Vidyarambham 2019: വിദ്യാരംഭം 2019, ദിവസം, സമയം, മുഹൂര്‍ത്തം: അറിയേണ്ടതെല്ലാം: പേര് നിര്‍ദ്ദേശിക്കുന്നത് പോലെ തന്നെ അറിവിന്റെ ലോകത്തേക്ക് ഉള്ള ചുവട് വയ്പ്പാണ് വിദ്യാരംഭം.  അത് ഏതറിവിന്റെ തുടക്കവും ആകാം.  നവരാത്രി ദിനങ്ങളിലെ വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നത് ഏറെ വിശേഷമായി വിശ്വാസികള്‍ കണക്കാക്കുന്നു.

കേരളത്തില്‍ കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇതറിയപ്പെടുന്നു.

ഗണപതി പൂജയോടെയാണ് വിദ്യാരംഭം ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. അച്ഛനോ അമ്മയോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ‘ഹരിഃ ശ്രീഗണപതയേ നമഃ’ എഴുതി കൊണ്ടാണ് വിദ്യാരംഭം കുറിക്കുന്നത്.

അതിനു ശേഷം സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. ഹരി എന്നതു ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു.

Read Here: Vijayadashami, Vidyarambham, Ayudha Pooja Wishes: വിജയദശമി ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ആശംകള്‍ കൈമാറാം

കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലെ വിദ്യാരംഭം, ചിത്രം. ധന്യ വിളയിൽ

Vidyarambham Age: വിദ്യാരംഭം ഏത് പ്രായത്തില്‍?

മൂന്നോ അഞ്ചോ വയസിലാണ് കുട്ടികളെ വിദ്യാരംഭം ചടങ്ങിനിരുത്തേണ്ടത്. രണ്ട്, നാല് തുടങ്ങി ഇരട്ട സംഖ്യ വരുന്ന വയസിൽ വിദ്യാരംഭം നടത്തുന്നത് ശുഭകരമല്ല എന്ന് കരുതപ്പെടുന്നു.

Vidyarambham Time, Muhurtham: വിദ്യാരംഭം സമയം, മുഹൂർത്തം എന്നിവ നോക്കിയാണോ നടത്തേണ്ടത്?

വിജയദശമി ദിവസത്തിൽ വിദ്യാരംഭത്തിന് പ്രത്യേക മുഹൂര്‍ത്തം കുറിക്കേണ്ടതില്ല. അത്രയും  ശുഭകരമായ ദിനമാണ് വിജയദശമി ദിനം. വിജയദശമി ഒഴികെ വർഷത്തിൽ ഏതു ദിവസവും നല്ല ദിവസം നോക്കി വിദ്യാരംഭം നടത്താം എന്നും വിശ്വാസികള്‍ കരുതുന്നു.

 

വിദ്യാരംഭം എവിടെ?

പണ്ടു കാലത്ത് വീടുകളിലോ ഗുരുകുലത്തിലോ വിദ്യാരംഭം ചടങ്ങുകൾ നടത്തിയിരുന്നു. ഇന്ന് ക്ഷേത്രങ്ങളിലും ഓഫീസുകളിലും വിദ്യാരംഭ ചടങ്ങുകൾ നടത്തുന്നുണ്ട്. കേരളത്തില്‍ സരസ്വതീ ക്ഷേത്രങ്ങളായ കോട്ടയത്തെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം, കൊല്ലത്തെ എഴുകോൺ മൂകാംബിക ക്ഷേത്രം, വടക്കൻ പറവൂരിലെ മൂകാംബിക സരസ്വതി ക്ഷേത്രം, തിരുവനന്തപുരത്തെ ആറ്റുകാൽ ഭഗവതി ക്ഷേത്രം, ചോറ്റാനിക്കര ദേവീ ക്ഷേത്രം, ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം അടക്കമുളള നിരവധി ക്ഷേത്രങ്ങളിലും തുഞ്ചൻ പറമ്പിലും കുട്ടികളെ എഴുത്തിനിരുത്താറുണ്ട്.

കർണാടകയിലെ കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിലെ വിദ്യാരംഭം അതിപ്രശസ്തമാണ്. ഇവിടുത്തെ സരസ്വതി മണ്ഡപത്തിലാണ് ചടങ്ങ് നടക്കുക. വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കാൻ നിരവധി കുരുന്നുകളാണ് ഇവിടേക്ക് എത്തുക. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വർഷത്തിലെ ഏതു ദിവസവും വിദ്യാരംഭം നടത്താമെന്ന പ്രത്യേകതയുമുണ്ട്.

Read Here: Navarathri 2019: പൂജാ ആഘോഷങ്ങൾക്കൊരുങ്ങി കൊല്ലൂർ മൂകാംബിക ക്ഷേത്രം

ആയുധപൂജ-പൂജവയ്പ്-പൂജയെടുപ്പ്

ആയുധപൂജയാണ് മഹാനവമി ദിനത്തില്‍ പ്രധാനം. വീടുകള്‍, ക്ഷേത്രങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയിടങ്ങളില്‍ പുസ്തകങ്ങള്‍, മറ്റു പണിയായുധങ്ങള്‍ എന്നിവ പൂജയ്ക്ക് വയ്ക്കും. തൊഴിലാളികള്‍ പണിയായുധങ്ങളും, കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും ദേവിക്ക് മുൻ മുന്‍പില്‍ സമർപ്പിക്കുന്നു. കർമമേഖലയിൽ ദേവീപ്രീതി നേടുന്നതിനാണ് ആയുധങ്ങൾ ദേവിക്കു മുൻപിൽ പൂജ വയ്ക്കുന്നത്. വിജയദശമി ദിനത്തില്‍ ദുർഗ പൂജയ്‌ക്ക്‌ ശേഷം ഓരോരുത്തരും അവരവരുടെ ആയുധങ്ങള്‍ തൊട്ട്‌ വണങ്ങി തിരികെയെടുക്കുന്നു.

പൂജവയ്പ്

നവരാത്രികാലത്തെ ദുർഗാഷ്ടമി ദിവസമാണ് പൂജവയ്ക്കുന്നത്. അന്നേ ദിവസം സന്ധ്യയ്ക്കു മുൻപു പൂജവയ്ക്കണം. ഭവനത്തിലോ ക്ഷേത്രത്തിലോ പൂജവയ്ക്കാം. വീട്ടിലാണെങ്കിൽ ശുദ്ധിയുളള സ്ഥലത്തോ പൂജാമുറിയിലോ പൂജ വയ്ക്കാം. വിദ്യാർഥികൾ അവരുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും, മുതിർന്നവർ ഭഗവത്‌ ഗീത, നാരായണീയം, ഭാഗവതം, രാമായണം തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളും പൂജവയ്ക്കാറുണ്ട്.

പൂജയെടുപ്പ്

വിജയദശമി ദിവസം രാവിലെ കുളിച്ചു ശുദ്ധമായശേഷം പൂജയെടുക്കാം. രാവിലെ ദേവീക്ഷേത്ര ദർശനം നടത്തുന്നത് ഉത്തമമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook