/indian-express-malayalam/media/media_files/uploads/2023/07/Quarter-Life.jpeg)
ഇരുപതുകളിലൂടെ കടന്നു പോകുന്നയാളാണോ നിങ്ങൾ? എന്നാൽ ക്വാട്ടർ ലൈഫ് ക്രൈസിസിനെ കുറിച്ച് അറിയേണ്ടതുണ്ട് (ചിത്രീകരണം: വിഷ്‌ണു റാം)
നിങ്ങളുടെ പ്രായം ഇരുപതുകളുടെ തുടക്കത്തിലോമുപ്പതുകളോട് അടുത്തോ ആണോ? എന്നാൽ നിങ്ങളിപ്പോൾ എത്തിയിരിക്കുന്നത് 'ആ സ്റ്റേജി'ലാണ്. കുടുംബവുമൊന്നിച്ച് വിവാഹത്തിനോ മറ്റോ പോകുമ്പോൾ 'ജോലിയൊന്നും ആയില്ലേ?,' 'മോൾക്ക്/മോന് കല്യാണം നോക്കുന്നില്ലേ?', 'ശമ്പളം എത്രയുണ്ട്?', 'എല്ലാവരും ഇപ്പോൾ പുറത്തേയ്ക്ക് പോകുന്നുണ്ട് നിനക്കുമൊന്ന് ട്രൈ ചെയ്തു കൂടെ?' തുടങ്ങി ഏതെങ്കിലുമൊരു ചോദ്യത്തിലൂടെ തീർച്ചയായും കടന്നു പോയിട്ടുണ്ടാകും. ഇത്തരം ചോദ്യങ്ങൾ ചിലപ്പോഴെങ്കിലും നിങ്ങളെ മാനസികമായി തളർത്തിയിട്ടുമുണ്ടാവാം! സമൂഹത്തിന്റെ മാത്രം പ്രശ്നമാണിതെന്ന് ഒരു പരിധി വരെ നിങ്ങൾക്കറിയാമെങ്കിലും ചില സമയങ്ങളിൽ ഒരു അരക്ഷിതാവസ്ഥ നിങ്ങളെ കടന്നു പിടിക്കും. ഈ അവസ്ഥയെയാണ് 'ക്വാട്ടർ ലൈഫ് ക്രൈസിസ്' എന്ന് പറയുന്നത്.
'ബാംഗ്ലൂർ ഡെയ്സി'ൽ ദുൽഖർ സൽമാൻ പറയുന്നത് പോലെ നിങ്ങളെയിപ്പോൾ പലരും ഒരു പ്രഷർ കുക്കറിൽ നിർത്തിയിരിക്കുകയാണ്. ജോലി കിട്ടിയാൽ ഉടൻ കല്യാണം അതു കഴിഞ്ഞാൽ കുഞ്ഞ്, അങ്ങനെനീളുന്നു കാലങ്ങളായി കണ്ടീഷൻ ചെയ്യപ്പെട്ട സിസ്റ്റത്തിന്റെ ടൈം ടേബിൾ. ഇതിൽ ഏതെങ്കിലും ഒരു കാര്യം സമയത്തിനനുസരിച്ച് (ശ്രദ്ധിക്കണം, നിങ്ങളുടെയല്ല അവരുടെ സമയത്തിനനുസരിച്ച്) നിങ്ങൾ ചെയ്തില്ലെങ്കിൽ ഉടൻ ആ പ്രഷർ കുക്കറിലേക്ക് തള്ളിയിടപ്പെടും.
ഇരുപതുകളിൽ നേരിടുന്ന പ്രശ്നങ്ങൾ നിസ്സാരമായി തള്ളികളയേണ്ടവയല്ല. പലരെയും മാനസികമായി തളർത്തുന്ന രീതിയിലേക്ക് വരെ ഈ പ്രതിസന്ധി കൊണ്ടു ചെന്നെത്തിയ്ക്കാം. ചെറുപ്പക്കാർ നേരിടുന്ന ഇത്തരം പ്രതിസന്ധികളെ കുറിച്ച് യൂട്യൂബറായ വിയയും എഴുത്തുകാരനായ ജോസഫ് അന്നംകുട്ടിയും സംസാരിക്കുമ്പോൾ ഇതിന്റെ പ്രതിവിധികളെ കുറിച്ചാണ് മാനസികാരോഗ്യ വിദഗ്ധരായ ഡിപിനും ഡോ. റാണി സൂസനും സംസാരിക്കുന്നത് .
'എന്താണോ നമുക്ക് സന്തോഷം തരുന്നത് അതിനു കൂടുതൽ പ്രധാന്യം നൽകൂ,' യൂട്യൂബറായ വിയ പറയുന്നു.
