പതിനാലു വർഷത്തെ ഇടവേളയ്ക്കു ശേഷം വിജയ്- തൃഷ ജോഡികൾ ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ലിയോ’. വെള്ളിയാഴ്ച വൈകുന്നേരം പുറത്തുവിട്ട് പ്രമോ വീഡിയോയിലൂടെയാണ് ചിത്രത്തിന്റെ പേര് ലിയോ എന്നാണെന്ന് അണിയറപ്രവർത്തകർ അറിയിച്ചത്.ചിത്രത്തിന്റെ പൂജയ്‌ക്കെത്തിയപ്പോൾ തൃഷ അണിഞ്ഞ സാരിയെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
ഗോൾഡൻ നിറത്തിലുള്ള സാരി അണിഞ്ഞ് റോയൽ ലുക്കിലാണ് തൃഷ എത്തിയത്. ദക്ഷിണം സാരിസാണ് ഈ ബനാറസി സാരി തൃഷയ്ക്കായി ഒരുക്കിയത്.കൈകൾ കൊണ്ട് നെയ്തെടുത്ത സാരിയിൽ നൂൽ ഉപയോഗിച്ചുള്ള വർക്കുകളുമുണ്ട്. 22,800 രൂപയാണ് സാരിയുടെ വില. പേൾ, സ്റ്റോൺ എന്നിവ കൊണ്ടുള്ള ആഭരണങ്ങളാണ് സാരിയ്‌ക്കൊപ്പം താരം സ്റ്റൈൽ ചെയ്‌തിരിക്കുന്നത്.
തൃഷ തന്റെ പ്രൊഫൈലിലൂടെ വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. “നിങ്ങൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ചിത്രമിതാ” എന്നാണ് തൃഷ കുറിച്ചത്. ഗോൾഡൻ പെയർ എന്നാണ് കമന്റ് ബോക്‌സിൽ ആരാധകർ വിശേഷിപ്പിച്ചിരിക്കുന്നത്.
ഗില്ലി, കുരുവി, തിരുപാച്ചി, ആതി എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഗില്ലി, തിരുപാച്ചി എന്നീ ചിത്രങ്ങൾ വിജയ് എന്ന നടനെ സൂപ്പർസ്റ്റാർ പദവിയിലേക്കെത്തിച്ചു. ലോകേഷ് കനകരാജാണ് ലിയോ സംവിധാനം ചെയ്യുന്നത്.സഞ്ജയ് ദത്ത്, അർജുൻ സർജ, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ, മാത്യൂ തോമസ്, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്.