ബുധനാഴ്ചയായിരുന്നു ‘പൊന്നിയിൻ സെൽവൻ’ രണ്ടാം ഭാഗത്തിന്റെ ഓഡിയോ ലോഞ്ച്. ചിത്രത്തിലെ താരങ്ങളെല്ലാം റോയൽ ലുക്കിലാണ് ചടങ്ങിനെത്തിയത്. ‘പൊന്നിയിൻ സെൽവൻ’ ചിത്രത്തിന്റെ പ്രമോഷൻ സമയത്തും മറ്റ് ചടങ്ങുകൾക്കും അഭിനേതാക്കളെല്ലാവരും അണിഞ്ഞത് റോയൽ ലുക്ക് നൽകുന്ന വസ്ത്രങ്ങളാണ്. പിരീഡ് ഡ്രാമ ചിത്രമായതു കൊണ്ടാകാം താരങ്ങൾ അത്തരത്തിലുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത്.
ലോഞ്ചിനെത്തിയ തൃഷയുടെ ലുക്കാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഡാർക്ക് ബ്ലൂ ഷെയ്ഡിലുള്ള സാരിയാണ് താരം അണിഞ്ഞത്. വൈറ്റ് സ്റ്റോൺസ് നിറഞ്ഞ ഡിസൈനർ സാരി ഒരുക്കിയത് ഗീതിക കനുമില്ലി എന്ന ഡിസൈനറാണ്. ലോങ്ങ് സ്ലീവ് ജാക്കറ്റിൽ കോർസറ്റ് പാറ്റേണാണ് നൽകിയിരിക്കുന്നത്. 1,30,000 രൂപയാണ് സാരിയുടെ വില. സാരിയ്ക്കിണങ്ങുന്ന രീതിയിലുള്ള സ്റ്റോൺ വർക്കുകൾ നിറഞ്ഞ ചോക്കറും കമ്മലുമാണ് ആഭരണങ്ങളായി സ്റ്റൈൽ ചെയ്തിരിക്കുന്നത്.
ആദ്യ ഭാഗത്തിന്റെ പ്രമോഷൻ സമയത്ത് തൃഷ ധരിച്ച എത്നിക്ക് വസ്ത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം ചിത്രമായ പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ഏപ്രിൽ 28 ന് റിലീസിനെത്തുകയാണ്. ചിത്രത്തിൽ കുന്ദവൈ എന്ന കഥാപാത്രത്തെയാണ് തൃഷ അവതരിപ്പിക്കുന്നത്.