വാലന്റൈന്‍സ് ഡേയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമേയുള്ളൂ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ തങ്ങളുടെ പ്രണയം ആഘോഷിക്കുന്ന ദിവസം. പ്രണയം പറയാനും, പ്രണയിക്കുന്നവർക്ക് പരസ്പരം സമ്മാനങ്ങള്‍ നല്‍കാനും, ആഘോഷിക്കാനുമുള്ള ദിനം. എന്തുകൊണ്ടാണ് ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത്? അതിന്റെ ചരിത്രം എന്താണ്?
എഡി 270ല്‍ ജീവിച്ചിരുന്ന സെയ്ന്റ് വാലന്റൈന്റെ ഓര്‍മ്മ ദിനമാണ് വാലന്റൈന്‍സ് ദിനമായി ആചരിക്കുന്നത് എന്നൊരു വിശ്വാസമുണ്ട്. അതേസമയം, ഈ ആഘോഷത്തിനു പിന്നില്‍ മറ്റൊരു കഥയുണ്ട് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. റോമന്‍ സ്ഥാപകരായ റോമുലസ്, റെമസ് എന്നിവര്‍ക്കും കാര്‍ഷിക ദേവതയായ ഫോനസിനും സമര്‍പ്പിച്ചുകൊണ്ട് നടത്തിയിരുന്ന റോമന്‍ ലുപെര്‍കാലിയ എന്ന ആഘോഷത്തെ ക്രിസ്തീയവത്കരിക്കാനുള്ള പള്ളിയുടെ ശ്രമത്തിന്റെ ഭാഗത്തോടാണ് പലരും ഇതിനെ കൂട്ടിവായിക്കുന്നത്.
ആഘോഷവേളയില്‍ പുരുഷന്മാര് ഒരു പെട്ടി തുറന്ന് സ്ത്രീകളുടെ പേരുകള്‍ തിരഞ്ഞെടുക്കുകയും അവരുടെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ ഇത് വിവാഹത്തിലും അവസാനിക്കും. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ പോപ്പ് ഗെലേഷ്യസ്, ലൂപര്‍കാലിയ ആഘോഷത്തിന്റെ സമയത്ത്, ആ ദിനം സെന്റ് വാലന്റൈന്റെ ഓര്‍മ്മ പുതുക്കാനായി തിരഞ്ഞെടുത്തു. അങ്ങനെ വാലന്റൈന്‍സ് ഡേ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും ദിനമായി.
ആരായിരുന്നു സെയ്ന്റ് വാലന്റൈന്‍
ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ പരസ്പരം സ്നേഹിച്ചിരുന്നവരെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ സഹായിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു സെയ്ന്റ് വാലന്റൈന്‍ എന്നാണ് വിശ്വാസം. ഇക്കാരണത്താല്‍ ക്ലോഡിയസ് രണ്ടാമന് ചക്രവര്‍ത്തി അദ്ദേഹത്തിന്റെ ശിരച്ഛേദനം നടത്തി. പുരുഷന്മാര് വിവാഹം കഴിക്കരുത്, അവര്‍ രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്യണം എന്നായിരുന്നു ക്ലോഡിയന് രണ്ടാമന്റെ വിശ്വാസം. എന്നാല്‍ സെയ്ന്റ് വാലന്റൈന്‍ ഈ ആശയത്തോട് യോജിച്ചിരുന്നില്ല. അതിനാല്‍ പ്രണയത്തിലായിരുന്നവരെ വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ അദ്ദേഹം സഹായിച്ചു.
വാലന്റൈന്‍സ് ദിനം പ്രണയവും കൂട്ടും ആഘോഷിക്കുകയാണ്. റോസ് ഡേയോടെ ഒരാഴ്ച മുമ്പേ ആഘോഷങ്ങള്‍ തുടങ്ങുന്നു. ആളുകള്‍ പരസ്പരം പ്രണയം പ്രകടിപ്പിക്കുന്നു. പനിനീര് പൂക്കള്‍ കൈമാറുന്നു. വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ദിവസമാണ് പ്രപ്പോസ് ഡേ. പിന്നീട് ചോക്ളേറ്റ് ഡേ, ടെഡി ടേ. ഈ ദിവസങ്ങളില്‍ പ്രണയത്തിന്റെ പ്രതീകമായി ചോക്ളേറ്റുകളും ടെഡി ബെയറുകളും കൈമാറുന്നു. അടുത്ത ദിവസങ്ങള്‍ ഹഗ് ഡേയും കിസ്സ് ഡേയുമായി ആഘോഷിക്കുന്നു.