ലോകം മൊത്തം പ്രണയദിനമാഘോഷിക്കുമ്പോൾ തങ്ങളുടെ പ്രണയവും തുറന്ന് പറയുകയാണ് എൽജിബിടി കമ്മ്യൂണിറ്റി. ആണിലും പെണ്ണിലും മാത്രം ഒതുങ്ങുന്നതല്ല പ്രണയം. ഭിന്നലൈംഗികതയുള്ള വ്യക്തികള്‍ക്കുമുണ്ട് പ്രണയവും, പ്രണയദിനവും….
അനന്യ (റേഡിയോ ജോക്കി)
പ്രണയിക്കാൻ ആഗ്രഹിക്കാത്തവരായി ആരാണുണ്ടാവുക?. പ്രണയം ആണിലും പെണ്ണിലും ഒതുങ്ങേണ്ടതല്ല. ഒരു ജെൻഡർ-ബെൻഡർ ആയിട്ടുള്ളതാണ് പ്രണയം. സാധാരണ ഒരാണും പെണ്ണും പ്രേമിക്കുന്നതാണ് നമ്മൾ സമൂഹത്തിൽ കണ്ടുവരുന്നത്. ഒരേ ലിംഗത്തിൽ പെട്ടവർ പ്രണയിക്കുന്നതും അവർ വിവാഹം ചെയ്യുന്നതും സമൂഹത്തിന് എതിർപ്പാണ്. അതിനുള്ള സൗകര്യങ്ങളുമില്ല. വാലന്റൈൻ ദിനമെന്നത് ആൺ, പെൺ എന്നതിൽ ഒതുങ്ങി നിൽക്കാതെ ജെൻഡർ ബ്രേക്കിങ്ങായിട്ടുള്ള ഒന്നാവണം. പുരുഷന്റെയും സ്‌ത്രീയുടെയും വികാരങ്ങളുള്ള ട്രാൻസ്ജെൻഡേഴ്‌സിലും പ്രണയമുണ്ട്.അവർക്കും പ്രണയിക്കാൻ ആഗ്രഹമുണ്ട്. ട്രാൻസ്ജെൻഡേഴ്‌സിന്റെ പ്രണയവും സുഗമമായി പോകാൻ സമൂഹം അനുവദിക്കണം.
വിനീത് സീമ (മേക്കപ്പ് ആർട്ടിസ്റ്റ്)
വാലന്റൈൻസ് ഡേ പ്രണയത്തിനായി മാറ്റിവച്ച ഒരു ദിവസമാണ്. പ്രണയം അറിയിക്കാൻ കൂടിയുള്ള ദിവസമാണന്ന്. വാലന്റൈൻ ദിനത്തിൽ കാത്തിരിക്കുന്നത് പങ്കാളിയിൽ നിന്ന് കേൾക്കുന്ന പ്രണയാർദ്രമായ വാക്കുകൾക്കാണ്. എന്റെ ജീവിതത്തിൽ എന്നും പ്രണയമുണ്ട്.
മുഹമ്മദ് സുഹറാബി അലൈവിക്കുട്ടി( വിദ്യാർത്ഥി)
രണ്ടു പേർ ചുംബിക്കുമ്പോൾ ലോകം മാറുന്നു’ എന്ന് കേൾക്കുമ്പോൾ നമ്മുടെ മുന്നിൽ ലോകത്തെ മാറ്റാനായി വന്നിരിക്കുന്ന രണ്ടു പേർ ”ഒരു പെണ്ണും’ ‘ഒരാണു’മാണ്. അതിന്റെ അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ പ്രണയത്തെക്കുറിച്ച് ചിന്തിക്കാനുള്ള ഹൃദയം വിശാലപ്പെട്ട് വരുന്നേയുള്ളൂ. രണ്ടു പെണ്ണുങ്ങളുടേയും രണ്ടു ആണുങ്ങളുടേയും ഇതിന്റിടക്കോ അപ്പുറമോ ഒഴുകി നടക്കുന്നവരുടേയും പ്രണയങ്ങളും ആഘോഷിക്കാനും ഉൾക്കൊള്ളാനും കഴിയുന്ന പ്രണയദിനമാണ് സ്വപ്നം. ‘ഇവനാണെന്റെ പ്രണയം’ എന്നു ആണൊരുത്തനു ലോകത്തിനു മുന്നിൽ ഉറക്കെ തുറന്ന് പറയാൻ കഴിയുന്ന പ്രണയദിനം. രണ്ട് പെൺകുട്ടികൾക്ക് പ്രണയാർദ്രരായി തെരുവിലൂടെ കൈകോർത്ത് നടക്കാൻ കഴിയുന്ന പ്രണയദിനം. എല്ലാ മതിലുകൾക്കും അതിരുകൾക്കും അപ്പുറം രണ്ടു ഹൃദയങ്ങൾ മാത്രമാകുന്ന പ്രണയദിനം. (സംഭവം കേൾക്കുമ്പോൾ ഭയങ്കര പൈങ്കിളിയാണ്. പക്ഷെ അതുപോലെ പൊളിറ്റിക്കലുമാണ്.) കേട്ടു ശീലമില്ലാത്ത പ്രണയക്കഥകളാണ് ഞങ്ങൾക്ക് പറയാനുള്ളത്. പാടിപ്പതിഞ്ഞിട്ടില്ലാത്ത പ്രണയഗാനങ്ങളുടെ ഈരടികൾ ഞങ്ങളുടെ നെഞ്ചിലുമുണ്ട്. എഴുതപ്പെടാത്തതും കൊടുക്കപ്പെടാത്തതും കീറിക്കളഞ്ഞതുമായ ഒരു നൂറു പ്രണയലേഖനങ്ങൾ ചരിത്രത്തിൽ സ്വാതന്ത്രം കിട്ടാതെ കിടപ്പുണ്ട്. വരൂ.. ആണാണിനെഴുതിയ വരികളുടെ ചൂടറിയൂ…!
.
.