സുരക്ഷിതമായ ലൈംഗിക ബന്ധങ്ങള്‍ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ട്രസെപ്റ്റീവ് മാര്‍ക്കറ്റില്‍ കോണ്ടം അവതരിപ്പിച്ചിട്ടുള്ളത്. എന്നാല്‍ സുരക്ഷിതത്വം മാത്രമല്ല, ഉഭയസമ്മതവും പ്രധാനമാണെന്ന സന്ദേശമാണ് അര്‍ജന്റീനിയന്‍ സെക്‌സ് ടോയ് നിര്‍മ്മാണ കമ്പനിയായ തുലിപന്‍ കമ്പനി പുറത്തിറക്കിയ കണ്‍സെന്റ് കോണ്ടം നല്‍കുന്നത്.

രണ്ടു വ്യക്തികള്‍ ചേര്‍ന്ന് നാല് കൈകള്‍ ഉപയോഗിച്ച് ഒന്നിച്ചു പ്രെസ്സ് ചെയ്താല്‍ മാത്രമേ ഈ പായ്ക്കറ്റ് തുറക്കാന്‍ സാധിക്കൂ. പരസ്പര സമ്മതത്തിന്റേയും തുല്യതയുടേയും സന്ദേശമാണ് ഇത് നല്‍കുന്നത്.

പായ്ക്കറ്റിന്റെ പുറത്തെഴുതിയെ വാചകം ഏറെ ശ്രദ്ധേയമാണ്.
‘ഇഫ് ഇറ്റ്‌സ് നോട്ട് എ യെസ്, ഇറ്റ്‌സ് എ നോ,’ അതെ. അതൊരു യെസ് അല്ലെങ്കില്‍, തീര്‍ച്ചയായും നോ തന്നെയാണ്.

ഈ വര്‍ഷം ഉത്പന്നം വിപണിയില്‍ എത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. കണ്‍സെന്റ് കോണ്ടത്തിന്റെ പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയ്യടിയാണ്.

‘തുലിപന്‍ എപ്പോഴും സുരക്ഷിതമായ ആനന്ദത്തെ കുറിച്ചാണ് സംസാരിച്ചിട്ടുള്ളത്. എന്നാല്‍ ഈ പ്രചരണത്തില്‍ ഞങ്ങള്‍ക്ക് മനസിലായി ലൈംഗിക ബന്ധത്തിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു വശത്തെ കുറിച്ച് സംസാരിക്കണം എന്ന്. പരസ്പര സമ്മതത്തോടുള്ള ബന്ധങ്ങള്‍ മാത്രമേ ആനന്ദം പ്രദാനം ചെയ്യുകയുള്ളൂ,’ നിര്‍മ്മാതാക്കള്‍ പറയുന്നു.

ലോകത്തെ അടിമുടി ഇളക്കി മറിച്ച മീടൂ മൂവ്‌മെന്റിന് ശേഷമാണ് കണ്‍സെന്റ് കോണ്ടങ്ങളുടെ വരവ്. ഇതോടെ ജില്ലറ്റ് ഉള്‍പ്പെടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ പോലും ജെന്റര്‍ സെന്‍സിറ്റീവ് ആയ സന്ദേശങ്ങള്‍ കൊണ്ടു വരാന്‍ ഇടയാക്കിയിട്ടുണ്ട്.

Read Here: ആദ്യ രാത്രി ഷൂട്ട് ചെയ്യണം, വീഡിയോഗ്രാഫറെ തിരഞ്ഞ് വധൂവരന്മാർ, പ്രതിഫലം 1,79,687 രൂപ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Malayalam Lifestyle News by following us on Twitter and Facebook