Vijayadashami 2020, Vidyarambham: ഇന്ന് വിജയദശമി. സംസ്ഥാനത്ത് വീടുകളിലും ആരാധനാലയങ്ങളിലുമൊക്കെ ഒരുക്കിയ വിദ്യാരംഭം ചടങ്ങുകളിൽ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുകയാണ് കുരുന്നുകൾ. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങളിലെ വിദ്യാരംഭ ചടങ്ങുകൾക്ക് നിയന്ത്രണങ്ങൾ ഉള്ളതിനാൽ മിക്കവരും വീടുകളിൽ തന്നെയാണ് വിദ്യാരംഭം കുറിക്കുന്നത്.

ഇന്നോടെ, ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ പരിസമാപ്തിയിൽ എത്തുകയാണ്. അസുരരാജാവായിരുന്ന മഹിഷാസുരനെ ദുര്‍ഗ്ഗ വധിച്ച ദിവസമാണു വിജയദശമി. കേരളത്തില്‍, നവരാത്രി പൂജയുടെ അവസാനദിനമാണ് വിജയദശമിദിവസമായി ആഘോഷിക്കുന്നത്.

വടക്കു-തെക്കു സംസ്ഥാനങ്ങളിൽ രാവണനു മേൽ ശ്രീരാമൻ നേടിയ വിജയത്തിന്റെ ആഘോഷമായാണ് വിജയദശമി. കിഴക്ക്, വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ അസുരരാജാവായിരുന്ന മഹിഷാസുരനെ കൊന്നു ദുർഗ ദേവി വിജയം വരിച്ച കാലമാണു വിജയദശമി എന്നാണു സങ്കൽപം.
ത്രൈലോക്യങ്ങൾ കീഴടക്കി വാണ അസുരരാജാവായിരുന്ന മഹിഷാസുരൻ സ്വർഗത്തിൽ നിന്ന് ഇന്ദ്രനെയും ദേവകളെയും ആട്ടിപ്പായിച്ചു. ദേവന്മാർ ത്രിമൂർത്തികളായ ബ്രഹ്‌മാ-വിഷ്‌ണു-പരമേശ്വരൻമാർക്കു മുൻപിൽ സങ്കടമുണർത്തിച്ചു. എല്ലാ ദേവകളുടെയും ശക്തി ഒന്നിച്ചു ചേർന്നു ദുർഗ ദേവി രൂപമെടുത്തു.
Read Here: Vijayadashami 2020: വിജയദശമി; ഐതിഹ്യവും പ്രസക്തിയും
തിന്മയ്ക്കു മേൽ നന്മ വിജയം നേടിയ ദിനം എന്ന് കരുതപ്പെടുന്ന ഈ വിശേഷ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് വിജയദശമി ആശംസകള്‍ കൈമാറാം. കൂടാതെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പിച്ചവയ്ക്കുന്ന കുരുന്നുകള്‍ക്കും, ആയുധപൂജ ആഘോഷിക്കുന്നവര്‍ക്കും ആശംസകള്‍.
ദേവലോകത്തെത്തിയ ദേവി മഹിഷാസുരനെ വെല്ലുവിളിച്ചു. ദേവിയുടെ സൗന്ദര്യത്തിൽ അനുരക്തനായ മഹിഷാസുരൻ തന്റെ ഭാര്യയാകാൻ ആവശ്യപ്പെട്ടു. എന്നാൽ തന്നെ പരാജയപ്പെടുത്താൻ കഴിവുളള ഒരാളുടെ ഭാര്യയാകാനാണ് ഇഷ്ടമെന്നു ദേവി അരുളിച്ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ യുദ്ധം ചെയ്യുകയും വിഷ്‌ണുചക്രം കൊണ്ടു ദേവി മഹിഷാസുരന്റെ കണ്‌ഠം ഛേദിക്കുകയും ചെയ്തു. മഹിഷാസുരന്റെ വധത്തിൽ ദേവകൾ മുഴുവൻ ആനന്ദനൃത്തമാടിയെന്നാണ് ഐതിഹ്യം.