വീഡിയോ ഗെയിമുകൾ കളിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്ന് പുതിയ പഠനം. ഓക്സ്ഫോർഡ് ഇന്റർനെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരുപറ്റം ഗവേഷകരാണ് ഈ പഠനത്തിനു പിന്നിൽ. കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമെല്ലാം മാനവരാശിയുടെ സൈര്വജീവിതത്തിന് തടസ്സങ്ങൾ ഉണ്ടാക്കുകയും ആളുകളെ വീടുകൾക്ക് അകത്തേക്ക് തളച്ചിടുകയും സാമൂഹികജീവിതം ഇല്ലാതാക്കുകയും ചെയ്തതതോടെ വീഡിയോ ഗെയിം വിൽപ്പനയിൽ വൻ കുതിച്ചുകയറ്റമാണ് ഉണ്ടായിരിക്കുന്നത്.
വീഡിയോ ഗെയിമുകൾ കളിക്കുന്നവരിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ. പ്ലാന്റ്സ് വി എസ് സോംബീസ്: ബാറ്റിൽ ഫോർ നെയ്ബർവില്ലെ, അനിമൽ ക്രോസിംഗ്: ന്യൂ ഹൊറിസോൺസ് എന്നീ ഗെയിമുകൾ കളിച്ചവരിലാണ് പഠനം നടത്തിയത്. എത്രസമയം ആളുകൾ വീഡിയോ ഗെയിമുകളിൽ ചെലവഴിക്കുന്നു എന്ന സമയവും സർവേയിൽ പരിശോധിച്ചു. ഗെയിം കളിച്ചുകൊണ്ടിരിക്കുന്ന സമയം ആളുകളുടെ മാനസികാരോഗ്യത്തിൽ ചെറുതെങ്കിലും പോസിറ്റീവ് ആയൊരു സ്വാധീനം ചെലുത്തിയതായി കണ്ടെത്തിയതായി ഗവേഷകർ പറയുന്നു.
എന്നാൽ അമിതമായി വീഡിയോ ഗെയിം കളിക്കുന്നവരിൽ അഡിക്ഷൻ ഉണ്ടാവാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് ഈ പഠനവും പറയുന്നത്. വീഡിയോ ഗെയിമുകള്‍ കളിക്കുന്ന എല്ലാവര്‍ക്കും ഇവയോട് ആസക്തി ഉണ്ടാകണമെന്നില്ല. എത്ര സമയം കളിക്കുന്നു, എപ്പോള്‍ കളിക്കുന്നു, ഗെയിമിനോട് ഭ്രാന്തമായ ആവേശം ഉണ്ടോ എന്നിവയാണ് പരിശോധിക്കേണ്ടത്. കൂടുതലായി ഇത്തരം ഗെയിമുകളോട് അഡിക്ഷൻ വന്നാൽ അത് കുട്ടികളില്‍ അക്രമണോത്സുകത ഉണ്ടാക്കുകയും സങ്കീര്‍ണ്ണമായ മാനസികാവസ്ഥ, ഓര്‍മ്മക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യും. അതിനാൽ ഒരു വിനോദ ഉപാധി മാത്രമായി ഇവയെ കാണാനാണ് വിദഗ്ധർ നിർദേശിക്കുന്നത്.
Read more: അവധിക്കാലം ആഘോഷമാക്കാം; ഇതാ കേരളത്തിലെ അതിമനോഹരമായ 5 ട്രീ ഹൗസുകൾ