"ജോലിയൊക്കെ കിട്ടി ഒരുപാട് ഇഷ്ടങ്ങൾ നിറവേറ്റാൻ ആഗ്രഹിക്കുന്ന സമയമാണ് ഇരുപതുകളൊക്കെ. എനിക്ക് എന്താണ് ശരിക്കും വേണ്ടതെന്ന് മനസ്സിലാക്കുന്നതും ഈയൊരു പ്രായത്തിലാണ്. സമൂഹത്തിന് മാത്രമേ അതൊരു 'ലേറ്റായിട്ടുള്ള സമയമാകുന്നുള്ളൂ' എന്നാണ് എന്റെ അഭിപ്രായം. ഇന്നത്തെ മുപ്പതുകളാണ് പുതിയ ഇരുപതുകൾ എന്ന് ഞാൻ കേട്ടിട്ടുണ്ട്. പണ്ട് മുപ്പതുകളെന്ന് പറഞ്ഞാൽ കല്യാണം കഴിഞ്ഞ് സെറ്റിലാകാനുള്ള സമയമായി. എന്നാൽ സാമ്പത്തിക ഭദ്രത ഒരുപാടുള്ള ഇരുപതുകൾ പോലെയാണ് ഇപ്പോൾ മുപ്പതുകളുമെന്ന് തോന്നുന്നു. പൊതുവെ മുപ്പതുകൾ എല്ലാവർക്കും പേടിയാണ്. എന്നാൽ പേടിക്കേണ്ട കാര്യമില്ലയെന്ന് പരസ്പരം പറയേണ്ട സമയമാണിത്."
/indian-express-malayalam/media/media_files/uploads/2023/07/viya-.jpg)
മുപ്പതു വയസ്സിനുള്ളിൽ, അല്ലെങ്കിൽ സമൂഹം പറഞ്ഞു വച്ചിരിക്കുന്ന പ്രായ പരിധിക്കുള്ളിൽ ജീവിതം സെറ്റിൽ ചെയ്യുക എന്നതാണ് 'ക്വാട്ടർ ലൈഫ് ക്രൈസിസ്' എന്ന അവസ്ഥയിലേക്ക് നയിക്കുന്ന അടിസ്ഥാന കാരണമെന്നാണ് ഇടുക്കി ജില്ലാ ആരോഗ്യ വകുപ്പിലെ അഡോളസന്റ് കൗൺസിലറായ ഡിപിൻ ജോസഫ് പറയുന്നത്.
"ലൈഫ് ക്രൈസിസ് ഏറ്റവും കൂടുതൽ അനുഭവിക്കുന്ന കാലഘട്ടം ഇരുപതുകളുടെ പകുതി മുതൽ മുപ്പതുകളുടെ തുടക്കം വരെയാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സോഷ്യൽ എക്സപെക്റ്റേഷൻസ് മീറ്റ് ചെയ്യുക എന്നതാണ് ക്രൈസിസിന്റെ പ്രധാന കാരണം. പ്രായത്തിന്റെ അടിസ്ഥാനത്തിലാണ് ജോലിയും വീടും കാറുമെല്ലാം വാങ്ങുന്ന സമയം സമൂഹം നിശ്ചയിച്ചിരിക്കുന്നത്. ഇത്തരം മാനദണ്ഡങ്ങളുടെ ബാധ്യതയാണ് പലരും നേരിടുന്നത്. ഏറ്റവും അധികം ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നൊരു പ്രായം കൂടിയിതാണിതെന്ന് തോന്നുന്നു."
എന്നെ കേൾക്കാൻ ആരുമില്ല എന്ന ചിന്തയും സങ്കടവും സന്തോഷവും സ്വയം ഉള്ളിൽ ഒതുക്കി എന്റെയെന്ന് പറയുന്ന ഇടത്തിനെ തേടിയുള്ള യാത്രയും ഈ കാലഘട്ടത്തിൽ വളരെ സ്വാഭാവികമായി നടക്കുന്നൊരു കാര്യമാണ്. 'സെൽഫ് ബിലോംഗിങ്ങ്നസ്' എന്ന തോന്നൽ വളരെയധികം വേട്ടയാടുന്ന പ്രായം.
/indian-express-malayalam/media/media_files/uploads/2023/07/dipin-.jpg)
"നമ്മുടെ സാമൂഹിക വ്യവസ്ഥകളനുസരിച്ച് പഠനം, ജോലി എന്നതിനു ശേഷം മാത്രമാണ് നാം സ്വയം തിരഞ്ഞെടുക്കുന്ന കുടുംബം എന്ന വ്യവസ്ഥയിലേക്കെത്തുക. അതിനു മുൻപ് അച്ഛനനമ്മമാർക്കും സുഹൃത്തുകൾക്കുമപ്പുറം എന്റേതെന്ന് മാത്രം പറയുന്ന ഒരു വ്യക്തിയുടെ കുറവ് എന്നതൊക്കെ ഈ ക്രൈസിസിലേയ്ക്ക് നയിക്കാം," ഡിപിൻ വിശദീകരിച്ചു.
ക്വാട്ടർ ലൈഫ് ക്രൈസിസിനൊപ്പം കാണാവുന്ന മറ്റൊരു കാര്യമാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ കുത്തൊഴുക്ക്. പ്ലസ്ടു അല്ലെങ്കിൽ ഡിഗ്രി കഴിഞ്ഞൊരു വ്യക്തി കേൾക്കുന്നൊരുചോദ്യമായിരിക്കും 'പുറത്തേയ്‌ക്കൊന്നും പോകുന്നില്ലേയെന്ന്?'
വിദ്യാർത്ഥികൾ പുറത്തേക്ക് പഠിക്കാൻ പോകുന്നതിന്റെ ഒരു കാരണം രാജ്യത്തിന്റെ തൊഴിൽ സമ്പ്രദായത്തോടുള്ള സമീപനമാണെങ്കിൽ മറ്റൊന്ന് നിരന്തരം കേൾക്കുന്ന ഈ ചോദ്യങ്ങളാണ്. വ്യക്തിപരമായി അറിയുന്നൊരാൾ പുറം രാജ്യത്ത് പഠിക്കാൻ പോകുമ്പോൾ തനിക്കു പോകാൻ പറ്റുന്നില്ലെന്ന ചിന്തയും ഈ ക്രൈസിസിലേക്ക് നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ വിദേശ രാജ്യങ്ങളിലെത്തിയ ശേഷവും പലരും ബുദ്ധിമുട്ടുകൾ അനുഭവിച്ചേക്കാമെന്ന് അഡോളസന്റ് ആൻഡ് ടീനേജ് ഇഷ്യൂസിൽ പിഎച്ച്ഡി നേടിയ ഡോക്ടർ റാണി സൂസൻ എബ്രഹാം പറയുന്നു. വ്യത്യസ്തമായ ജീവിതരീതിയും ഒറ്റയ്ക്കുള്ള താമസവും പലരും ഈ ക്രൈസിസിൽ വീഴാൻ ഇടയാക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2023/07/rani.jpg)
"നാലു പ്രധാന കാര്യങ്ങളാണ് 'ക്വാട്ടർ ലൈഫ് ക്രൈസിസിന്' കാരണമാകുന്നത്. ജോലി, ബന്ധങ്ങൾ, ജീവിതത്തിൽ സെറ്റിലാകുക, പിന്നെ ഇതിന്റെയെല്ലാം ഒരു ഓവറോൾ ഇഫക്റ്റും. മറ്റുള്ളവർക്കു തന്നിലുള്ള പ്രതീക്ഷ മീറ്റ് ചെയ്യപ്പെടുന്നുണ്ടോ എന്നതും ഒരു കാരണമാകാം. സ്കൂൾ കാലഘട്ടങ്ങളിലും മറ്റും വളരെ ആക്റ്റീവായ കുട്ടികളാണ് ഈ ക്രൈസിസ് ഏറ്റവുമധികം നേരിടുന്നതെന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഇപ്പോഴത്തെ ലോകവും ഒരു കാരണം തന്നെയാണ്. ചുറ്റുമുള്ള അവസരങ്ങൾ, സഹപ്രവർത്തകരുമായുള്ള മത്സരം, താനെടുക്കുന്ന തീരുമാനങ്ങൾ ശരിയാണോ എന്ന ചിന്ത അങ്ങനെ കാരണങ്ങൾ അനവധിയാണ്. താൻ ഇപ്പോൾ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന സ്വയം ചോദ്യംചെയ്യപ്പെടലാണ് (സെൽഫ് ക്വസ്റ്റ്യനിങ്ങ്) അവിടെ നടക്കുന്നത്," റാണി പറയുന്നു.
കൃത്യമായ ഐഡന്റിഫൈ ചെയ്യേണ്ട ഒരു അവസ്ഥയാണിതെന്ന് ഡോ റാണിചൂണ്ടികാണിക്കുന്നു.
"നമ്മൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഈ ക്രൈസിസിന്റെ ഭാഗമാണോയെന്ന് തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ടത്. എല്ലാത്തിനോടും ഒരു വെപ്രാളം, ഒറ്റപ്പെട്ടു നിൽക്കുക, ആങ്സൈറ്റി, ഡിപ്രഷൻ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ ക്രൈസിസിനെ തുടർന്നാണോ അല്ലെങ്കിൽ കെമിക്കൽ ഇമ്പാലൻസിന്റെ ഭാഗമാണോയെന്ന് ആദ്യം തിരിച്ചറിയണം. അതിനു ശേഷം നിങ്ങൾക്കൊരു വിദഗ്ധനെ സമീപിക്കാം. സഹായം തേടുകയെന്നതും പ്രധാനമാണ്. ഒരു വർഷത്തിൽ കൂടുതലായി ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ തീർച്ചയായും ഹെൽപ്പ് തേടുക. നിങ്ങളുടെ പ്രശ്നത്തിന്റെ കാരണം അനുസരിച്ചായിരിക്കും വിദഗ്ധർ അതിനുള്ള പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുക. തെറാപ്പി, കോച്ചിങ്ങ്, മെന്ററിങ്ങ് എന്നിവയൊക്കെ ഈ മാർഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്."
'സിങ്കിൾ പസങ്കകളുടെ സങ്കടം,' 'വിവാഹ വീട്ടിൽ പോകാൻ മടിക്കുന്ന ചെറുപ്പക്കാർ,' 'സുഹൃത്തിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി കണ്ട് അസൂയപ്പെടുന്ന ചങ്ക്' തുടങ്ങിയ ട്രോളുകൾ പലവിധത്തിൽ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നുണ്ട്. എന്നാൽ ഇതിനൊരു മറു വശവുമുണ്ട്. കേവലം ട്രോളുകളിലൂടെ മാത്രം കൈകാര്യം ചെയ്യേണ്ട വിഷയമാണോ ഇതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
മിഡ് ലൈഫ് ക്രൈസിസ് എന്ന അവസ്ഥ പോലെ തന്നെ വളരെ കരുതലോടെ കൈകാര്യം ചെയ്യപ്പെടേണ്ട വിഷയമാണ് ക്വാട്ടർ ലൈഫ് ക്രൈസിസും. ട്രോളുകളിലൂടെ മാത്രമല്ല ഈ ക്രൈസിസ് ചൂണികാണിക്കപ്പെടേണ്ടത് മറിച്ച് വളരെ ഗൗരവത്തോടെയുള്ള ചർച്ചകളും അനിവാര്യമാണെന്നാണ് എഴുത്തുകാരനും ആർ ജെയുമായ ജോസഫ് അന്നംകുട്ടി ജോസും പറയുന്നത്.
/indian-express-malayalam/media/media_files/uploads/2023/07/joseph-annamkutty.jpg)
"കല്യാണം എന്ന വിഷയത്തിലാണ് ഞാൻ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. കരിയറിൽ വച്ച് നോക്കിയാൽ എനിക്കു ശരിയെന്ന് തോന്നിയ തീരുമാനങ്ങൾ ഞാൻ കൃത്യമായി എടുത്തിട്ടുണ്ട്. എന്നെ സംബന്ധിച്ച് സെറ്റിലാവുക എന്നത് അവനവന്റെ ഇടം കണ്ടെത്തുക എന്ന് മാത്രമാണ്. ഇനി വരാനിരിക്കുന്ന ഒരു തലമുറ അവരുടെ കുട്ടികളിലേക്ക് ഈ പുഷ് നൽകില്ലെന്നത് എനിക്കുറപ്പാണ്. ഇപ്പോൾ മുപ്പതുകളിലുള്ള ആളുകൾ ഇതിനെയെല്ലാം കുറിച്ച് അറിവുള്ളവരാണ്. കാരണം, അവർക്ക് അവരുടെ വിസ്ഡം ലഭിച്ചിട്ടുണ്ട്."
ജനപ്രിയ ഇന്ത്യൻ റൊമാന്റിക് കോമഡി സ്ട്രീമിംഗ് സീരീസായ'ലിറ്റിൽ തിങ്സി'ൽ ഒരു രംഗമുണ്ട്. കാവ്യ തന്റെ പങ്കാളിയായിട്ടുള്ള ധ്രുവിനോട് പറയുകയാണ്, "പണ്ട് ഞാൻ സ്ക്കൂളിൽ എല്ലാത്തിനും വളരെ ആക്റ്റീവായിരുന്നു പക്ഷെ ഇപ്പോഴത്തെ ഞാൻ അങ്ങനെയല്ല. ഇങ്ങനെ കംഫർട്ടമ്പിളായിരിക്കാനാണ് എനിക്കിഷ്ടം. ഞാൻ അങ്ങനെയായി പോയി," എന്ന്.
ഒന്നു ചോദിക്കട്ടെ, അങ്ങനെ കംഫർട്ടമ്പിളായിരിക്കുന്നതിൽ എന്താണ് പ്രശ്നം?ആളുകൾ അവരുടെ സമാധാനത്തിന്റെ തുരുത്തുകൾ കണ്ടെത്തുന്നതിൽ എന്താണ് പ്രശ്നം?എന്തിനാണ് ആ ഫ്രെയിമിനകത്തേക്ക് ചെറുപ്പക്കാർ വരണമെന്ന് സമൂഹത്തിനിത്ര നിർബന്ധം?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.