃതി’യിലൂടെ മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വിൻസി അലോഷ്യസ്. ഷെയ്സൺ ഔസേപ്പ് സംവിധാനം ചെയ്യുന്ന ‘ഫെയ്സ് ഓഫ് ദ് ഫെയ്സ്‍ലെസ്’ എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണിപ്പോൾ താരം. ചിതത്തിൽ കന്യാസ്ത്രീ വേഷത്തിലാണ് വിൻസി എത്തുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ വിൻസി അധികം ഫൊട്ടൊഷൂട്ട് ചിത്രങ്ങളൊന്നും പങ്കുവയ്ക്കാറില്ല. എന്നാൽ സെറ്റ്സാരി സ്റ്റൈലിഷ് രീതിയിലണിഞ്ഞുള്ള താരത്തിന്റെ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡാലിയ പ്രിന്റിലുള്ള സെറ്റ്സാരിയാണ് വിൻസി അണിഞ്ഞത്. വ്യത്യസ്ത നിറങ്ങളിലുള്ള ഡാലിയ പൂക്കൾ നിറഞ്ഞു നിൽക്കുന്ന സാരി ഫാഷൻ പ്രേമികളെ ആകർഷിക്കുന്നതാണ്.
ഹാൻഡ്പ്രിന്റഡ് കേരളസാരികൾ ഒരുക്കുന്ന ‘ടർമറിക്ക്’ ബ്രാൻഡാണ് ഡാലിയ സെറ്റ്സാരി ഒരുക്കിയത്. നിവേദിത സഞ്ജയ് ആണ് ഡിസൈനർ. സാരിയ്‌ക്കൊപ്പം ചുവപ്പിൽ വെള്ള വരകളുള്ള ജാക്കറ്റാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. കോളറും ഫുൾ സ്ളീവുമാണ് ജാക്കറ്റിന്റെ പാറ്റേൺ. പച്ച കുപ്പിവളകളും റിങ്ങ് മൂക്കൂത്തിയുമാണ് സ്റ്റൈലിങ്ങ് പൂർണമാക്കുന്ന ആഭരണങ്ങൾ.
‘രേഖ’ ആണ് വിൻസിയുടെ അവസാനമായി റിലീസിനെത്തിയ ചിത്രം. ഫെബ്രവരി 11 ന് റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. കാർത്തിക് സുബ്ബരാജ് നിർമിച്ച ചിത്രം മാർച്ച് 10 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും.